2015 മാര്‍ച്ച് 13 ന് കേരള നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും വിജയിക്കാന്‍ നടത്തിയ തരംതാണകളികളില്‍ തോറ്റത് കേരളവും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ജനങ്ങളുമാണ്. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് അഭിമാനത്തോടെ ഉരുവിടുന്ന നിയമസഭ സിനിമ കൊട്ടകയോ തെരുവ് ചന്തയോ പോലെയായി രൂപപ്പെട്ട ദിനമെന്ന് 2015 മാര്‍ച്ച് 13 ചരിത്രത്തില്‍ ഇടംപിടിച്ചു. സുപ്രീം കോടതി അടിവരയിട്ട് വിധി പ്രസ്താവത്തിലൂടെ പറഞ്ഞുവെച്ചതും അതാണ്.
2015 മാര്‍ച്ച് 13 ന് അതുവരെ സഭയ്ക്ക് പുറത്തെ പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും കണ്ട തെരുവ് യുദ്ധം അന്നാദ്യമായി നിയമസഭയ്ക്കകത്തും നടക്കുന്നത് കണ്ട് ജനം അമ്പരന്നു.
കേരളം തലകുനിച്ച ആ ദിവസത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
മാണി ബജറ്റ് അവതരിപ്പിക്കുമെന്ന് ഭരണപക്ഷവും അതിന് അനുവദിക്കില്ലെന്ന് പ്രതിപക്ഷവും വാശിപിടിച്ചപ്പോള്‍ നിയമസഭയില്‍ കൈയാങ്കളിയും കൂക്കുവിളികളും ആര്‍പ്പുവിളികളും തല്ലിതകര്‍ക്കലും കുഴഞ്ഞുവീഴ്ചയും എല്ലാമായി, ഒരു റിലീസ് ദിനത്തില്‍ തിയേറ്റര്‍ പരിസരത്തെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ് അന്ന് സഭയില്‍ അരങ്ങേറിയത്. ഉദ്വേഗവും സംഘര്‍ഷവും കൈയാങ്കളിയും ഹര്‍ഷാരവങ്ങളും ലഡുവിതരണവും ഒക്കെ നടന്നു. അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ് എഴുന്നേറ്റുനിന്ന് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയ്ക്ക് പുറമെ കെ.ബി ഗണേഷ് കുമാര്‍, വി.ടി ബല്‍റാം, പി.കെ ജയലക്ഷ്മി, വി.ഡി സതീശന്‍ തുടങ്ങി വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് അന്ന് ഇരിപ്പിടത്തില്‍ ഇരുന്നത്.

സൂപ്പര്‍താരചിത്രങ്ങളുടെ റിലീസ് ദിവസങ്ങളില്‍ ടിക്കറ്റെടുക്കാന്‍ ക്യൂനില്‍ക്കുന്നവരുടെ മുകളിലൂടെ അതിക്രമിച്ച് കയറി ടിക്കറ്റെടുക്കാന്‍ പോകുന്ന പോക്കിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു വാച്ച് ആന്‍ഡ് വാര്‍ഡിന് മുകളിലൂടെ കടന്നുകയറാന്‍ അന്നത്തെ പ്രതിപക്ഷ നിരയിലെ അംഗവും ഇന്നത്തെ മന്ത്രിയുമായ ശിവന്‍കുട്ടി നടത്തിയ ശ്രമം.

അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് പിന്നില്‍ നിന്ന ശിവദാസന്‍ നായരും, വിന്‍സെന്റും അടങ്ങുന്ന യു.ഡി.എഫ് എം.എല്‍.എമാര്‍ യു.ഡി.എഫ് ബഞ്ചിലേക്കുള്ള പ്രതിപക്ഷത്തിന്റെ തള്ളിക്കയറ്റം പ്രതിരോധിച്ചു. മാണിയെ തടയാന്‍ നിയോഗിച്ച വനിതാ എം.എല്‍.എമാരായ ജമീലപ്രകാശവും, കെ.കെ ലതികയും, ഗീതാ ഗോപിയും അടങ്ങുന്നവര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതിനിടെ ജമീലപ്രകാശം ശിവദാസന്‍ നായരെ കടിച്ചുവെന്ന് ആരോപിച്ച് അദ്ദേഹം അവരെ പിടിച്ചുതള്ളി. ഈ സമയം ഇരുഭാഗത്തും പോര്‍വിളികള്‍ നടക്കുന്നുണ്ടായിരുന്നു.
