ബാലുശ്ശേരി: ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫിന്റെ ബന്ധം കേരളത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സമസ്ത പോലും ജമാഅത്തെ ഇസ്ലാമിയുടെ മത രാഷ്ട്രവാദത്തെ തള്ളി പറയാൻ തയ്യാറായപ്പോൾ വി.ഡി. സതീശൻ ആ സംഘടനയെ വെള്ളപൂശാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാലുശ്ശേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

'യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയോട് ചേർന്ന് അധികാരത്തിൽ എത്തിയാൽ കേരളത്തിന് ഒരു കാലത്തും മറക്കാൻ കഴിയാത്ത തരത്തിലുള്ള ദൂരവ്യാപകമായ ഫലമാണ് ഉണ്ടാകാൻ പോകുന്നത്. കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന ജനാധിപത്യ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വരുമെന്നതിൽ സംശയമില്ല. വിഷം ചീറ്റുന്ന വർഗീയതയെ പ്രതിരോധിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മാത്രമേ കഴിയുകയുള്ളു.' പാർട്ടി സെക്രട്ടറി പറഞ്ഞു.

'ഒരുകാലത്ത് കോലീബി സഖ്യമായിരുന്നു കേരളത്തിലെങ്കിൽ ഇന്ന് കോലീബിയോടൊപ്പം ജമാഅത്തെയും കൂടിയുള്ള സഖ്യത്തിനാണ് കോൺഗ്രസ് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ യുഡിഎഫ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വർഗീയ രാഷ്ട്രീയത്തെ ചെറുത്ത് തോൽപിച്ചില്ലെങ്കിൽ കേരളം ഉണ്ടാകില്ലെന്ന തിരിച്ചറിവുണ്ടാകണം. ജനങ്ങളുടെ ഈ തിരിച്ചറിവാണ് വികസന മുന്നേറ്റ ജാഥയുടെ വിജയം.' അദ്ദേഹം പറഞ്ഞു.

'എൽഡിഎഫ് ജമാഅത്തെയുമായി കഴിഞ്ഞ കാലങ്ങളിൽ കൂട്ടുകൂടിയതായുള്ള പ്രചാരണം കോൺഗ്രസ്സിന്റെയും ചില മാധ്യമങ്ങളുടേയും സൃഷ്ടിയാണ്. അങ്ങിനെ സംഭവിച്ചിട്ടില്ല, ഇനി സംഭവിക്കുകയുമില്ല. എൽഡിഎഫിനെതിരെ കള്ളപ്രചരണം നടത്താൻ യുഡിഎഫിനൊപ്പം ഒരുപറ്റം മാധ്യമങ്ങളും ഇന്ന് രംഗത്തുണ്ട്. എൽഡിഎഫിനെ പ്രതിക്കൂട്ടിലാക്കാനാണ് ഇത്തരം മാധ്യമങ്ങൾ ഓരോ ദിവസവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടർക്ക് സത്യത്തെ കണ്ടെത്താൻ കഴിയുന്നില്ല.' ഗോവിന്ദൻ ആരോപിച്ചു.

'എൽഡിഎഫിന്റെ ജാഥയിൽ ആളെ ചേർക്കാൻ ബംഗാളിൽനിന്ന്‌ ഇതര സംസ്ഥാന തൊഴിലാളികളെ ഇറക്കുമതി ചെയ്തു എന്നുപോലും ചില മാധ്യമങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി. ഇത് തികച്ചും തെറ്റായ പ്രചരണമായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ കേരള വികസന ജാഥയ്ക്ക് സ്വീകരണം നൽകിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ഇതാണ് ചില മാധ്യമങ്ങളെ ചൊടിപ്പിച്ചത്.' അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഒരു കാരണവശാലും എൻആർപി നടപ്പിലാക്കില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. 'കഴിഞ്ഞ 10 വർഷത്തിനിടയിൽ വിപ്ലവാത്മകമായ മുന്നേറ്റമാണ് വികസനരംഗത്ത് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ യുഡിഎഫിന് വികസനത്തെക്കുറിച്ച് കാര്യമായി ഒന്നും പറയാനില്ല. അവരുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലും വികസനം ഒരു അജണ്ടയായിട്ടില്ല.' അദ്ദേഹം പറഞ്ഞു.

വികസന മുന്നേറ്റ യാത്രയ്ക്ക് പ്രതീക്ഷയിൽ കവിഞ്ഞ ജനപങ്കാളിത്തമാണ് ഉള്ളതെന്നും ഓരോ സ്വീകരണങ്ങളും ഒന്നിനൊന്ന് മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.