ചേർത്തല: ഗുണ്ടാസംഘത്തിനു വീട്ടിൽ വിരുന്നൊരുക്കിയെന്നതിന്റെ പേരിൽ വിവാദങ്ങളിൽപ്പെട്ട ഡി.വൈ.എഫ്.ഐ. നേതാവിനെ ബ്രാഞ്ച് സെക്രട്ടറിയാക്കി. സി.പി.എം. ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി പരിധിയിലെ ബ്രാഞ്ചിന്റെ സെക്രട്ടറിയായാണ് യുവനേതാവിനെ തിരഞ്ഞെടുത്തത്. നടപടിക്കെതിരേ പാർട്ടിയിലെ തന്നെ ഒരു വിഭാഗം പരാതിയുയർത്തി രംഗത്തുവന്നു.

To advertise here,

ഏതാനും മാസം മുൻപാണ് പ്രദേശത്തെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി യുവനേതാവിന്റെ വീട്ടിൽ നടത്തിയ വിരുന്ന്‌ വിവാദമായത്. പലഭാഗങ്ങളിൽനിന്നുള്ള ഒട്ടേറെ കേസുകളിൽ പ്രതികളായവർ വിരുന്നിനെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പാർട്ടിതലത്തിലും പോലീസും അന്വേഷണം നടത്തി. യാദൃച്ഛികമായുള്ള കൂടിക്കാഴ്ചയാണെന്നു കണ്ടെത്തി യുവനേതാവിനു പോലീസ് താക്കീതു നൽകി വിട്ടിരുന്നു. പാർട്ടിയും നടപടികളൊന്നുമെടുത്തിരുന്നില്ല.

എന്നാൽ, യുവാവ് അംഗത്വം ലഭിച്ചപ്പോൾമുതൽ പത്താംവാർഡിലാണ് പ്രവർത്തിക്കുന്നതെന്നും കേസുകളൊന്നും ഇയാളുടെ പേരിലില്ലെന്നും അനാവശ്യമായി വിമർശനങ്ങളുയർത്തി പാർട്ടിയെ ഇകഴ്ത്താനുള്ള നീക്കമാണ് പ്രചാരണത്തിനു പിന്നിലെന്നുമാണ് നേതാക്കൾ പറയുന്നത്. ഐകകണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നേതാക്കൾ പറഞ്ഞു.