തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്‌ക്കെതിരേ പരാതി നല്‍കിയ സിപിഎം പ്രവര്‍ത്തകന്‍ ധനേഷിന്റെ വീട്ടു നമ്പറില്‍ 22 വോട്ടുകളുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ധനേഷിന്റെ മേല്‍വിലാസത്തിലും തെറ്റുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. തിങ്കളാഴ്ച ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. സിപിഎം മുട്ടട ബ്രാഞ്ച് അംഗമാണ് ധനേഷ് കുമാര്‍. ടിസി 18/ 2464 എന്ന വീട്ടുനമ്പറാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സപ്ലിമെന്ററി പട്ടികയില്‍ ധനേഷിന്റെ പേരിനൊപ്പമുള്ളത്. ഇതേ വീട്ട് നമ്പറില്‍ 21 പേരെ വേറെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന രേഖ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ആരോപണം. അനുപമ മാറയ്ക്കല്‍ തോപ്പ്, ശേഖരമംഗലം, ആര്‍.സി.നിവാസ്, അക്ഷയ, ഭാര്‍ഗവ പ്രസാദം, തോപ്പില്‍ വീട്, മാറയ്ക്കല്‍ തോപ്പില്‍ വീട്, ശക്തി ഭവന്‍ തുടങ്ങിയ വീട്ടുപേരുകളാണ് 18/ 2464 എന്ന വീട്ടു നമ്പറിനൊപ്പം ചേര്‍ത്തിരിക്കുന്നത്. ഒരു നമ്പറില്‍ 22 പേരുകളില്‍ വീടുകളുണ്ടായതാണ് ക്രമക്കേട് ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്താന്‍ കാരണം.
താന്‍ വോട്ടൊന്നും അധികമായി ചേര്‍ത്തിട്ടില്ലെന്നും ഒരു നമ്പറില്‍ 22 പേരുകളില്‍ വീടുകളുണ്ടായത് സാങ്കേതിക തകരാര്‍ സംഭവിച്ചതാവാം എന്നും ധനേഷ് കുമാര്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. 'ഞങ്ങള്‍ ഒരു വോട്ടും അധികമായി ചേര്‍ത്തിട്ടില്ല. എന്തെങ്കിലും ക്ലറിക്കല്‍ മിസ്റ്റേക്ക് സംഭവിച്ചതാകാം. മുട്ടട വാര്‍ഡ് രൂപീകരിച്ച സമയത്താണ് 18/ 2464 എന്ന ടിസി നമ്പര്‍ ലഭിക്കുന്നത്. അതിന് മുന്‍പ് 3/2464 ആയിരുന്നു ടിസി നമ്പര്‍. ഈ ടിസി നമ്പരിലാണ് നികുതി അടച്ചുവരുന്നത്. 18/ 2464 നമ്പരിലുള്ള മറ്റ് വീടുകള്‍ സമീപത്തുള്ളതാണ്. അവരുടെ വീട്ട് പേര് കൃത്യമായി ലിസ്റ്റില്‍ കാണാം. കോണ്‍ഗ്രസുകാര്‍ പരാതി കൊടുക്കുന്നതില്‍ പ്രശ്‌നമില്ല. അവര്‍ എപ്പോള്‍ വേണമെങ്കിലും പരാതി നല്‍കട്ടെ. എന്റെ വീട്ടില്‍ എനിക്കും ഭാര്യയ്ക്കും മാത്രമേ വോട്ടുള്ളു' അദ്ദേഹം പറഞ്ഞു.
'വൈഷ്ണയ്‌ക്കെതിരെ മാത്രമല്ല, മറ്റ് ആറ് പേര്‍ക്ക് എതിരെ കൂടി പരാതി നല്‍കിയിട്ടുണ്ട്. ഈ ആളുകള്‍ ഏഴ് വര്‍ഷമായി നമ്മുടെ ബൂത്തില്‍ താമസമില്ല. സെപ്റ്റംബറില്‍ വോട്ടര്‍ പട്ടിക വന്നപ്പോഴെ പരാതി കൊടുത്തിരുന്നു. അധികമായി വോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പരാതി നല്‍കിയത്. ഈ വാര്‍ഡില്‍ താമസമില്ലാത്തവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ സാധിക്കില്ലെന്നാണ് കോര്‍പ്പറേഷനില്‍ ഞങ്ങള്‍ പരാതിയില്‍ പറഞ്ഞത്. ആ പരാതിയിലാണ് ഇപ്പോള്‍ നടപടി വന്നത്. സ്ഥാനാര്‍ഥി ആകുമോ ഇല്ലയോ എന്നൊന്നും നോക്കിയല്ല പരാതി കൊടുത്തത്', ധനേഷ് പറഞ്ഞു.
സപ്ലിമെന്ററി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ മിക്ക വാര്‍ഡുകളിലും ക്രമക്കേട് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചില വാര്‍ഡുകളില്‍നിന്ന് വോട്ടര്‍മാരെ കൂട്ടമായി ഒഴിവാക്കിയെന്നും ആരോപണമുണ്ട്.
സജീവ പ്രചാരണത്തിനിടെയാണ് മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണയുടെ പേര് നീക്കിയ വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയത്. ഇതോടെ പ്രചാരണം കോണ്‍ഗ്രസ് നിര്‍ത്തിവെച്ചു. വാര്‍ഡിലേക്ക് പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ചര്‍ച്ചകളും കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മുട്ടടയില്‍ വൈഷ്ണ തന്നെ മത്സരിക്കുമെന്ന പ്രതീക്ഷയാണ് പ്രവര്‍ത്തര്‍ക്കിടയിലുള്ളത്.
മുട്ടട വാര്‍ഡില്‍ വൈഷ്ണ സുരേഷിന് മത്സരിക്കാന്‍ പറ്റാത്ത സാഹചര്യം വരികയാണെങ്കില്‍ പാര്‍ട്ടിയുടെ പ്രഥമ പരിഗണയിലുള്ളത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എന്‍ജിഒ അസോസിയേഷന്റെ മുന്‍ സംസ്ഥാന പ്രസിഡന്റും കെപിസിസി എക്‌സിക്യൂട്ടിവ് അംഗവുമായിരുന്ന കോട്ടാത്തല മോഹനന്റെ പേരാണെന്നാണ്സൂചന.
Content Highlights: Congress accuses CPM worker Dineshan of voter fraud in Mutta, alleging 22 votes at his address and errors in his voter registration. Complaint to Election Commission filed.
Published: 16 Nov 2025, 04:28 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented