
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലും ഹോസ്റ്റലിലും രണ്ടാഴ്ച മുൻപ് നടന്ന രൂക്ഷമായ സംഘർഷത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസവകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. അമിതമായി മദ്യവും മയക്കുമരുന്നും ഉപയോഗിച്ചവരാണ് സംഘർഷമുണ്ടാക്കിയതെന്ന സൂചനയെത്തുടർന്നാണ് നടപടി.
കൂടാതെ ഹോസ്റ്റലുകളിൽ അനധികൃതമായി താമസിക്കുന്ന വിദ്യാർഥികളെ ഒഴിപ്പിക്കാൻ ഹോസ്റ്റൽ വാർഡൻമാർക്ക് നിർദേശം നൽകുകയും ചെയ്തു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, സിറ്റി പോലീസ് കമ്മിഷണർ, ജില്ലാ കളക്ടർ എന്നിവരടങ്ങുന്നതാണ് അന്വേഷണസംഘം. അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം നൽകണം.
സെപ്റ്റംബർ 30-നാണ് യൂണിവേഴ്സിറ്റി കോളേജ് പരിസരത്തും ഹോസ്റ്റലിലുമായി വൻസംഘർഷമുണ്ടായത്. പകൽ നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനിടെ എസ്.എഫ്.ഐ. പ്രവർത്തകരുമായുണ്ടായ സംഘർഷം രാത്രി പാളയത്ത് തെരുവുയുദ്ധമായി മാറുകയായിരുന്നു.
യൂണിവേഴ്സിറ്റി കോളേജിനും യൂണിവേഴ്സിറ്റി ഹോസ്റ്റലിനും മുന്നിൽ എസ്.എഫ്.ഐ.-യൂത്ത് കോൺഗ്രസ്-കെ.എസ്.യു. പ്രവർത്തകർ ഏറ്റുമുട്ടിയതോടെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഹോസ്റ്റലിനുള്ളിൽനിന്നു കല്ലും കുപ്പിയും എറിഞ്ഞതായി ആരോപിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റലിൽ എത്തുകയും സംഘർഷം രൂക്ഷമാകുകയും ചെയ്തു.
ഹോസ്റ്റലുകളിലെ മുറികൾ അക്രമവാസനയുള്ള ചില വിദ്യാർഥികൾ തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത വിദ്യാർഥികളെ പീഡിപ്പിക്കാൻ ഇടിമുറികളാക്കി ഉപയോഗിക്കുന്നുണ്ടെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഇതുസംബന്ധിച്ച് നിയമസഭയിൽ എം.എൽ.എ.മാരായ സജീവ് ജോസഫ്, റോയി കെ. പൗലോസ്, പഴകുളം മധു, റോണി കെ. ബേബി എന്നിവരുടെ ചോദ്യത്തിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ മറുപടി നൽകി.
ചില ഹോസ്റ്റലുകളിൽ വിദ്യാർഥികൾ അഡ്മിഷനെടുക്കാതെ താമസിക്കുന്നുണ്ടെന്ന വാർഡൻമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം അനധികൃത താമസക്കാരെ ഒഴിപ്പിക്കാൻ നിർദേശം നൽകിയത്. പൂർവവിദ്യാർഥികളും സാമൂഹികവിരുദ്ധരും ഹോസ്റ്റലുകളിൽ സ്ഥിരമായി താമസിക്കുകയും അക്രമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെട്ട, റാഗിങ് തടയനുള്ള ‘സിദ്ധാർഥൻ സ്റ്റുഡന്റ് ഡിസ്മസ് ആപ്പ്’, വിദ്യാർഥി ക്ഷേമത്തിനായുള്ള ‘സിദ്ധാർഥൻ ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫയർ ആക്ട്’ എന്നിവ നടപ്പിലാക്കാനുള്ള കരട് നയം രൂപവത്കരിക്കാനുള്ള ഉന്നതവിദ്യാഭ്യാസ സമിതിയുടെ പ്രവർത്തനങ്ങൾ നടക്കുകയാണ്.
Content Highlights: A three-member committee has been appointed by the Higher Education Department to investigate a violent clash at University College and hostel, suspected to be fueled by alcohol and drug use, with a report due in two weeks. Hostel wardens have been instructed to evict unauthorized students, following reports of illegal stays and allegations of hostels being used for harassment by certain students.
Published: 17 Oct 2026, 07:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented