പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ ദേവസ്വംബോർഡ് പ്രസിഡന്റായിരുന്ന എ.പദ്മകുമാറിനെതിരേ നടപടി വൈകിയത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചെന്ന് സി.പി.എം. വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനം. വിഷയം കത്തിനിന്ന സമയത്തെല്ലാം പദ്മകുമാറിനെ പാർട്ടി സംരക്ഷിക്കുന്നുവെന്ന വികാരമാണ് പൊതുസമൂഹത്തിലുണ്ടായത്. ഇത് പാർട്ടിയെക്കൂടി സംശയനിഴലിലാക്കിയെന്ന് വിമർശനമുയർന്നു.

To advertise here,

മൂന്നരമാസത്തോളം ജയിലിൽ കഴിഞ്ഞപ്പോഴും നടപടിയുണ്ടായില്ല. ഒടുവിൽ തിരഞ്ഞെടുപ്പ് തോൽവിക്കുശേഷമാണ് ജില്ലാ കമ്മിറ്റിയംഗമായിരുന്ന അദ്ദേഹത്തിനെതിരേ നടപടിയുണ്ടായത്. കൃത്യസമയത്ത് മാറ്റിനിർത്തിയിരുന്നെങ്കിൽ തിരഞ്ഞെടുപ്പിൽ ഇത്രവലിയ ആഘാതം ഉണ്ടാകില്ലായിരുന്നുവെന്ന് പ്രതിനിധികൾ വിമർശിച്ചു. അത് പത്തനംതിട്ടയിൽ മാത്രമല്ല, എല്ലായിടത്തും പാർട്ടിയുടെ പ്രകടനത്തെ ബാധിച്ചുവെന്നും വിമർശനമുണ്ടായി.

മുൻ മന്ത്രി വീണാജോർജും പാർട്ടിയിലെ നേതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസം ആറൻമുളയിൽ അവരുടെ കനത്ത തോൽവിയിലേക്ക് നയിച്ചെന്നും വിമർശനമുയർന്നു. വീണാ ജോർജിനെ വളഞ്ഞിട്ട് ചില മാധ്യമങ്ങൾ ആക്രമിച്ചപ്പോൾ പാർട്ടിക്ക് അതിനെ ചെറുക്കാനായില്ല. പാർട്ടിയുമായി ഒത്തുപോകുന്നതിൽ അവർക്കും വീഴ്ചയുണ്ടായി. തിരഞ്ഞെടുപ്പിനുശേഷം അവർ പാർട്ടിയിൽ സജീവമാകാത്തതും ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ചികിത്സയിലാണെങ്കിൽ അക്കാര്യം പാർട്ടിയിൽ കൃത്യമായി അറിയിക്കണമായിരുന്നു. അതു ചെയ്യാഞ്ഞതിനാൽ ദുർവ്യാഖ്യാനങ്ങളുണ്ടായെന്നും പ്രതിനിധികൾ വിമർശിച്ചു.

പിണറായി വിജയന്റെ മകൾക്കെതിരായ എക്‌സാലോജിക് കേസും വിമർശനവിധേയമായി. സി.എം.ആർ.എല്ലുമായി ഇടപാടുനടത്തുന്നതിൽ നിയമപരമായി തെറ്റില്ലെന്നു വാദിക്കാമെങ്കിലും ധാർമ്മികമായി ശരിയാണോ എന്ന ചോദ്യമുയർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പു പ്രചാരണത്തിന് കോന്നിയിലെത്തി പിണറായി വിജയൻ സദസ്സിലൊരാളോട് ‘വീട്ടിൽപ്പോയി ചോദിക്കാൻ’ പറഞ്ഞതും വിമർശിക്കപ്പെട്ടു. ഇത്തരം പ്രതികരണങ്ങൾ പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുമെന്ന് നേതാക്കൾ മനസ്സിലാക്കണം. മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളും 24 മണിക്കൂറും കണ്ണുതുറന്നിരിക്കുകയാണെന്ന ബോധ്യംവേണം. ഓരോ വാക്കും പ്രവൃത്തിയും ഓഡിറ്റ് ചെയ്യപ്പെടുമെന്ന് നേതൃത്വത്തിലുള്ളവർ മനസ്സിലാക്കണമെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

ജില്ലാ സെക്രട്ടറി രാജു എബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു. വിപുലീകൃത സമ്മേളനം ബുധനാഴ്ച വൈകീട്ട് റാലിയോടെ സമാപിക്കും. ജില്ലാ കമ്മിറ്റിയിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്തിയേക്കും. ജില്ലയിലെ പാർട്ടിയുടെ ഏക എം.എൽ.എ.യായ കെ.യു.ജനീഷ് കുമാറിനെ ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും കേൾക്കുന്നു.