തിരുവനന്തപുരം: മനുഷ്യശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന സൂര്യതാപം ഏൽക്കാതിരിക്കാൻ ഏറെ ശ്രദ്ധവേണം. നേരിട്ട് വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കുകയെന്നതാണ് പ്രധാന മുൻകരുതൽ. ഉയർന്ന താപനിലയുള്ളപ്പോൾ തുടർച്ചയായി ശരീരത്തിൽ സൂര്യരശ്മികൾ പതിക്കുന്നത് ജീവഹാനിയുണ്ടാക്കാം.
ദിനംപ്രതിയെന്നവിധം മരണം റിപ്പോർട്ട് ചെയ്തു തുടങ്ങി. പകൽ പുറംജോലികളിലേർപ്പെടുന്നവർ അതീവശ്രദ്ധ പുലർത്തണമെന്ന് വിദഗ്‌ധർ. ജോലിസമയക്രമീകരണം സംബന്ധിച്ച് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സൂര്യതാപമേറ്റ് ചികിത്സയിലായിരുന്ന വർക്കല ഇടവ മാന്തറ വീട്ടിൽ ഷൈൻ (43) മരിച്ചതാണ് തിരുവനന്തപുരം ജില്ലയിലെ അവസാന സംഭവം. കെട്ടിടങ്ങൾക്കു മുകളിൽ ഷീറ്റിടുന്ന ജോലിചെയ്യുന്ന ഷൈൻ കഴിഞ്ഞ 19-ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ശരീരമാകെ പൊള്ളിയ നിലയിലായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും സൂര്യാതാപമാണെന്ന സംശയത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലേക്കു മാറ്റിയെങ്കിലും ചികിത്സയിലിരിക്കേ മരിച്ചു.
അന്തരീക്ഷതാപം ഒരുപരിധിക്കപ്പുറം ഉയർന്നാൽ ശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും വിയർപ്പ്, ശ്വാസം എന്നിവയിലൂടെ ശരീരതാപം കുറയ്‌ക്കാൻ സാധിക്കാതാവുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യതാപം. സൂര്യതപമേറ്റ ഒരാളുടെ താപനിയന്ത്രണം നഷ്ടപ്പെടുന്നത് കൂടാതെ തലച്ചോർ, ഹൃദയം, രക്തധമനികൾ, വൃക്ക മുതലായ അവയവങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തകരാറിലാകും.
കരുതണം ഇവരെ
ഷീറ്റിടുന്ന ജോലി, പന്തൽപ്പണി, പറമ്പുകളിലും മറ്റും ജോലിചെയ്യുന്നവർ, ടാറിങ് തൊഴിലാളികൾ തുടങ്ങി വെയിലത്ത് ജോലിചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കണം. 65 വയസ്സിനുമുകളിലും നാലുവയസ്സിൽ താഴെപ്രായമുള്ള കുഞ്ഞുങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. കൂടുതൽസമയം നേരിട്ട് വെയിലേൽക്കുന്നവർക്ക് ശരീരഭാഗങ്ങൾ സൂര്യതപമേറ്റ് ചുവന്നുതുടുത്ത് വേദനയും പൊള്ളലുകളും ഉണ്ടാകാം. അന്തരീക്ഷത്തിൽ ചൂടു കൂടുമ്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശീവലിവ് അനുഭവപ്പെടുകയും ചെയ്യും. ചൂടുകൂടിയ സമയം പുറംജോലികൾ ഒഴിവാക്കുകയാണ് മാർഗം.
സൂര്യതപം ലക്ഷണങ്ങൾ
- ഉയർന്ന ശരീരതാപനില
- വറ്റിവരണ്ട ചുവന്ന് ചൂടായ ശരീരം
- ശക്തമായ തലവേദന, തലകറക്കം
- മന്ദഗതിയിലുള്ള നാഡിമിടിപ്പ്
- അബോധാവസ്ഥ
പ്രതിരോധമാർഗങ്ങൾ
- ധാരാളം വെള്ളം കുടിക്കുക.
- കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്.
- സൂര്യതപമേറ്റാൽ ഉടൻ തണുത്ത സ്ഥലത്തേക്കു മാറുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുക.
- കട്ടികുറഞ്ഞതും വെളുത്തതോ ഇളംനിറത്തിലുള്ളതോ ആയ വസ്ത്രങ്ങൾ ധരിക്കുക.
- വേനൽക്കാലത്ത് ദിവസവും ചൂട് ഏറിവരുന്നതിനാൽ സൂര്യതപം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം
Content Highlights: Beat the Heat: Critical Warning Signs of Deadly Sunstroke
Published: 30 Apr 2026, 02:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented