തിരുവനന്തപുരം:  തിരുവനന്തപുരം നഗരത്തില്‍ തിരക്കേറിയ സമയത്ത്‌ പൊതുവഴി മുടക്കി സി.പി.എമ്മിന്റെ ഏരിയ സമ്മേളനം. തിരുവനന്തപുരം വഞ്ചിയൂര്‍ ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചാണ് സി.പി.എം. പാളയം ഏരിയ സമ്മേളനത്തിന് വേദിയൊരുക്കിയിരിക്കുന്നത്. പാതയൊരങ്ങളില്‍ പോലും ഗതാഗതം തടസ്സപ്പെടുന്ന സമ്മേളനങ്ങള്‍ നടത്താന്‍ പാടില്ലെന്ന കോടതി വിധി നിലനില്‍ക്കെയാണ് ഏരിയ സമ്മേളനത്തിനായി വഴി അടച്ചിരിക്കുന്നത്. 

To advertise here,

വഞ്ചിയൂര്‍ കോടതിയുടെയും പോലീസ് സ്റ്റേഷന്റെയും തൊട്ടു മുന്‍പിലായാണ് പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന ഈ നിയമലംഘനം. രാവിലെയും വൈകിട്ടും വന്‍ തിരക്കാണ് ഈ റോഡിലുള്ളതത്. റോഡിലെ ഗതാഗതം നിയന്ത്രിക്കാനായി വ്യാഴാഴ്ച രാവിലെ മുതല്‍ അന്‍പതോളം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. എന്നാല്‍, വൈകുന്നേരമായതോടെ വന്‍ ഗതാഗത കുരുക്കാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്.

വൈകുന്നേരം അഞ്ചുമണിയോടെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നത്. സമ്മേളനത്തിന് ശേഷം നടുറോഡില്‍ ഒരുക്കിയിട്ടുള്ള ഈ വേദിയില്‍ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നടകവുമുണ്ടെന്നാണ് വിവരങ്ങള്‍. തമ്പാനൂരില്‍ നിന്ന് വഞ്ചിയൂരിലെ ജനറല്‍ ആശുപത്രിയിലേക്ക് പോകുന്ന പ്രധാന പാത കൂടിയാണിത്. റോഡിന്റെ ഒരു വശത്തുകൂടിയാണ് ഇപ്പോള്‍ രണ്ട് ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത്. അതുകൊണ്ടാണ് പ്രധാനമായും ഗതാഗത കുരുക്ക് ഉണ്ടാകുന്നത്. 

രാവിലെ മുതല്‍ തന്നെ വഴി തടഞ്ഞുള്ള വേദി ഒരുക്കുന്നതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പോലീസോ ബന്ധപ്പെട്ട അധികാരികളോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കോടതിയുടെയും പോലീസ് സ്‌റ്റേഷന്റെയും മുന്നിലാണ് ഇതെല്ലാം നടക്കുന്നത്‌.. ഗതാഗത കുരുക്ക് രൂക്ഷമായതോടെയാണ് പോലീസ് ഉള്‍പ്പെടെ നിയന്ത്രിക്കാന്‍ എത്തിയതെന്നാണ് വിമര്‍ശനം. 

എന്നാല്‍, റോഡില്‍ വേദിയൊരുക്കിയത് പോലീസിന്റെ അനുമതി വാങ്ങാതെയാണെന്നാണ് വിവരം. വേദിയൊരുക്കുന്നത് സംബന്ധിച്ച് വഞ്ചിയൂര്‍ പോലീസില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലും അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.