ന്യൂഡൽഹി: നിയമസഭാ തിരെഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പക്കലുള്ള സീറ്റുകൾ പിടിച്ചെടുക്കാൻ മത്സരിക്കാൻ അനുവദിക്കണമെന്ന് കേരളത്തിൽ നിന്നുള്ള മൂന്ന് എം.പിമാർ കോൺഗ്രസ്‌ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു. നിയമസഭയിൽ യുഡിഎഫ് എംഎൽഎമാരുടെ തലയെണ്ണം കൂട്ടാൻ വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളിൽ തങ്ങളെ മത്സരിപ്പിക്കണമെന്നാണ് എംപിമാരുടെ ആവശ്യം. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയും, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന.

To advertise here,

കെ.സുധാകരൻ, അടൂർ പ്രകാശ്, എം.കെ രാഘവൻ എന്നിവരാണ് എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകൾ പിടിക്കാൻ മത്സര രംഗത്ത് ഇറങ്ങാനുള്ള താത്പര്യം ഹൈക്കമാൻഡിനെ അറിയിച്ചത്. കെ സുധാകരൻ കണ്ണൂരിലും, അടൂർ പ്രകാശ് കോന്നിയിലും മത്സരിക്കാനുള്ള ആഗ്രഹമാണ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാനുള്ള ആഗ്രഹമാണ് എം കെ രാഘവൻ നേതൃത്വത്തെ അറിയിച്ചത്.

യുഡിഎഫിന് നഷ്ടമായ സീറ്റുകളാണ്‌ മത്സരിക്കാനായി ആവശ്യപ്പെടുന്നത് എന്ന് നേതാക്കൾ നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ തങ്ങുന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി എംപിമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങളുടെ ആവശ്യം എംപിമാർ സണ്ണി ജോസഫിനെ ധരിപ്പിച്ചിട്ടുണ്ട്. എന്നാൽ എംപിമാരുടെ ഈ ആവശ്യത്തോട് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് എതിർപ്പാണ്. അതേസമയം മുസ്ലിം ലീഗിലെ ചില നേതാക്കൾ തങ്ങൾ മത്സരിക്കുന്നത് യുഡിഎഫ് അധികാരത്തിൽ വരുന്നതിന് സഹായകരമാകും എന്ന വിലയിരുത്തലിൽ ആണെന്നാണ് എംപിമാർ അവകാശപ്പെടുന്നത്. 

സുധാകരനും, അടൂർ പ്രകാശിനും, എം കെ രാഘവനും ഇളവ് നൽകുക ആണെങ്കിൽ കൊടിക്കുന്നിൽ സുരേഷും, ഷാഫി പറമ്പിലും ഇളവിനായി സമ്മർദ്ദം ചെലുത്തുമെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിന് ഉണ്ട്. സിപിഐ സ്ഥിരമായി വിജയിക്കുന്ന അടൂർ മണ്ഡലത്തിൽ മത്സരിക്കാൻ ആണ് കൊടിക്കുന്നിൽ സുരേഷിന്റെ ആഗ്രഹം. പാലക്കാട് മണ്ഡലത്തിലെ വിജയം ഉറപ്പാക്കണമെങ്കിൽ ഷാഫി പറമ്പിൽ മത്സരിക്കണമെന്ന വാദം എ ഗ്രൂപ്പിന് ഉണ്ട്. ഷാഫി പാലക്കാട് ഇറങ്ങിയാൽ രമേശ് പിഷാരടിയെ തൃശൂർ മണ്ഡലത്തിലേക്കോ, തൃശൂരിൽ സുരക്ഷിതമായ മറ്റൊരു മണ്ഡലത്തിലേക്കോ പരിഗണിക്കാമെന്ന നിർദേശവും ഇവർ മുന്നോട്ടുവെക്കുന്നു.