
കാഞ്ഞങ്ങാട്: ഒരിക്കലും കൈയിൽനിന്ന് വിട്ടുപോകാതിരുന്ന തൃക്കരിപ്പൂരും ഉറച്ചകോട്ടയെന്ന് വിശേഷിപ്പിക്കുന്ന ഉദുമയും നഷ്ടമായതിന്റെ ഞെട്ടലിൽനിന്നുണർന്ന്, സി.പി.എം. പ്രവർത്തകർ ജില്ലാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യമുയർത്തിത്തുടങ്ങി. ’എന്തുകൊണ്ടാണ് ഉദുമയിലും തൃക്കരിപ്പൂരിലും തോറ്റത്.
തളിപ്പറമ്പിന്റെയും പയ്യന്നൂരിന്റെയും കാര്യം പറയേണ്ട. അവിടെ പാർട്ടിക്ക് സീറ്റ് നഷ്ടപ്പെടാൻ തക്കതായ കാരണങ്ങളുണ്ട്. കേരളത്തിലെ ആകെ ട്രെൻഡിന്റെ കാര്യവും പറയേണ്ട. അങ്ങനെയെങ്കിൽ തലശ്ശേരിയിലും ധർമടത്തും കല്യാശ്ശേരിയിലും അഴീക്കോട്ടും മട്ടന്നൂരിലും കൂത്തുപറമ്പുമൊന്നും കിട്ടില്ലായിരുന്നല്ലോ. കണ്ണൂർ ജില്ലയിലെ ഈ മണ്ഡലങ്ങളിലെ പാർട്ടിക്കരുത്ത് അതുപോലെയോ അതിനേക്കാൾ അധികമോ ആണ് തൃക്കരിപ്പൂരിലും ഉദുമയിലും. എന്നിട്ടും എന്തുകൊണ്ട് തോറ്റു’- കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചും ചോദ്യങ്ങളിലേക്ക് അക്കമിട്ടും പ്രവർത്തകരും താഴെത്തട്ടിലെ നേതാക്കളും ജില്ലാ നേതാക്കളോട് ചോദ്യങ്ങൾ ഉയർത്തുന്നു.
പാർട്ടി ബ്രാഞ്ച് യോഗങ്ങളോ ലോക്കൽ, ഏരിയാ കമ്മിറ്റി യോഗങ്ങളോ ഒന്നും നടക്കുന്നതിന് മുൻപേതന്നെ ഇത്തരം ചോദ്യങ്ങൾ പരസ്യമായി ഉയർത്തുന്നതും ഇതാദ്യം. മടിക്കൈ, കയ്യൂർ തുടങ്ങി പാർട്ടിയുടെ എക്കാലത്തെയും കരുത്തുറ്റ ഗ്രാമങ്ങളിൽനിന്നടക്കം നേതാക്കളെ ഫോണിൽ വിളിച്ചും നേരിൽ കാണുമ്പോഴും സാധാരണ പ്രവർത്തകർ ഇക്കാര്യം തുറന്നുചോദിക്കുന്നു. പാർട്ടി വേദികളിലാണ് ചോദ്യമുന്നയിക്കേണ്ടതെന്നും മറുപടി അവിടെയുണ്ടാകുമെന്നും പറഞ്ഞ് കൈയൊഴിയാൻ ശ്രമിക്കുന്നു ലോക്കൽ കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്‌മോഹൻ ഉണ്ണിത്താന് കിട്ടിയ വോട്ടുകണക്കിൽ ഇടതുപക്ഷത്തിന് ആധിപത്യമുള്ളിടത്തുനിന്നെല്ലാം വോട്ട് ചോർന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും പലയിടത്തും അതിൽനിന്ന് വ്യത്യാസവുമുണ്ടായിട്ടില്ല. അപ്പോഴൊക്കെ പാർട്ടി നേതൃത്വം പറഞ്ഞിരുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇങ്ങനെയായിരിക്കില്ലെന്നും അവിടെ പാർട്ടിചിഹ്നത്തിലേ എല്ലാവരും വോട്ട് ചെയ്യൂവെന്നുമാണ്. പാർട്ടി നേതൃത്വത്തിന്റെ ഈ മറുപടി പ്രവർത്തകർ വിശ്വസിച്ചത് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അനുഭവംവച്ചാണ്.
