കണ്ണൂർ: കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി. സെക്രട്ടറിയുമായിരുന്ന സി. രഘുനാഥ് പാർട്ടിവിട്ടു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ചയാളും കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ അടുത്ത അനുയായിയുമായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഏറെ കാലമായി അവഗണന നേരിടേണ്ടിവന്നുവെന്നും രാജിക്കത്ത് ഉച്ചയ്ക്ക് രണ്ടുമണിയോടെ കെ.പി.സി.സി. നേതൃത്വത്തിന് കൈമാറിയെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.

To advertise here,

ഏറെ കാലമായി താൻ പാർട്ടിക്കുള്ളിൽ അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പല കാര്യങ്ങളും പാർട്ടിക്കകത്ത് പറയുമ്പോൾ ഒറ്റപ്പെടുത്തുന്ന സാഹചര്യമാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. പല പരിപാടികളിൽനിന്നും തഴഞ്ഞു. ധർമ്മടത്ത് നടന്ന യു.ഡി.എഫിന്റെ വിചാരണ സദസ്സിൽ പോലും തന്നെ പങ്കെടുപ്പിച്ചില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരേ ധർമ്മടത്ത് മത്സരിച്ച തന്നെ വേദിയിൽ വേണ്ടെന്ന് തീരുമാനിക്കുന്ന രാഷ്ട്രീയ നേതൃത്വം പാർട്ടിയിൽ ഉണ്ടാകുമ്പോൾ അവരുമായി ഒത്തുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് കാലത്ത് സജീവമായി പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്ന തന്നെ പിന്നീട് ഒരു പരിപാടികളിലും പാർട്ടി ക്ഷണിച്ചിട്ടില്ല. പതിയെ പതിയെ പാർട്ടിയിൽ നിന്ന് തന്നെ തഴയാൻ തുടങ്ങി. പുതിയ ഡി.സി.സി. നേതൃത്വം എത്തിയതോടെ തന്നെയും തന്റെ അനുയായികളേയും പൂർണ്ണമായും തഴഞ്ഞുവെന്നും ഒരു കമ്മിറ്റിയിൽ പോലും ഉൾപ്പെടുത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസിനകത്ത് ഗ്രൂപ്പ് വേണ്ടെന്ന് പറഞ്ഞവരൊക്കെ നാലും അഞ്ചും ഗ്രൂപ്പുകളുണ്ടാക്കി. ഗ്രൂപ്പിലുള്ള ഏത് അണ്ടനേനേയും അടകോടനേയും ഭാരവാഹിയാക്കാം എന്ന് അവർ തീരുമാനിച്ചു. 1973-ൽ സുധാകരനൊപ്പം ബ്രണ്ണൻ കോളേജിൽ കെ.എസ്.യു. പ്രവർത്തനം ആരംഭിച്ച ആളാണ് താനെന്നും രഘുനാഥ് പറഞ്ഞു.

'ബ്രണ്ണൻ കോളേജിൽ ചെയർമാനായിരുന്നു, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ആയിരുന്നു, സംസ്ഥാന സെക്രട്ടറിയായിരുന്നു, കെ.പി.സി.സി. മെമ്പറായിരുന്നു, നിയോജക മണ്ഡലം യൂണിറ്റ് ചെയർമാനായിരുന്നു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും സുധാകരന്റെ കൂടെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു, പബ്ലിസിറ്റി ചെയർമാനായിരുന്നു. ഈ സ്ഥാനത്തൊക്കെ ഉണ്ടായിരുന്ന ആൾ കഴിഞ്ഞ തവണ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിച്ച ആൾ, ആ എന്നെ പാർട്ടി വേദിയിൽനിന്ന് മാറ്റിനിർത്തുക എന്നത് പുതുതായി വന്ന ഡി.സി.സി. നേതൃത്വത്തിന്‍റെ ഇടപെടൽ മൂലമാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ആറുമാസക്കാലത്തോളമായി പാർട്ടിയിലെ തഴയപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനോട് പരാതിപ്പെട്ടിരുന്നുവെന്നും എന്നാൽ യാതൊരു പരിഹാരവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതി പരിഹരിക്കാമെന്ന് പറഞ്ഞ് കൂടിയാലോചന നടത്തിയ ശേഷം ഇതുവരെ നേതൃത്വം തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയിൽ നിന്നുള്ള രാജിയുടെ ഔദ്യോഗികമായ പ്രഖ്യാപനവും കൂടുതൽ വിവരങ്ങളും വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് വിളിച്ചുചേർക്കുന്ന പത്ര സമ്മേളനത്തിൽ വ്യക്തമാക്കും. ഭാവി ഇരുളടഞ്ഞതായിരിക്കില്ല, രാഷ്ട്രീയം അവസാനിപ്പിക്കില്ല. ഇനി ഏത് പാർട്ടിയിലേക്കാണ് എന്നൊന്നും തീരുമാനിച്ചിട്ടില്ല, ജനങ്ങൾക്കൊപ്പം സജീവമായുണ്ടാകും. സംസ്ഥാനത്തെ കോൺഗ്രസിന്റെ ഏക കോർപ്പറേഷനിലെ കൊള്ളരുതായ്മക്കെതിരേയുള്ള പോരാട്ടമാണ് ഇനി- സി. രഘുനാഥ് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.

ഫേയസ്ബുക്കിൽ കൂടിയായിരുന്നു അദ്ദേഹം പാർട്ടി വിടുന്നതിനെക്കുറിച്ചുള്ള സൂചനകൾ നൽകിയത്. ചില തുറന്നു പറച്ചിലുകൾ ആർക്കെങ്കിലും വിഷമം ഉണ്ടാക്കുന്നുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണമെന്ന ആമുഖത്തോടെയായിരുന്നു ഫേയ്സ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

പ്രിയപ്പെട്ടവരെ, ഇതാ അവസാനം ഞാൻ കാത്തിരുന്ന ദിവസം എത്തി... ഞാൻ മറ്റന്നാൾ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുന്നു. 5 പതിറ്റാണ്ടിന്റെ കോൺ​ഗ്രസ് ബന്ധം ഞാൻ അവസാനിപ്പിച്ചു പടി ഇറങ്ങുന്നു. കണ്ണൂ‍ർ ജില്ലാ രാഷ്ട്രീയത്തിൽ ഞാൻ സജീവമായുണ്ടാകും. ഓരോ ആളും പടി ഇറങ്ങുമ്പോൾ വി​ദുഷകന്മാർ സ്തുതി ​ഗീതം പാ‌‌ടട്ടെ. ചില തുറന്നു പറച്ചിലുകൾ ആർക്കെങ്കിലും വിഷമം ഉണ്ടാക്കുന്നുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക. 

ഭാവി തീരുമാനം എന്നെ സ്നേഹിക്കുന്ന നൂറു കണക്കിന് സഹപ്രവർത്തകരോട് ആലോചിച്ച് മാത്രം. ഇതുവരെ പാർട്ടിക്കകത്ത് എന്നോട് ചേ‍ർന്ന് നിന്നവർ, എന്റെ വളർച്ച ആഗ്രഹിച്ചവർ, വിമർശിച്ചവർ, എല്ലാവർക്കും ഹൃദയത്തിൽ ചേർത്ത നന്ദി... എന്ന് നിങ്ങളുടെ സി. രഘുനാഥ്.