മാനന്തവാടി: സഭാനേതൃത്വത്തിനെതിരേ വീണ്ടും ആരോപണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. മഠാധികൃതര്‍ ഭക്ഷണം പോലും നല്‍കാതെ പീഡിപ്പിക്കുകയാണെന്ന് ലൂസി കളപ്പുര പറഞ്ഞു. കഴിഞ്ഞ ഒന്നര മാസമായി മഠത്തില്‍ പലതരത്തിലുള്ള മാനസിക പീഡനങ്ങള്‍ അനുഭവിക്കുകയാണെന്നും സിസ്റ്റര്‍ വ്യക്തമാക്കി. 

തന്നെ പട്ടിണിക്കിട്ട് കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മഠത്തില്‍നിന്ന് ഇറങ്ങിപോകാന്‍ നിരന്തരമായി ഇവര്‍ ആവശ്യപ്പെടുന്നതായും സിസ്റ്റര്‍ ആരോപിച്ചു. മഠത്തില്‍ വലിയ വിവേചനമാണ് നേരിടുന്നതെന്നും സഭാവസ്ത്രം ഇനി ധരിക്കരുതെന്ന് മഠാധികൃതര്‍ നിര്‍ബന്ധിക്കുന്നതായും സിസ്റ്റര്‍ ലൂസി കളപ്പുര വെളിപ്പെടുത്തി.

മഠാധികൃതര്‍ക്കെതിരേ നേരത്തെ ലൂസി മൂന്ന് പരാതികള്‍ പോലീസില്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതികളിലെല്ലാം കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും സിസ്റ്റര്‍ പറയുന്നു. 

മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി നേരത്തെ എഫ്‌സിസി സന്യാസി സമൂഹത്തില്‍നിന്ന് ലൂസിയെ പുറത്താക്കിയിരുന്നു. എന്നാല്‍ മാനന്തവാടി മുന്‍സിഫ് കോടതി ഈ നടപടി താല്‍കാലികമായി മരവിപ്പിച്ചിരുന്നു. ഈ ഹര്‍ജി 29ന് കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.

content highlights; convent authority do not give food says sister lucy kalappura