തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫിന് നേരിടേണ്ടിവന്നത് ലജ്ജാകരമായ പരാജയമെന്ന് സിപിഐ എംപി പി. സന്തോഷ് കുമാർ. പാർട്ടിയെ ഇനി മുന്നോട്ടുനയിക്കേണ്ടത് പുതുമുഖങ്ങളായിരിക്കണം എന്നും പ്രതിപക്ഷ നേതാവായി പിണറായിക്ക് പകരം പുതുമുഖം വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

To advertise here,

സംസ്ഥാന തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയത്തെക്കുറിച്ച് ഐഎഎൻഎസിനോട് പ്രതികരിക്കുകയായിരുന്നു എംപി. 'കാരണം എന്തുതന്നെയായാലും, ഫലം ഫലമാണ്. ഞങ്ങൾ പരാജയപ്പെട്ടു, ഞാൻ നിങ്ങളോട് പറഞ്ഞതുപോലെ, ഇത് അപമാനകരവും ലജ്ജാകരവുമായ പരാജയമാണ്. ഇതിന് പിന്നിൽ പല ഘടകങ്ങളുണ്ട്.’ അദ്ദേഹം പറഞ്ഞു. 
‘സർക്കാരിന്റെ പ്രവർത്തനം ഒരു തരത്തിൽ മികച്ചതായിരുന്നു, പക്ഷേ നിർഭാഗ്യവശാൽ, ചില പ്രശ്‌നങ്ങൾ മനസ്സിലാക്കാനോ അവ പരിഹരിക്കാനോ ഞങ്ങൾക്ക് സാധിച്ചില്ല. ഈ വിഷയങ്ങളെക്കുറിച്ചെല്ലാം ഇടതുപക്ഷം ഇപ്പോൾ ഗൗരവമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.’ അദ്ദേഹം പറഞ്ഞു. 

‘ഈ പരാജയം ഞങ്ങൾ അംഗീകരിക്കുന്നു. അതേസമയംതന്നെ ഇത്രവലിയ ഒരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടിയെ മുന്നോട്ട് നയിക്കാൻ പുതിയ മുഖങ്ങൾ വരണമെന്നാണ് എന്റെ അഭിപ്രായം. പ്രതിപക്ഷത്തേക്ക് പുതിയ നേതാക്കൾ വരണം. പുതിയ പ്രതിപക്ഷ നേതാവ് വരണം. പ്രതിപക്ഷ നേതാവ് സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഉപ പ്രതിപക്ഷ നേതാവ് സിപിഐയിൽ നിന്നായിരിക്കും ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കുന്നത്.’ അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഭാവിയിലേക്ക് വേണ്ടി കൃത്യമായ ആസൂത്രണം ഉണ്ടാവേണ്ടതുണ്ട്. എൽഡിഎഫിന്റെ നേതാക്കന്മാർക്കും അണികൾക്കുമെല്ലാം ഇപ്പോഴത്തെ ഈ സാഹചര്യം വേഗത്തിൽ തരണംചെയ്ത് മുന്നോട്ടുപോകാൻ കഴിയും എന്നുതന്നെയാണ് വിശ്വാസം.’ അദ്ദേഹം പറഞ്ഞു.