അന്ന് ഇടതുപക്ഷത്തിന് ആധിപത്യമുള്ളിടത്തുനിന്ന് യു.ഡി.എഫിന് ചോർന്ന വോട്ട്, പിന്നീട് വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരുന്നില്ല. ആ വിശ്വാസത്തെയും തകർക്കുന്നതാണ് ഇത്തവണത്തെ യു.ഡി.എഫ്. വിജയം. സി.പി.എം. ആധിപത്യ കേന്ദ്രങ്ങളിൽനിന്നെല്ലാം പ്രതീക്ഷച്ചത്രയും വോട്ട് കിട്ടാതെ വന്നപ്പോൾ, ജില്ലാ നേതൃത്വത്തിനുപോലും അമ്പരപ്പുണ്ടായിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിൽ പാകപ്പിഴയുണ്ടോ, സംഘടനാ പ്രവർത്തനത്തിൽ പാളിച്ചയുണ്ടോ, പ്രവർത്തകരിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നോ, ഇത് കണ്ടെത്താൻ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞില്ലേ തുടങ്ങിയ ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട് പ്രവർത്തകർ. സി.പി.എം. പ്രവർത്തകരോ അനുഭാവികളോ മാത്രമുള്ള ഗ്രൂപ്പുകളിൽ അഡ്മിൻമാർ വിലക്കിയിട്ടുപോലും ജില്ലാ നേതൃത്വത്തിനെതിരേ പോസ്റ്റുകളിടുന്നു. പ്രാദേശിക നേതാക്കൾ പരസ്പരം വാട്‌സാപ്പിൽ പങ്കുവെക്കുന്ന ഇലക്ഷൻ വിഷയത്തിലും പ്രതിക്കൂട്ടിലാക്കുന്നത് ജില്ലാ നേതൃത്വത്തെ തന്നെയാണ്.
സംസ്ഥാന സെക്രട്ടറിക്കെതിരെയും ചില പോസ്റ്റുകൾ
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും സി.പി.എം. ഗ്രാമങ്ങളിൽ പ്രതിഷേധ സ്വരമുയരുന്നു. പാർട്ടിയുടെ സജീവ പ്രവർത്തകർ പരസ്പരം പറയുന്നുണ്ടെങ്കിലും വിഷയത്തിൽ സാമൂഹികമാധ്യമങ്ങളെ കൂട്ടുപിടിക്കുന്നില്ല. എന്നാൽ അനുഭാവികൾ അങ്ങനെയല്ല, തളിപ്പറമ്പിലെയും പയ്യന്നൂരിലെയും അമ്പലപ്പുഴയിലെയും പരാജയത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടറിക്കുണ്ടെന്ന ആക്ഷേപമാണുയർത്തുന്നത്. അവർ സാമൂഹിക മാധ്യമങ്ങളിൽ പരോക്ഷമായുള്ള പോസ്റ്റുകളിടുന്നു. ചില പോസ്റ്റുകൾക്ക് താഴെ സംസ്ഥാന നേതൃത്വത്തിനെതിരെ കമന്റുകളുമിടുന്നു.
തൃക്കരിപ്പൂരിലെ ഫലം വന്നപ്പോൾ തളർന്നുപോയെന്നാണ് ഒരു ജില്ലാ നേതാവ് സംസ്ഥാനത്തെ മറ്റൊരു നേതാവിനോട് പറഞ്ഞത്. സജീവ പാർട്ടിപ്രവർത്തകനായ ഒരാൾ വാട്‌സാപ്പിലിട്ട കമന്റ് ഇങ്ങനെ: ’രൂപവത്കരിച്ചതുമുതൽ കൈവിട്ടുപോയിട്ടില്ലാത്ത ആ മണ്ഡലം പുറത്തുനിന്ന് വന്നയാൾ പിടിച്ചെടുത്തില്ലേ, സഹിക്കാൻ പറ്റുന്നില്ല.’
Content Highlights: CPM cadres are openly questioning the district leadership regarding the loss of traditional strongholds like Uduma and Trikaripur., The failure of the party to secure expected votes in historically strong regions despite previous assurances., Widespread dissatisfaction among grassroots workers regarding candidate selection and organizational failures., Growing criticism against the state secretary and district leadership on social media platforms., The 2026 election results have shattered the party's confidence, contrasting sharply with past electoral trends.
Published: 07 May 2026, 09:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented