തിരുവനന്തപുരം: മുതിർന്ന നേതാക്കളിൽ ചിലരെ മത്സരത്തിനിറക്കാനുള്ള ആലോചന ഉപേക്ഷിച്ച് സിപിഎം. തോമസ് ഐസക്കും, എം.എം. മണിയും സ്ഥാനാർഥിമാരാകില്ല. ഉടുമ്പൻചോലയിൽ മണിക്ക് പകരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രൻ മത്സരിക്കും. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം.

To advertise here,

സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. സ്വരാജ്, പി.കെ. ബിജു, പുത്തലത്ത് ദിനേശൻ, ഇ.പി. ജയരാജൻ എന്നിവരും സ്ഥാനാർഥികളായേക്കില്ല. വൈപ്പിൻ എംഎൽഎ കെ.എൻ.ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിൽ മത്സരിച്ചേക്കും. സ്വരാജ് മത്സരിക്കണമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ ആവശ്യം.

തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മത്സരിക്കില്ല. പകരം, അദ്ദേഹത്തിന്റെ ഭാര്യ പി.കെ. ശ്യാമള സ്ഥാനാർഥിയായേക്കും. ആന്തൂർ നഗരസഭാ മുൻ ചെയർപേഴ്‌സണായിരുന്നു ശ്യാമള.

ഇതിനിടെ സ്ഥാനാർഥിപ്പട്ടിക തീരുമാനിക്കാനായി ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ വൈകാരികമായി സംസാരിച്ചു. അവരെ ഒഴിവാക്കിയുള്ള സ്ഥാനാർഥിപ്പട്ടികയാണ് യോഗം പരിഗണിച്ചിരുന്നത്.

മന്ത്രിമാരും നിലവിലെ എം.എൽ.എ.മാരിൽ ഭൂരിപക്ഷവും മത്സരിക്കട്ടെയെന്നാണ് തീരുമാനമെന്നിരിക്കേ ''എന്നെ മാത്രം എന്തിനാണ് മാറ്റിനിർത്തുന്നത്'' എന്നായിരുന്നു ശൈലജയുടെ ചോദ്യം.

മട്ടന്നൂരുമായി വൈകാരിക ബന്ധമുണ്ട്. ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ടേം വ്യവസ്ഥയിൽ ഇളവുനൽകി എല്ലാവർക്കും വീണ്ടും മത്സരിക്കാൻ അവസരം നൽകുമ്പോൾ തന്നെമാത്രം മാറ്റിനിർത്തുന്നത് എന്തിനാണ്. മത്സരിക്കാൻ താത്പര്യമുണ്ടെന്നും ശൈലജ പറഞ്ഞു.

ഇതിനൊടുവിലാണ്, എങ്കിൽ പേരാവൂർ മത്സരിക്കട്ടെയെന്ന് യോഗത്തിൽ ധാരണയായത്. ഇതേക്കുറിച്ച് ശൈലജ കൂടുതലൊന്നും പറഞ്ഞില്ലെന്നാണ് വിവരം. പേരാവൂരിൽ ഇരിട്ടി ഏരിയാസെക്രട്ടറി സക്കീർ ഹുസൈന്റെ പേരാണ് പട്ടികയിൽ.