തിരുവനന്തപുരം: മോദിസര്‍ക്കാരിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിക്കാനാവില്ലെന്ന സിപിഎമ്മിന്റെ വാദത്തെ നിശിതമായി വിമര്‍ശിച്ച് സിപിഐ. പാര്‍ട്ടി മുഖമാസികയായ നവയുഗത്തില്‍ 'ഫാസിസം ഒരു സംവാദം' എന്നപേരില്‍ നാലുലേഖനങ്ങളിലായാണ് സിപിഎം വാദത്തെ സിപിഐ ഖണ്ഡിക്കുന്നത്.
ഫാസിസത്തിന്റെ പ്രവണതമാത്രമാണ് കേന്ദ്രഭരണകൂടം കാണിച്ചുതുടങ്ങിയതെന്ന സിപിഎമ്മിന്റെ വാദത്തെ ഉയര്‍ത്തിക്കാണിച്ച്, പ്രവണതാവാദികള്‍ എന്നാണ് നവയുഗത്തിന്റെ എഡിറ്റര്‍കൂടിയായ ആര്. അജയന് സിപിഎമ്മിനെ പരോക്ഷമായി വിശേഷിപ്പിക്കുന്നത്. പ്രവണതാവാദികള്‍ കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ ഫാസിസ്റ്റ് രീതിക്ക് പൊതുസമ്മതി നല്‍കിയിരിക്കുകയാണെന്ന കുറ്റപ്പെടുത്തലും നവയുഗം നടത്തുന്നു.
കേന്ദ്രം ഭരിക്കുന്നത് ഫാസിസ്റ്റ് സര്‍ക്കാരാണെന്നും മറിച്ചൊരഭിപ്രായമുണ്ടെങ്കില്‍ സിപിഎമ്മിന് തിരുത്തേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തേ പ്രതികരിച്ചിരുന്നു. സിപിഐ വേറെ പാര്‍ട്ടിയാണെന്നും ഹിറ്റ്ലറും മുസോളിനിയും നടത്തിയപോലുള്ള ഫാസിസ്റ്റ് രീതി ഇന്ത്യയിലുണ്ടോയെന്നുമായിരുന്നു അതിന് സിപിഎം നേതാക്കളുടെ മറുപടി.
ഹിറ്റ്ലറുടെയും മുസോളിനിയുടെയും ക്ലാസിക്കല്‍ ഫാസിസത്തിന്റെ തുടര്‍ച്ചയല്ല ഇന്ത്യയിലുള്ളത്. ഇവിടെ വര്‍ഗീയ-ഫാസിസ്റ്റ് ഭരണകൂടമാണെന്ന് നവയുഗത്തിന്റെ എഡിറ്ററായ ആര്. അജയന് ചൂണ്ടിക്കാട്ടുന്നു. സിപിഐയുടെ രാഷ്ട്രീയസൈദ്ധാന്തികനായ അനില്‍ രജീംവാലെ, ഫാസിസവും നവഫാസിസവും ഇന്നത്തെ സാഹചര്യത്തില്‍ എന്നപേരിലെഴുതിയ ലേഖനത്തിലും കേന്ദ്രസര്‍ക്കാരിനെ ഫാസിസ്റ്റ് എന്ന് വിളിക്കാനുള്ള സിപിഎമ്മിന്റെ മടിയെ തള്ളിപ്പറയുന്നുണ്ട്.
'ഇന്ത്യയില്‍ ശക്തമായ ഒരു പാര്‍ലമെന്ററി ജനാധിപത്യസംവിധാനം ഉള്ളതിനാല്‍, അതില്‍ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ ഭരണകൂടത്തിലേക്കും സമൂഹത്തിലേക്കും മാധ്യമങ്ങളിലേക്കും പടിപടിയായി നുഴഞ്ഞുകയറുന്ന രീതി ഉപയോഗിക്കുന്നു. ഇത് നവഫാസിസമല്ല. ഇത് വര്‍ഗീയ-ഫാസിസത്തിന്റെ വ്യത്യസ്തമായ ഫാസിസ്റ്റ് അജന്‍ഡയുടെ പ്രവര്‍ത്തനമാണ് -അദ്ദേഹം വിശദീകരിക്കുന്നു.
Content Highlights: CPI Criticizes CPMs Stance on Narendra Modi government
Published: 20 Mar 2025, 09:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented