കൊച്ചി: വിവാഹം ഉറപ്പുനൽകി രജിസ്ട്രേഷൻ ചെയ്യിപ്പിച്ചിട്ടും വിവാഹം നടക്കാത്ത സംഭവത്തിൽ വിവാഹ സൈറ്റ് അധികൃതർ യുവാവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ ഉത്തരവ്. എറണാകുളത്തെ സ്ഥാപനത്തിനെതിരേ ചേർത്തല സ്വദേശി നൽകിയ പരാതിയിലാണ് ഉത്തരവ്.
വെബ്‌സൈറ്റിൽ 2018 ഡിസംബറിൽ ഫ്രീയായി പ്രൊഫൈൽ രജിസ്റ്റർ ചെയ്തിരുന്നു. അതിനുശേഷം വെബ്സൈറ്റിന്റെ ഓഫീസിൽനിന്ന് പല തവണ ബന്ധപ്പെട്ടു. തുക നൽകിയാലേ വധുവിന്റെ വിവരങ്ങൾ നൽകുകയുള്ളൂവെന്ന് അറിയിച്ചു. രജിസ്റ്റർ ചെയ്താൽ വിവാഹം നടത്തുന്നതിനു വേണ്ടി എല്ലാ സഹായവും വാഗ്ദാനം നൽകി. 4,100 രൂപ ഫീസായി ഈടാക്കി.എന്നാൽ, പണം നൽകിയതിനു ശേഷം തുടർന്നുള്ള ഫോൺവിളികൾക്ക് മറുപടിയില്ലായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഓഫീസിൽ പോയി കാര്യം പറഞ്ഞിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്നാണ് കമ്മിഷനെ സമീപിച്ചത്.
2019 ജനുവരി മുതൽ മൂന്നുമാസത്തേക്ക് 4,100 രൂപയ്ക്ക് ക്ലാസിക് പാക്കേജിനു കീഴിൽ പരാതിക്കാരൻ രജിസ്റ്റർ ചെയ്തിരുന്നതായി അധികൃതർ വ്യക്തമാക്കി. ഇടനിലക്കാർ മാത്രമാണ് തങ്ങളെന്നും സേവന കാലയളവിൽ വിവാഹം ഉറപ്പുനൽകിയിരുന്നില്ലെന്നും അവർ വാദമുന്നയിച്ചു.
വിവാഹം നടക്കുമെന്ന തരത്തിൽ ആകർഷകമായ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ ആകർഷിച്ച ശേഷം ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാകുന്ന നടപടി അധാർമിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയും ആണെന്ന് കമ്മിഷൻ വിലയിരുത്തി.
രജിസ്ട്രേഷൻ ഇനത്തിൽ ഈടാക്കിയ 4100 രൂപയും നഷ്ടപരിഹാരമായി 28,000 രൂപയും പരാതിക്കാരന് നൽകാൻ കമ്മിഷൻ ഉത്തരവിട്ടു. ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് ഉത്തരവ്.
Content Highlights: Consumer Complaint against Marriage Websites
Published: 15 Jun 2024, 07:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented