
തിരുവനന്തപുരം: വിമോചനസമരകാലത്തെ ഓർമ്മിപ്പിച്ച് സർക്കാരിന് സംരക്ഷണം തീർക്കാൻ സി.പി.എം. രംഗത്തിറങ്ങുന്നു. മാസങ്ങൾക്ക് മുൻപുവരെ അനുകൂല പ്രസ്താവനകളിലൂടെ മുസ്‌ലിം ലീഗിനെ ഒപ്പംകൂട്ടാനും ന്യൂനപക്ഷ ആഭിമുഖ്യത്തിനും ശ്രമിച്ചുവന്ന സി.പി.എം. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയത ഒരുപോലെ ആപത്താണെന്ന് ആവർത്തിച്ച് ലൈൻമാറ്റം പ്രഖ്യാപിക്കുകയാണ്.
ലീഗും എസ്.ഡി.പി.ഐ.യും ജമാ അത്തെ ഇസ്‌ലാമിയും ചേർന്ന് ന്യൂനപക്ഷങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നാണ് സി.പി.എമ്മിന്റെ കുറ്റപ്പെടുത്തൽ. ന്യൂനപക്ഷപ്രീണനനയം വിജയിച്ചില്ലെന്ന തിരിച്ചറിവാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം മേഖലയിലെ വോട്ടുനഷ്ടത്തിൽനിന്ന് സി.പി.എമ്മിനുണ്ടായത്. എല്ലാ വേദികളിലും പൗരത്വനിയമപ്രശ്നം ഉന്നയിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം പരമ്പരാഗതമായി കിട്ടിയിരുന്ന ഭൂരിപക്ഷവോട്ടുകളിലും കുറവുവരുത്തിയെന്ന വിമർശനം പാർട്ടിയിലുയർന്നു, പ്രത്യേകിച്ചും ഈഴവവിഭാഗത്തിൽനിന്ന്.
മത, വർഗീയ രാഷ്ട്രീയത്തിനെതിരേ മുഖ്യമന്ത്രി വിട്ടുവീഴ്ചയില്ലാത്ത സമീപനമെടുക്കുന്നതാണ് സർക്കാരിനും പാർട്ടിക്കുമെതിരേ കടന്നാക്രമണം കടുക്കുന്നതെന്നാണ് ഇപ്പോൾ പാർട്ടിയുടെ വിശദീകരണം. ഭൂരിപക്ഷ, ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കുള്ള സന്ദേശമായും നയംമാറ്റത്തെ വിലയിരുത്താം. ചേരാത്ത കക്ഷികൾചേർന്ന് വിമോചനസമരത്തിനു സമാനമായ അന്തരീക്ഷമെന്ന വ്യാഖ്യാനം പൊതുസമൂഹത്തിൽ എത്ര വിലപ്പോകുമെന്ന സംശയമുണ്ടെങ്കിലും പാർട്ടി കേഡറുകളെ രംഗത്തിറക്കാൻ വൈകാരികമായ ഈ മുദ്രാവാക്യത്തിനാകുമെന്നാണ് നേതൃത്വത്തിന്റെ വിശ്വാസം.
തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി സി.പി.എം. അംഗീകരിച്ച നയരേഖയിൽ പറയുന്നത്
- ലീഗിന്റെ മേൽകൈ തകർക്കണം: മുസ്‌ലിം സമൂഹത്തിനകത്തെ ലീഗിന്റെ മേധാവിത്വം തകർക്കുകയെന്നത് മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനമുറപ്പിക്കുന്നതിന് പ്രധാനമാണ്. സമുദായത്തിലെ പാവപ്പെട്ടവർക്ക് ലീഗ് എതിരാണെന്നും ന്യൂനപക്ഷ ധ്വംസകരുമായിച്ചേർന്ന് പ്രവർത്തിക്കുന്ന നിലപാടാണെന്നും തുറന്നുകാണിക്കണം.
- അടിസ്ഥാനവർഗങ്ങളെ ജാതീയമായി അകറ്റുന്നു: പാർട്ടിയുടെ ബഹുജനാടിത്തറയായ അടിസ്ഥാനവർഗങ്ങളെ ജാതീയമായി അകറ്റാനുള്ള പരിശ്രമം നടക്കുന്നു. സാമുദായികാടിസ്ഥാനത്തിൽ യുവജന, മഹിളാ സംഘടനകളും മറ്റു വർഗസംഘടനകളും ശക്തിപ്പെടുകയാണ്.
- ബി.ജെ.പി.യുടെ ക്രൈസ്തവ ഇടപെടലുകൾ പ്രതിരോധിക്കണം: കേരളത്തിൽ ക്രിസ്ത്യൻവിഭാഗത്തെ കൂടെനിർത്താൻ സംഘപരിവാർ പരിശ്രമിക്കുകയാണ്. ഇത് പ്രതിരോധിക്കേണ്ടതുണ്ട്.
Content Highlights: CPM in Kerala is adopting a new strategy, targetting Muslim League
Published: 06 Oct 2024, 06:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented