തിരുവനന്തപുരം: യുവതികളുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. എന്നാല്‍ എംഎല്‍എയായി തുടരും. അക്കാര്യത്തില്‍ തത്കാലം നടപടി വേണ്ടെന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്. എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്ന മുറയ്ക്ക് പാലക്കാട് ഒരു ഉപതിരഞ്ഞെടുപ്പ് വരുമെന്നതും അതൊരുപക്ഷേ, പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടിയിലൊതുക്കിയത്.
കേവലമൊരു സസ്‌പെന്‍ഷന്‍കൊണ്ട് വന്നുപെട്ട നാണക്കേട് മറികടക്കാനാവുമോ എന്നതാണ് വലിയ ചോദ്യം. സസ്‌പെന്‍ഷനെന്നത് സാധാരണ ഒരു നടപടി മാത്രമാണ്. അതുകൊണ്ട് കോണ്‍ഗ്രസിന് മുഖം രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഗുരുതര സ്വഭാവമുള്ള, മുന്നനുഭവങ്ങളില്ലാത്ത ആരോപണങ്ങളാണ് രാഹുലിനെതിരേയുള്ളത്. അതിനാല്‍ത്തന്നെ എംഎല്‍എ സ്ഥാനത്തുനിന്ന് പടിയിറങ്ങണമെന്നാണ് സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യം. പാര്‍ട്ടിക്കകത്തുനിന്നുപോലും രാഹുലിനെ സംരക്ഷിക്കാന്‍ അധികം ആളുകളുണ്ടായിട്ടില്ല. അങ്ങനെയൊരു അവസ്ഥയില്‍, സസ്‌പെന്‍ഷന്‍ നിലവിലുള്ള പ്രതിഷേധങ്ങളെയും അമര്‍ഷങ്ങളെയും തണുപ്പിക്കില്ലെന്നാണ് സൂചന.
പാര്‍ട്ടിയിലെ സ്ത്രീ നേതൃനിരയടക്കം രാഹുൽ രാജിവെയ്ക്കണം എന്ന ആവശ്യമുന്നയിച്ചിട്ടും സസ്‌പെന്‍ഷനില്‍ മാത്രമൊതുക്കിയത് കോണ്‍ഗ്രസിനകത്ത് വീണ്ടുമൊരു ഉള്‍പ്പോരിനുള്ള സാധ്യത തുറക്കുന്നുമുണ്ട്. അതേസമയം തദ്ദേശസ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കേ, രാജിവെപ്പിച്ച് ഒരു ഉപതിരഞ്ഞെടുപ്പ് പരീക്ഷണത്തിനൊരുങ്ങുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് താനും. രാഹുലിന്റെ രാജി ആവശ്യപ്പെട്ട സ്ത്രീ നേതൃനിരയുള്‍പ്പെടെയുള്ളവര്‍ ഈ വിശാല കാഴ്ചപ്പാടിനനുസൃതമായി പാര്‍ട്ടി തീരുമാനത്തിന് വഴങ്ങുമെന്നാണ് വിലയിരുത്തല്‍.
രാഹുല്‍ രാജിവെച്ചാല്‍, ബിജെപിയെ സംബന്ധിച്ച് പാലക്കാടിനെ അവര്‍ വലിയ ഒരു സാധ്യതയായി കാണുന്നു. അങ്ങനെ വന്നാല്‍ അന്തരിച്ച വാഴൂര്‍ സോമന്റെ ഒഴിവിലേക്ക് പീരുമേടും ഉപതിരഞ്ഞെടുപ്പ് വരും. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം തികച്ചില്ലെന്നിരിക്കേ, ഇതുണ്ടാക്കുന്ന ചെലവുകള്‍ വലുതാണ്. അതിനപ്പുറം പാലക്കാട് ബിജെപി കച്ചകെട്ടിയിറങ്ങി ഏതുവിധേനയും വിജയിക്കാനുള്ള ശ്രമം നടത്തും. നിലവില്‍ കേരളത്തില്‍ യുഡിഎഫ് ഒരു തിരിച്ചുവരവിന്റെ ട്രെന്‍ഡിലാണ്. അത് മങ്ങിപ്പോകാന്‍ ഇടയാക്കിയേക്കുമെന്ന ഭയവും രാഹുലിനെ എംഎല്‍എയായി നിലനിര്‍ത്തുന്നതിന് കാരണമായിട്ടുണ്ട്.
രാഹുല്‍ വിഷയം ദേശീയതലത്തില്‍ ഇപ്പോള്‍ത്തന്നെ വലിയ ചര്‍ച്ചയാക്കി മാറ്റിയിരിക്കുകയാണ് ബിജെപി. ദേശീയമാധ്യമങ്ങളെല്ലാം ഇത് വലിയ പ്രാധാന്യത്തോടെ വാര്‍ത്തയാക്കുന്നുണ്ട്. ദേശീയവക്താക്കള്‍ ഈ വിഷയമുന്നയിച്ച് വാര്‍ത്താസമ്മേളനമടക്കം നടത്തിയിട്ടുണ്ട്. എംഎല്‍എ പദത്തില്‍ തുടര്‍ന്നും ഇരുത്തുന്നതോടെ അത് രാജ്യവ്യാപകമായി കോണ്‍ഗ്രസിനെതിരെയുള്ള ഒരു പ്രചാരണായുധമാക്കി ബിജെപി ഉപയോഗിക്കും. അടുത്ത തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ ഇത് വിശേഷിച്ചും വലിയ ആയുധമാക്കുമെന്നത് ഉറപ്പാണ്. രാഹുല്‍ ഗാന്ധിയും രാഹുല്‍ മാങ്കൂട്ടവും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളൊക്കെയും ഇതിനകം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. വോട്ടുചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാഹുല്‍ നടത്തുന്ന ശക്തമായ പ്രതിഷേധത്തെ തണുപ്പിക്കാന്‍ ഇത് ബിജെപിക്ക് സഹായകമാകും.
ഗര്‍ഭച്ഛിദ്രം, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് വഞ്ചന, ദുരുദ്ദേശ്യപരമായ രീതിയില്‍ പല സ്ത്രീകളോടുമുള്ള സമീപനം എന്നുതുടങ്ങി ശബ്ദസന്ദേശങ്ങളായും തുറന്നെഴുത്തുകളായും തുറന്നുപറച്ചിലുകളായും സ്‌ക്രീന്‍ഷോട്ടുകളായും നിരവധി ആരോപണങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഉയര്‍ന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അവന്തിക നടത്തിയ ആരോപണത്തിലൊഴിച്ച് മറ്റൊന്നിനും രാഹുല്‍ മറുപടി പറഞ്ഞിട്ടില്ല.
Content Highlights: Rahul Mamkootathil Suspended from congress
Published: 25 Aug 2025, 10:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented