തിരുവനന്തപുരം: വഞ്ചിയൂര്‍ ജങ്ഷനില്‍ സി.പി.എം പാളയം ഏരിയ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിനായി റോഡ് ബ്ലോക്ക് ചെയ്ത് സ്റ്റേജ് ഒരുക്കിയത് ഏറെ വിവാദമായിരുന്നു. തിരക്കേറിയ ഈ റോഡിലെ ഗതാഗതം ഒരു വശത്തുകൂടി മാത്രം ആക്കിയതോടെ രാവിലെ മുതല്‍ പൊതുജനം വലഞ്ഞു. സംഭവം വിവാദമായതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയും സ്റ്റേജ് ഒരുക്കാന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു. ഗതാഗത തടസ്സം വിവാദമായതിന് പിന്നാലെ വഞ്ചിയൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗായത്രി ബാബു മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിക്കുന്നു. സി.പി.എം. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബുവിന്റെ മകള്‍ കൂടിയാണ് ഗായത്രി ബാബു. 

To advertise here,

ഇത് രണ്ടുവരി പാതയാണ്, അംബുലന്‍സുകള്‍ ചീറിപ്പാഞ്ഞാണ് പോയത്

സ്റ്റേജ് ഒരുക്കാന്‍ അനുമതി വാങ്ങിയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍, അനുമതി നല്‍കിയിട്ടില്ലെന്ന് പോലീസും പറയുന്നു. അതുകൊണ്ടുതന്നെ അനുമതി ലഭിച്ചിരുന്നോ എന്ന കാര്യം എനിക്ക് അറിയില്ല. ഞങ്ങള്‍ പെട്ടെന്ന് തീരുമാനിച്ചതല്ല ഈ പരിപാടി. അതിനാല്‍ അനുമതി വാങ്ങിയിട്ടുണ്ടാവും എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. റോഡ് സൈഡിലാണ് പന്തല്‍ കെട്ടുന്നതെന്ന് എന്നെ നേരത്തെ അറിയിച്ചിരുന്നു. പക്ഷേ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പൂര്‍ണമായി ശരിയല്ല. 

ഒരുവശത്തേയ്ക്കും പോകാന്‍ സാധിക്കുന്നില്ലെന്നും റോഡ് പൂര്‍ണമായും അടച്ചിരുന്നുവെന്നുമായിരുന്നു വാര്‍ത്തകള്‍. ഇത് ശരിയല്ല. ഇത് രണ്ടുവരി പാതയാണ്. ഒരുവശത്ത് മാത്രമാണ് പന്തല്‍ കെട്ടിയിരുന്നത്. മറ്റേ വശത്തെ റോഡില്‍ കൂടി വാഹനങ്ങള്‍ക്ക് പോകാന്‍ സാധിച്ചിരുന്നു. ആംബുലന്‍സ് ഒക്കെ ഗതാഗതക്കുരുക്കില്‍പ്പെട്ടു എന്നും മാധ്യമങ്ങള്‍ പറഞ്ഞു. ഇത് ശരിയല്ല. ഇങ്ങനെയൊരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ ഞാന്‍ ഈ റോഡിലൂടെ സഞ്ചരിച്ചു. അങ്ങനെയൊരു പ്രശ്‌നം ഇല്ലായിരുന്നു. ഞങ്ങള്‍ പോകുന്ന വഴിയില്‍ തന്നെ മൂന്ന് ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞ് പോകുന്നത് കണ്ടു. 

ജാഥയോ സമ്മേളനമോ നടക്കുമ്പോള്‍ ഗതാഗതതടസ്സം ആദ്യത്തെ സംഭവമല്ല

ഇത്തരത്തില്‍ ജാഥയോ പാര്‍ട്ടി ഏരിയ സമ്മേളനമോ നടക്കുമ്പോള്‍ ബ്ലോക്ക് ഉണ്ടാകുന്നത് ആദ്യത്തെ സംഭവമാണെന്ന് എനിക്ക് തോന്നുന്നില്ല. ഇത് സാധാരണ നടക്കുന്ന കാര്യം മാത്രമാണ്. സാധാരണ കാണുന്ന അത്രപോലും ബ്ലോക്ക് വഞ്ചിയൂരില്‍ ഉണ്ടായിട്ടില്ലെന്ന് എനിക്ക് ബോധ്യമുണ്ട്.  
 
നാട്ടുകാര്‍ പരാതി പറഞ്ഞിട്ടില്ല, നിറഞ്ഞ സദസ്സിലായിരുന്നു പരിപാടി

കൗണ്‍സിലറായ എന്നോട് നാട്ടുകാര്‍ ആരും പരാതി പറഞ്ഞിട്ടില്ല. പ്രദേശവാസികള്‍ മാത്രമല്ല പരിപാടിക്ക് എത്തിയത്. അവസാനം നാടകം നടന്നപ്പോള്‍ ആയിരത്തോളം ആളുകള്‍ അവിടെയെത്തി. നിറഞ്ഞ സദസ്സിലായിരുന്നു പരിപാടി. പൊതുജനങ്ങളില്‍ ആരും ഫോണ്‍ വിളിച്ച് പോലും പരാതി പറഞ്ഞിട്ടില്ല. ഞാന്‍ അന്വേഷിച്ചപ്പോള്‍ കോര്‍പ്പറേഷന്‍ റോഡ് അല്ലാത്തതിനാല്‍ അവരുടെ അനുവാദം വേണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. പോലീസ് ആയിരുന്നു അനുമതി നല്‍കേണ്ടത്. കണ്ടാല്‍ അറിയുന്ന 500 പേര്‍ക്കെതിരെ പോലീസ് നടപടി എടുത്തു എന്നാണ് അറിയാനാകുന്നത്. 

അനുമതി നല്‍കിയിട്ടില്ലെങ്കില്‍ നടപടിയുമായി പോലീസ് മുന്നോട്ട് പോകണമെന്നാണ് എന്റെ അഭിപ്രായം. ജനങ്ങള്‍ക്ക് പരാതി ഉണ്ടെങ്കില്‍ പോലീസ് നടപടി എടുക്കുക തന്നെ വേണം. ആദ്യമേ ഈ സ്ഥലത്ത് തന്നെയാണ് പരിപാടി നടത്താന്‍ തീരുമാനിച്ചത്. മറ്റൊരു സ്ഥലവും പരിഗണനയില്‍ ഇല്ലായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ നഗര്‍ എന്ന് ഈ റോഡിന് പേരുനല്‍കി, ഇവിടെ പരിപാടി സംഘടിപ്പിക്കാന്‍ തന്നെയായിരുന്നു ആദ്യംമുതലേ ആലോചന. വ്യാപക പ്രചരണവും നടത്തി. അതുകൊണ്ട് തന്നെ ഉറപ്പായും അനുമതി വാങ്ങിയിട്ടുണ്ടാകും. 

ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു, പോലീസ് എതിര്‍ത്തില്ലല്ലോ

ഇത് രണ്ടുവരി പാതയാണ്. വാഹനങ്ങള്‍ക്ക് പോകാന്‍ മറ്റുവഴികളും ബദല്‍ റോഡും ഉണ്ടായിരുന്നു. അനുമതി ഇല്ലാതിരുന്നെങ്കില്‍ സ്റ്റേജ് കെട്ടുന്നതിനെ പോലീസ് ആദ്യമേ എതിര്‍ക്കുമായിരുന്നല്ലോ. അവര്‍ ഉള്‍പ്പടെ അവിടെ നിന്ന് സഹകരിച്ചു. ഇനി എന്റെ ശ്രദ്ധയില്‍പ്പെടാത്ത ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ പോലീസ് നടപടി എടുക്കണം. ഇതേ സ്ഥലത്ത് ഇനിയൊരു പരിപാടി വരുന്നെങ്കില്‍ പോലീസ് അനുമതി ഇല്ലെങ്കില്‍ പാടില്ല എന്നുതന്നെയാണ് എന്റെ നിലപാട്. ഏത് പാര്‍ട്ടിക്കാര്‍ ആണെങ്കിലും മുന്‍കൂറായി അനുമതി വാങ്ങണം. ബദല്‍ റോഡ് ഇല്ലെങ്കില്‍ ഇങ്ങനെ പരിപാടി നടത്താനും പാടില്ല. എന്തെല്ലാം കാര്യങ്ങള്‍ നടന്നിട്ടും ഈ സാധാരണ പ്രശ്‌നത്തിന് ഇത്രത്തോളം മാധ്യമ ശ്രദ്ധ ലഭിച്ചു. സി.പി.എമ്മിന്റെ പരിപാടി ആയതിനാലാവാം ഇത്-ഗായത്രി ബാബു പറഞ്ഞു