തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ കോൺഗ്രസിൽ മുഖ്യമന്ത്രിക്കസേരയേ ചൊല്ലിയുള്ള വടംവലി മുറുകുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആരാകും അടുത്ത മുഖ്യമന്ത്രി എന്നതിനെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിനുള്ളിൽ പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പോളിംഗ് അവസാനിച്ചത് മുതൽ തുടങ്ങിയ ചർച്ചകൾ ഇപ്പോൾ വിജയിക്കാൻ സാധ്യതയുള്ള എംഎൽഎമാരെ നേരിട്ട് സ്വാധീനിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരെ അനുകൂലിക്കുന്ന ക്യാമ്പുകളാണ് തങ്ങളുടെ നേതാക്കൾക്കായി അണിയറയിൽ സജീവമായി രംഗത്തുള്ളത്. ജയിച്ചു വരാൻ സാധ്യതയുള്ള എംഎൽഎമാരെ ഒപ്പം നിർത്താനായി പ്രമുഖ നേതാക്കളുടെ ക്യാമ്പുകൾ നേരിട്ട് അവരെ സമീപിക്കുന്നുണ്ട്. ഭാവിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ഘട്ടത്തിൽ പരമാവധി പേരുടെ പിന്തുണ ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിൽ.
വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്ക് പുറമെ കെ.സി. വേണുഗോപാൽ വരാനുള്ള സാധ്യതകളും ചർച്ചയാകുന്നുണ്ടെങ്കിലും ഘടകക്ഷികൾക്കിടയിൽ ഇതിന് എത്രത്തോളം സ്വീകാര്യതയുണ്ട് എന്നതിൽ വ്യക്തതയില്ല. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പരസ്യപ്രസ്താവനകൾ പാടില്ലെന്ന് കാട്ടി കെപിസിസി അധ്യക്ഷൻ കർശനമായ നിർദ്ദേശം നൽകുകയും സർക്കുലർ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. എഐസിസി ഇടപെടലിനെത്തുടർന്ന് ദീപ ദാസ് മുൻഷി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിലുള്ള പ്രതികരണങ്ങൾ മയപ്പെടുത്തിയത്. എങ്കിലും, ഗ്രൂപ്പ് പോര് മറ്റൊരു രൂപത്തിൽ തുടരുകയാണ്. മാധ്യമങ്ങൾക്ക് മുന്നിലുള്ള പ്രസ്താവനകൾ കുറഞ്ഞെങ്കിലും ഫേസ്ബുക്ക് അടക്കമുള്ള ഇടങ്ങളിൽ സൈബർ പോരാളികൾ ചേരിതിരിഞ്ഞ് വാഗ്വാദങ്ങളും വെല്ലുവിളികളും തുടരുകയാണ്.
ആലുവയിൽ വി.ഡി. സതീശനെ അനുകൂലിച്ച് വലിയ ഫ്‌ളക്‌സുകൾ ഉയർന്നതിന് പിന്നാലെ അദ്ദേഹത്തെ അനുകൂലിച്ചും എതിർത്തും പലയിടങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലും ബാനറുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം ചില ഘടകക്ഷി നേതാക്കൾ വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചിട്ടുള്ളതായാണ് വിവരം. എന്നാൽ കെ.സി. വേണുഗോപാൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാനുള്ള സാധ്യത കുറവാണെന്നാണ് വ്യക്തമാകുന്നത്. മൂന്ന് നേതാക്കളുടെയും അണികൾ ഒരേപോലെ സജീവമായി രംഗത്തുള്ളത് വരുംദിവസങ്ങളിൽ കോൺഗ്രസിനുള്ളിൽ ചർച്ചകൾ കൂടുതൽ ചൂടുപിടിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.
Content Highlights: Internal lobbying for the Chief Minister position has intensified among Congress factions., Key contenders include V.D. Satheesan, Ramesh Chennithala, and KC Venugopal., KPCC has issued a strict directive to avoid public statements regarding the leadership issue., Cyber warfare and poster campaigns continue despite official warnings from the party high command., Allies are beginning to weigh in on their preferred leadership candidates.
Published: 29 Apr 2026, 11:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented