കൊച്ചി: സമൂഹവ്യാപനം സംശയിക്കുന്ന എറണാകുളം ചെല്ലാനത്ത് സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രിയ്ക്ക് കത്ത്. ഇവിടെ 600ലേറെ പേർക്കെങ്കിലും രോഗം സംശയിക്കുന്നതായി പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി അയച്ച കത്തിൽ പറയുന്നു. പുറത്തുവരുന്നതിനേക്കാൾ ഗുരുതരമാണ് ചെല്ലാനത്തെ സ്ഥിതിയെന്നും ഇവിടെ സ്വീകരിക്കുന്ന പ്രതിരോധ നടപടികൾ അപര്യാപ്തമാണെന്നും പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി കൺവീനർ ടി.എ.ഡാൽഫിൻ പറയുന്നു. സർക്കാർ കൃത്യമായ കണക്കുകളല്ല പുറത്തുവിടുന്നതെന്നും ഇതുസംബന്ധിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കവേ അദ്ദേഹം ആരോപിച്ചു. അതിനിടെ ചെല്ലാനത്ത് ഇന്ന് പുതുതായി 35 പേരുടെ പരിശോധനാഫലം പോസിറ്റീവായിട്ടുണ്ട്.

To advertise here,

'ചെല്ലാനത്തെ 15, 16, 17 വാർഡുകളിൽ സമൂഹവ്യാപനത്തിനുള്ള എല്ലാ സാധ്യതകളുമുണ്ട്,' ഡാൽഫിൻ പറയുന്നു. 'ആകെയുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മൂന്ന് ജീlവനക്കാർ മാത്രമാണുള്ളത്. ജൂ​ലൈയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചെങ്കിലും ഇതുവരെ 220 സാംപിളുകൾ മാത്രമാണ് ശേഖരിച്ചിട്ടുള്ളത്. രോഗലക്ഷണമുള്ളവർക്കാണ് പരിശോധന നടത്തുന്നത്. എന്നാൽ, ഇ​വരെ തിരികെ വീട്ടിലേക്ക് തന്നെയാണ് വിടുന്നത്. പരിശോധനാഫലം വരാൻ മൂന്നു ദിവസമെങ്കിലും എടുക്കും. അതുവരെ കുടുംബാംഗങ്ങളും അയൽക്കാരുമുൾപ്പെടെയുള്ളവർ ഇവരുമായി സമ്പർക്കത്തിൽ വരും. അതിനാൽ, കത്തിൽ സൂചിപ്പിച്ചിട്ടുള്ള 600 എന്ന നമ്പർ കുറവാകാനേ സാധ്യതയുള്ളൂ.'

'പരിശോധനയ്ക്ക് വിധേയരാക്കുന്നവരെ കൂടാതെ ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരും ഒരുപാടുണ്ട്. ചെറിയ ജലദോശവും തൊണ്ടവേദനയും ഉള്ളവർ, മണം തിരിച്ചറിയാനാകാത്തവർ എന്നിങ്ങനെ. ഇവരെയൊന്നും പരിശോധനയ്ക്ക് വിധേയരാക്കുന്നില്ല. ഇന്നലെ വരെ ഇവിടെ 34 പേർക്കേ രോഗമുള്ളൂ എന്നായിരുന്നു സർക്കാരിന്റെ കണക്ക്. എന്നാൽ, ഇവിടെനിന്ന് കോവിഡ് ചികിത്സയിലുള്ള 80 പേരുടെ ലിസ്റ്റ് ഞങ്ങളുടെ ​കൈവശമുണ്ട്. അക്കാര്യം കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച ശേഷമാണ് സർക്കാർ സംവിധാനങ്ങൾ കണക്ക് തിരുത്താൻ തയ്യാറായത്. ചെല്ലാനത്ത് ജിയോ ട്യൂബ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഇവിടെ കടൽ കയറിയാൽ രോഗികളെ എന്ത് ചെയ്യുമെന്ന് ​ഹൈക്കോടതി ആരാഞ്ഞിരുന്നു. 50 ബെഡുകളുള്ള ചികിത്സാകേന്ദ്രം ഒരുക്കിയിട്ടുണ്ടെന്നാണ് സർക്കാർ രണ്ടാഴ്ച മുമ്പ് കോടതിയിൽ പറഞ്ഞത്. എന്നാൽ, അതുസംബന്ധിച്ച് ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതാണ് സത്യം' -ഡാൽഫിൻ കൂട്ടിച്ചേർത്തു.

അതേസമയം, ചെല്ലാനത്ത് രോഗികൾ കൂടുന്ന സാഹചര്യത്തിൽ ഇവിടെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി വി.എസ്.സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ചെല്ലാനത്തെ സെന്റ് ആന്റണീസ് പള്ളിയോട് ചേർന്ന കെട്ടിടത്തിൽ 50 കിടക്കകളുള്ള ഫസ്റ്റ് ​ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങാനും ഒരു ദിവസം പ്രദേശത്തുനിന്ന് 226 പേരുടെ സാമ്പിളുകൾ ശേഖരിക്കാനുമാണ് തീരുമാനം.