ന്യൂഡൽഹി: കേരളത്തിൽ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക എ.ഐ.സി.സി. സ്‌ക്രീനിങ് സമിതിക്ക് കൈമാറി. സിറ്റിങ് എം.എൽ.എ.മാരുൾപ്പെടെ ഒറ്റപ്പേരിലെത്തിയ നാല്പതോളം മണ്ഡലങ്ങളിലെ പട്ടികയാണ് മധുസൂദനൻ മിസ്ത്രി അധ്യക്ഷനായ സമിതിക്ക് കൈമാറിയത്.

To advertise here,

കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് ഇനി അന്തിമ അംഗീകാരം നൽകേണ്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടടുത്ത് പട്ടിക പുറത്തിറക്കുമെന്നാണ് സൂചന.

പാലക്കാടും തൃപ്പൂണിത്തുറയും ഒഴികെയുള്ളിടത്ത് സിറ്റിങ് എം.എൽ.എ.മാർ മത്സരിക്കട്ടേയെന്നാണ് പൊതുധാരണ. എങ്കിലും ഒന്നോ രണ്ടോ മണ്ഡലങ്ങളിലെങ്കിലും മാറ്റം വന്നേക്കാം. സമിതി യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ്, എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷി എന്നിവർ പങ്കെടുത്തു. മൂന്നുഘട്ടമായി പട്ടിക കൈമാറാനാണ് സംസ്ഥാന നേതൃത്വം ഒരുങ്ങുന്നത്. ധാരണയാകാത്ത സീറ്റുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ ഉന്നതനേതൃത്വം ചർച്ചനടത്തി തീരുമാനമുണ്ടാക്കാനാണ് ശ്രമം. എം.പി.മാർ മത്സരിക്കണമോ എന്നതിൽ ഇപ്പോഴും വ്യക്തതയായില്ല. ഇക്കാര്യം ഹൈക്കമാൻഡിന്റെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് നടത്തുന്ന യാത്ര സമാപിച്ചശേഷമാകും പ്രഖ്യാപനമെന്ന് സണ്ണി ജോസഫ് പറഞ്ഞു.

അൻപത് സ്ഥാനാർഥികളുടെ പട്ടിക ഏതുനിമിഷവും പ്രഖ്യാപിക്കാൻ സജ്ജമാണെന്ന് വി.ഡി. സതീശൻ പറഞ്ഞു.