തിരുവനന്തപുരം: കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ സെല്ലിൽ അഴിച്ചുപണിക്ക് തീരുമാനം. നേതാക്കളടക്കം സൈബറിടത്തിൽ ആക്രമിക്കപ്പെടുന്ന സ്ഥിതി വന്നതോടെയാണ് മാറ്റം. സെൽ ചെയർമാൻസ്ഥാനത്തുനിന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഒഴിഞ്ഞു. എംപിയും മറ്റൊരു വൈസ് പ്രസിഡന്റുമായ ഹൈബി ഈഡന് ചുമതലനൽകി. എഐസിസിയുടെ നിർദേശത്തെത്തുടർന്നാണ് തീരുമാനം. ഡിജിറ്റൽ മീഡിയാ സെല്ലിന്റെ പേര് സോഷ്യൽമീഡിയ സെൽ എന്നാക്കി മാറ്റുകയും ചെയ്തു.
സെല്ലിന്റെ ചുമതല ഒഴിയുകയാണെന്ന് നേരത്തേ ബൽറാം കെപിസിസിയെ അറിയിച്ചിരുന്നു. ബിഹാർ തിരഞ്ഞെടുപ്പിനു മുൻപായി പുകയില ഉത്‌പന്നങ്ങൾക്കടക്കം ജിഎസ്ടി കുറച്ചതിനെ വിമർശിച്ച് ‘ബീഡിയും ബിഹാറും തുടങ്ങുന്നത് ബി-യിലാണ്’ എന്ന് കോൺഗ്രസ് കേരളഘടകത്തിന്റെ പേജിൽവന്ന പോസ്റ്റ് വിവാദമായപ്പോൾ ഉത്തരവാദിത്വം ഏറ്റെടുത്ത് ചുമതല ഒഴിയാനുള്ള സന്നദ്ധത ആവർത്തിച്ചു. എന്നാൽ, തുടരാൻ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരോപണം ഉയർന്നതോടെ, രാഹുലിനെ പിന്തുണച്ചും അദ്ദേഹത്തെ ശക്തമായി തള്ളിപ്പറഞ്ഞ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ അധിക്ഷേപിച്ചും കോൺഗ്രസ് സൈബറിടത്തിൽ പോസ്റ്റുകൾ നിറഞ്ഞു. ഒരുഘട്ടത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിപോലും സൈബർ അതിക്രമത്തിനിരയായി.
സോഷ്യൽ മീഡിയ കൺവീനറായിരുന്ന ഡോ. പി. സരിൻ സിപിഎമ്മിലേക്ക് ചേക്കേറിയശേഷം കോൺഗ്രസിന്റെ സൈബർവിഭാഗത്തെ പുതുക്കിപ്പണിതിരുന്നില്ല. ഗ്രൂപ്പിൽ അംഗങ്ങളായവർപ്പോലും പ്രതിപക്ഷനേതാവിനെതിരേയുള്ള സൈബർപോരിന്റെ ഭാഗമായി എന്നാണ് കണ്ടെത്തൽ. ഇതോടെയാണ്, സാമൂഹികമാധ്യമ സെൽ പുതുക്കിപ്പണിയണമെന്ന് ദീപാ ദാസ്‌മുൻഷി റിപ്പോർട്ട് നൽകിയത്.
Content Highlights: Kerala Congress Revamps Digital Wing Amidst Online Attacks
Published: 01 Dec 2025, 07:40 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented