തിരുവനന്തപുരം: സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎമാരായ മുകേഷ്, എം.എം. മണി, എ.എൻ. ഷംസീർ തുടങ്ങിയവർക്ക് ഇത്തവണ സീറ്റില്ല. ഞായറാഴ്ച 81 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചത്. ഇതിൽ ആറുപേർ സിപിഎം സ്വതന്ത്രരാണ്. ആകെ 86 സീറ്റുകളിലാണ് സിപിഎം ഇത്തവണ മത്സരിക്കുന്നത്. ഇതിൽ പാലക്കാട് ഉൾപ്പെടെ ബാക്കിയുള്ള അഞ്ചു സീറ്റുകളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും.

To advertise here,

കൊല്ലത്ത് സിറ്റിങ് എംഎൽഎയായ മുകേഷിന് പകരം എസ്. ജയമോഹനാണ് സിപിഎമ്മിന്റെ സ്ഥാനാർഥി. സിപിഎം കൊല്ലം ജില്ലാ ആക്ടിങ് സെക്രട്ടറിയാണ് ജയമോഹൻ. കൊല്ലത്ത് മുകേഷ് ഇത്തവണ മത്സരിക്കില്ലെന്ന് നേരത്തേ  ഉറപ്പായിരുന്നു. ജയമോഹനുവേണ്ടി  ചുവരെഴുത്തടക്കമുള്ള പ്രചാരണപരിപാടികളും സിപിഎം ആരംഭിച്ചിരുന്നു. 2021-ൽ യുഡിഎഫ് സ്ഥാനാർഥിയായ ബിന്ദുകൃഷ്ണയെ 2072 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് മുകേഷ് കൊല്ലത്തു നിന്ന് നിയമസഭയിലെത്തിയത്.

രണ്ടു തവണ തലശ്ശേരിയിൽ നിന്ന് എംഎൽഎയായ എ.എൻ. ഷംസീറും ഇത്തവണ സീറ്റില്ല. 2016-ലും 2021-ലും തലശ്ശേരിയിൽ നിന്ന് നിയമസഭയിലെത്തിയ എ.എൻ. ഷംസീർ, 2021 മുതൽ നിയമസഭ സ്പീക്കറുമാണ്. എന്നാൽ, ഇത്തവണ കാരായി രാജനാണ് തലശ്ശേരിയിൽ സിപിഎം സ്ഥാനാർഥി. ഉടുമ്പൻചോലയിലെ സിറ്റിങ് എംഎൽഎയായ എം.എം. മണിയും ഇത്തവണ മത്സരിക്കുന്നില്ല. 2016-ലും 2021-ലും ഉടുമ്പൻചോലയിൽനിന്ന് തുടർച്ചയായി എംഎം മണി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണ മുൻ എംഎൽഎയായ കെ.കെ. ജയചന്ദ്രനെയാണ് സിപിഎം ഉടുമ്പൻചോലയിൽ മത്സരിപ്പിക്കുന്നത്. 2001 മുതൽ 2011 വരെ ഉടുമ്പൻചോലയിൽനിന്ന് എംഎൽഎയായ സിപിഎം നേതാവാണ് കെ.കെ. ജയചന്ദ്രൻ. എം.എം. മണിയുടെ ഒഴിവിൽ ഇടുക്കി ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇത്തവണ മത്സരരംഗത്തില്ല. എം.വി. ഗോവിന്ദൻ പ്രതിനിധീകരിച്ചിരുന്ന തളിപ്പറമ്പിൽ അദ്ദേഹത്തിന്റെ ഭാര്യയും ആന്തൂർ മുൻ നഗരസഭാധ്യക്ഷയുമായ പി.കെ. ശ്യാമളയാണ് ഇത്തവണ സിപിഎം സ്ഥാനാർഥി. പൊന്നാനിയിലെ സിറ്റിങ് എംഎൽഎ പി. നന്ദകുമാർ, ആലത്തൂരിലെ സിറ്റിങ് എംഎൽഎ കെ.ഡി. പ്രസന്നൻ തുടങ്ങിയവർക്കും ഇത്തവണ പാർട്ടി സീറ്റ് നൽകിയില്ല. പൊന്നാനിയിൽ എം.കെ. സക്കീറും ആലത്തൂരിൽ ടി.എം. ശശിയുമാണ് സിപിഎം സ്ഥാനാർഥികൾ.

 കെ.കെ.ശൈലജ ഇക്കുറി മട്ടന്നൂരിൽ നിന്ന് പേരാവൂരിലേയ്ക്ക് മാറി. ഇവിടെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫാണ് എതിരാളി.വി.കെ.സനോജാണ് മട്ടന്നൂരിൽ സി.പി.എം സ്ഥാനാർഥി.