തിരുവനന്തപുരം: പാറശ്ശാല പ്ലാമുട്ടുകടയില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മാവിളക്കടവ്, കഞ്ചാംപഴിഞ്ഞി സ്വദേശി ഫ്രാന്‍സിസ് (55)ആണ് മരിച്ചത്. പ്ലാമൂട്ടുകടയില്‍ കെട്ടിടനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ഉച്ചക്ക് ഒന്നര മണിയോടെ അദ്ദേഹം കുഴഞ്ഞു വീണത്. സൂര്യാഘാതമേറ്റാണ് മരണമെന്നാണ് നിഗമനം.

To advertise here,

കടുത്ത ചൂടേറ്റ് ക്ഷീണിതനായ ഫ്രാൻസിസ് പണിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ശരീരമാകെ പൊള്ളിയ നിലയിലായിരുന്നു. ഉടന്‍ മറ്റു തൊഴിലാളികള്‍ പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

അതിര്‍ത്തി മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് കാരണം ഇടയ്ക്കിടെ വിശ്രമിച്ചാണ് ജോലി ചെയ്തിരുന്നതെന്ന് മറ്റ് തൊഴിലാളികള്‍ പറഞ്ഞു.

മൃതദേഹം പാറശ്ശാല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുളളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഭാര്യ: അനിത, മക്കള്‍: ശരത്ത്, ശരണ്‍.