തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സി.പി.എമ്മിന് അവകാശപ്പെട്ടതാണെന്നും അതു മാറ്റേണ്ട സാഹചര്യം ഇല്ലെന്നും പിണറായി വിജയൻ പറഞ്ഞത് ശരിയാണെന്ന് സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗവുമായ വി. ശിവൻകുട്ടി പ്രതികരിച്ചു.

To advertise here,

ഇക്കാര്യം പറയാനുള്ള അധികാരവും അവകാശവും പിണറായിക്കുണ്ടെന്നും സി.പി.ഐ.യുടേത് വെറും പിടിവാശി മാത്രമാണെന്നും സത്യൻ മൊകേരിയുടെ വിമർശനത്തിനുള്ള മറുപടിയായി ശിവൻകുട്ടി പറഞ്ഞു.

‘സ്ഥാനമാനങ്ങൾക്കപ്പുറം സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കണമെന്ന ധാരണ ലേഖനത്തിൽ കാണുന്നില്ല. മുൻപും സ്ഥാനമാനങ്ങൾക്കു വേണ്ടി കോൺഗ്രസിനൊപ്പം ചേർന്നതിന്റെ ചരിത്രംകൂടി സി.പി.ഐ.ക്കുണ്ടെന്നത് ഓർമ്മിക്കുന്നത് നന്നായിരിക്കും. ‌സി.പി.ഐ. ഈ ലേഖനത്തിലൂടെ രാഷ്ട്രീയമര്യാദ ലംഘിച്ചുവെന്ന് മാത്രമല്ല പ്രതിപക്ഷനേതാവിനെ വ്യക്തിപരമായി ആക്ഷേപിക്കുക കൂടി ചെയ്തിരിക്കുകയാണ്’ -ശിവൻകുട്ടി പറഞ്ഞു.

’എല്ലാം താനാണ് ’ എന്ന നിലപാട് മുന്നണിക്കു ചേർന്നതല്ല

: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള സി.പി.എം. -സി.പി.ഐ. തർക്കം രണ്ടാംഘട്ടത്തിലേക്ക് കടന്നു. ആ പദവിയിൽ സി.പി.എം. പ്രതിനിധി തന്നെയാകുമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പ്രഖ്യാപിച്ചതോടെയാണ്, വാശിയും വീര്യവുംകൂട്ടി സി.പി.ഐ. രംഗത്തുവരുന്നത്. സി.പി.എം. ജനറൽസെക്രട്ടറി എം.എ. ബേബിയോട്, ഈ രീതിയിൽ മുന്നോട്ടുപോകാനാകില്ലെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചുകഴിഞ്ഞു. സി.പി.ഐ.യുടെ ദേശീയനേതൃത്വവും പ്രശ്നത്തിൽ ഇടപെട്ടു. ഇതിനൊപ്പമാണ്, പിണറായി വിജയനെതിരേ അതിരൂക്ഷ വിമർശനവുമായി അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി പാർട്ടി മുഖപത്രമായ ജനയുഗത്തിൽ ലേഖനമെഴുതിയത്.

പിണറായി നടത്തിയ പ്രസ്താവന മുന്നണിമര്യാദയുടെ ലംഘനമാണ്. താൻ തീരുമാനിക്കും എല്ലാം താനാണ് എന്നഭാവം മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന് സഹായകരമല്ല. അത് ഒരു കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്നും സത്യൻമൊകേരി ലേഖനത്തിൽപ്പറയുന്നു.

സി.പി.ഐ. ആവശ്യം സംബന്ധിച്ച് ചർച്ച നടക്കുന്നതിനിടെയാണ് ഉപനേതാവിനെ നിശ്ചയിച്ച് സ്പീക്കർക്ക് കത്തുകൊടുക്കേണ്ടത് താനാണെന്ന്‌ പിണറായി പറഞ്ഞത്. ഇതൊരു രാഷ്ട്രീയവിഷയമാണ്. അതിൽ പ്രതിപക്ഷനേതാവിന് സ്വന്തംനിലയിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നും ലേഖനത്തിൽ പറയുന്നു.

എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വവുമായി ഇക്കാര്യം ചർച്ചചെയ്തതാണ്. മുന്നണി പ്രവർത്തനത്തിന് തടസ്സമാകരുതെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് എൽ.ഡി.എഫ്. യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യാതിരുന്നത്. ഇപ്പോൾ പിണറായി നടത്തിയ പ്രസ്താവന മുന്നണിയെ ദുർബലപ്പെടുത്താനാണെന്നും സത്യൻമൊകേരി വ്യക്തമാക്കുന്നു. കോടിയേരി ബാലകൃഷ്ണൻ സി.പി.എം. സംസ്ഥാനസെക്രട്ടറിയായിരിക്കെ സ്വീകരിച്ച സമീപനത്തെ അദ്ദേഹം പുകഴ്ത്തുകയുംചെയ്തു.

ബൾഗേറിയൻ കമ്യൂണിസ്റ്റ് നേതാവ് ജോർജ് ദിമിത്രോവിന്റെ ’യജമാന- ഭൃത്യ ബന്ധമല്ല മുന്നണി’ എന്ന പരാമർശം ഓർമ്മിപ്പിച്ചാണ് ലേഖനം അവസാനിക്കുന്നത്.