തിരുവനന്തപുരം: ഐക്യത്തോടെ നീങ്ങണമെന്നും തർക്കിച്ച് ആളാവാൻ നേതാക്കൾ ശ്രമിക്കരുതെന്നും നിർദേശിച്ച് കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി യോഗം. സർക്കാരിനുനേരേയുള്ള വികാരം ശക്തമാണെന്നും ജനങ്ങൾ യു.ഡി.എഫിനെ പിന്തുണയ്ക്കുന്നുണ്ടെന്നും ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. വ്യക്തികേന്ദ്രീകൃതമായ എല്ലാ ചർച്ചയും അവസാനിപ്പിച്ച് ഒന്നിച്ച് തദ്ദേശതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുപ്രവർത്തിക്കണമെന്നും യോഗം നിർദേശിച്ചു.
പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. എല്ലാവരും ഒന്നിച്ചുപോകണമെന്ന നിർദേശം മുന്നോട്ടുവെച്ച് ‘ഐക്യസന്ദേശം’ തുടക്കത്തിലേ ചെന്നിത്തല നൽകി. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ച ഉയർത്തിക്കൊണ്ടുവന്നത് സി.പി.എമ്മിൽചേർന്ന ഒരു മാധ്യമപ്രവർത്തകനാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. പാർട്ടിയിൽ അങ്ങനെയൊരു സ്ഥാനമുറപ്പിക്കാൻ ആരും ശ്രമിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.
പി.വി. അൻവറിനെ മുന്നണിയിലെടുക്കുന്നത് മുന്നണിയുടെ പൊതുതീരുമാനമായി ഉണ്ടാകട്ടേയെന്നാണ് പൊതുധാരണ. കെ.പി.സി.സി. അധ്യക്ഷനെ മാറ്റുന്നതുസംബന്ധിച്ചും പ്രത്യേക ചർച്ചയുണ്ടായില്ല.മാസത്തിലൊരിക്കലെങ്കിലും രാഷ്ട്രീയകാര്യസമിതി ചേരണമെന്ന് എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ നിർദേശിച്ചു.
മണ്ഡലങ്ങളിൽ ചുമതല നൽകുന്നതുമായി ബന്ധപ്പെട്ട് വി.ഡി. സതീശനും എ.പി. അനിൽകുമാറും തമ്മിൽ തർക്കിച്ചു. എവിടെ ചർച്ച ചെയ്തിട്ടാണ് ചുമതല നൽകിയതെന്നും ഏകപക്ഷീയ തീരുമാനം നടപ്പാക്കുന്നത് ശരിയല്ലെന്നും അനിൽകുമാർ പറഞ്ഞു.
പറയുന്നത് ഉൾക്കൊള്ളാനാവുന്നില്ലെങ്കിൽ സംസാരിക്കുന്നില്ലെന്ന് സതീശനും പറഞ്ഞു. ഇതോടെ തർക്കം കടുത്തു. ഇതാണ് സ്ഥിതിയെങ്കിൽ കേരളത്തിന്റെ ചുമതല ഒഴിയുന്നതാണ് നല്ലതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും പറഞ്ഞു. പിന്നാലെ നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി.
Content Highlights: KPCC political committee urges unity, criticizes individualistic discussions
Published: 20 Jan 2025, 09:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented