കോട്ടയം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന സാരി വിതരണം രാഷ്ട്രീയ വിവാദമാക്കി സിപിഎം. ഫെബ്രുവരി 28 മുതൽ മാർച്ച് 3 വരെ 'പുതുപ്പള്ളി ജനകീയ കൂട്ടായ്മ'യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പുതുപ്പള്ളി ഫെസ്റ്റ്' എന്ന പരിപാടിയിലാണ് മണ്ഡലത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്ക് സാരികൾ വിതരണം ചെയ്തത്. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള വോട്ടർമാരെ കബളിപ്പിക്കാനുള്ള നീക്കമാണെന്ന് സിപിഎം ആരോപിക്കുന്നു. തമിഴ്‌നാട് മോഡലിൽ വോട്ടർമാരെ സ്വാധീനിക്കാനാണ് എംഎൽഎ ശ്രമിക്കുന്നതെന്നാണ് സിപിഎമ്മിന്റെ വിമർശനം.

To advertise here,

സാരി വാങ്ങാനായി മാത്രം രണ്ടു കോടിയിലധികം രൂപ ചെലവഴിച്ചെന്നും ഇതിന്റെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തണമെന്നും സിപിഎം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് ആവശ്യപ്പെട്ടു. ചലച്ചിത്ര താരങ്ങൾ പങ്കെടുത്ത പരിപാടിയുൾപ്പെടെ ആകെ അഞ്ചാറ് കോടി രൂപ ഈ ഉത്സവത്തിനായി ചെലവാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഓഡിറ്റിങ് ഒഴിവാക്കാൻ വേണ്ടിയാണ് രജിസ്റ്റർ ചെയ്യപ്പെടാത്ത ഒരു സാംസ്കാരിക സംഘടനയുടെ പേരിൽ ഈ പരിപാടി നടത്തിയതെന്നും ഇത്തരം ധൂർത്ത് നടത്തുന്നതിന് പകരം ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ എംഎൽഎ തയ്യാറാകണമെന്നും സിപിഎം ആവശ്യപ്പെട്ടു.

തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് കൃത്യമായ മറുപടിയുമായി ചാണ്ടി ഉമ്മൻ എംഎൽഎയും രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണ ഏജൻസികളും വിജിലൻസും സർക്കാരിന്റെ കൈവശമാണെന്നും എന്തെങ്കിലും ക്രമക്കേട് ഉണ്ടെങ്കിൽ അന്വേഷണം നടത്തട്ടെ എന്നും അദ്ദേഹം വെല്ലുവിളിച്ചു. സാരി വാങ്ങിയതുമായി ബന്ധപ്പെട്ട ബില്ലുകൾ ഉൾപ്പെടെയുള്ള എല്ലാ കണക്കുകളും പുറത്തുവിടാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.