24 മണിക്കൂര്‍ നേരം പുറത്തേക്ക് പോകാതെ നിയമസഭയില്‍ തന്നെ തങ്ങി ചര്‍ച്ചയും കൂടിയാലോചനയുമായി ഇരുപക്ഷവും തന്ത്രങ്ങള്‍ ഒരുക്കിയാണ് ആ ദിവസത്തെ 'അവിസ്മരണീയമാക്കിയത്'. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷവും അടക്കമുള്ളവര്‍ നിയമസഭയില്‍ തന്നെ അന്തിയുറങ്ങി.
പുറത്ത് നിയമസഭ വളഞ്ഞ് എല്‍.ഡി.എഫും യുവമോര്‍ച്ചയും പ്രതിഷേധത്തിന് ഇന്ധനം പകര്‍ന്നു. വ്യാഴാഴ്ച രാത്രി പ്രതിപക്ഷം മാണിയെ കഥാപാത്രമാക്കി സഭയുടെ നടത്തുളത്തില്‍ നാടകം കളിച്ചും തുള്ളല്‍പാട്ട് അവതരിപ്പിച്ചും സമയം ചിലവിട്ടു.

ചേമ്പര്‍ നശിപ്പിക്കുന്നു
സഭയ്ക്ക് അകത്തേക്ക് കടക്കുന്ന എല്ലാ വാതിലുകളും വാച്ച് ആന്‍ഡ് വാര്‍ഡ് പുലര്‍ച്ചെ തന്നെ നിയന്ത്രണത്തിലാക്കി. വനിതാ എം.എല്‍.എമാരെ ഉപയോഗിച്ച് മാണിയെ തടയാം എന്ന തന്ത്രമാണ് എല്‍.ഡി.എഫ് പ്ലാന്‍ ചെയ്തത്. ഭരണപക്ഷത്താകട്ടെ മന്ത്രി ജയലക്ഷ്മി മാത്രമാണ് വനിതാ അംഗം. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് പ്രതിപക്ഷനീക്കം തടയാമെന്ന് ഭരണപക്ഷം തന്ത്രം മെനഞ്ഞു.
അതിനിടെ, മുഖ്യമന്ത്രിക്ക് അടുത്ത കസേരയിലിരിക്കേണ്ട മാണി പിന്‍നിരയിലെത്തുമെന്ന് എട്ട് മണിയോടെ അഭ്യൂഹം പരന്നു.
അതോടെ പ്രതിപക്ഷം അറ്റകൈ പ്രയോഗം തന്നെ നടത്തി. സ്പീക്കര്‍ നിയമസഭയിലേക്ക് വരുന്നത് ശ്രദ്ധയില്‍ പെട്ട പ്രതിപക്ഷം അക്രമാസക്തരായി സ്പീക്കറുടെ കസേര ഡയസില്‍ നിന്ന് താഴേക്ക് മറിച്ചിട്ടു. മുണ്ടുമടക്കിക്കുത്തി ഡയസില്‍ കയറിനിന്നാണ് ചിലര്‍ ഭരണപക്ഷത്തെ വെല്ലുവിളിച്ചത്. സ്പീക്കറെ ഡയസിലെത്താന്‍ അവര്‍ സമ്മതിച്ചില്ല.
ഈ സമയം ഭരണപക്ഷ ബഞ്ചിന്റെ പിന്‍ഭാഗത്തുള്ള വാതിലിലൂടെ എത്തിയ ധനമന്ത്രി പ്രതിപക്ഷത്തെ അമ്പരിപ്പിച്ചുകൊണ്ട് യുവ എം.എല്‍.എമാരായ ഷാഫി പറമ്പില്‍, എന്‍.ഷംസുദീന്‍, പി.സി വിഷ്ണുനാഥ് അടക്കമുള്ളവരുടെ അകമ്പടിയോടെ ഭരണപക്ഷ ബഞ്ചിലേക്ക് എത്തി.
പിന്നീട് സ്പീക്കര്‍ ധനമന്ത്രിയോട് ബജറ്റ് അവതരിപ്പിക്കാന്‍ ആംഗ്യം കാണിക്കുകയായിരുന്നു.
സാധാരണ മുഖ്യമന്ത്രിയുടെ അടുത്ത് രണ്ടാമത്തെ കസേരയില്‍ ഇരുന്ന് ബജറ്റ് അവതരിപ്പിക്കുന്നതിന് പകരം ഭരണപക്ഷ ബഞ്ചിന് പിന്നിലെ വാതിലിലൂടെ ഒളിച്ചും പാത്തും എത്തിയ മാണി, യു.ഡി.എഫ് വലയത്തിനും വാച്ച് ആന്‍ഡ് വാര്‍ഡ് ബാരിക്കേഡിനും ഉള്ളില്‍ നിന്നുകൊണ്ട് ബജറ്റ് വായന ആരംഭിച്ചു. ആമുഖം വായിച്ച് മാണി ബജറ്റ് സഭയുടെ മേശപ്പുറത്ത് വച്ചു.

തുടര്‍ന്ന് ഭരണപക്ഷം ഹര്‍ഷാരവം മുഴക്കി ലഡു വിതരണം ചെയ്തു. പോര്‍വിളിക്കും ഉന്തിനും തള്ളിനുമിടയില്‍ ചിലര്‍ ലഡുവിന്റെ മധുരം നുണയുന്നുണ്ടായിരുന്നു.
റിലീസ് ദിവസം ആദ്യ ഷോ കാണാന്‍ സൂപ്പര്‍താരത്തെ തിക്കിനും തിരക്കിനുമിടയില്‍ സംഘാടകര്‍ എത്തിക്കുന്ന രംഗം പോലെയായിരുന്നു അത്.
മാണി ബജറ്റ് അവതരിപ്പിക്കുന്നത് കണ്ടതോടെ പ്രതിപക്ഷത്തിന്റെ രോഷം ഇരട്ടിയായി. സ്പീക്കറുടെ ഡയസ് തല്ലിത്തകര്‍ത്ത് മൈക്കും കംപ്യൂട്ടറും എല്ലാം തല്ലിതകര്‍ത്ത് വലിച്ചെറിഞ്ഞു.
ഈ സമയം പ്രതിപക്ഷ പ്രതിഷേധം നയിച്ച വി.ശിവന്‍കുട്ടി കുഴഞ്ഞുവീണു. തുടര്‍ന്ന് കെ.കെ ലതികയും, കെ. അജിത്തും മോഹലാസ്യപ്പെട്ട് വീണു. ശിവന്‍കുട്ടിയ അദ്ദേഹത്തെ രണ്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ ചേര്‍ന്ന് എടുത്തുകൊണ്ട് മേശപ്പുറത്ത് കിടത്തി.
ഡോക്ടര്‍മാരെത്തി അദ്ദേഹത്തിന്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. അതിന് ശേഷം കെ.കെ ലതികയും, കെ. അജിത്തിനേയും, ശിവന്‍കുട്ടിയേയും ആസ്പത്രിയിലേക്ക് മാറ്റി. അസ്വസ്ഥത അനുഭവപ്പെട്ട സി.ദിവാകരനേയും വൈകാതെ ആസ്പത്രിയിലേക്ക് മാറ്റി.
മൈക്കില്ലാതെയാണ് മാണി അന്ന് തന്റെ ലഘുപ്രസംഗം നടത്തിയത്. പതിമൂന്നാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തില്‍ മാണിയുടെ പതിമൂന്നാം ബജറ്റ് എക്കാലവും കേരള രാഷ്ട്രീയത്തില്‍ ഓര്‍ക്കാനുള്ള എല്ലാ ചേരുവകളാലും സമ്പന്നമായിരുന്നു.
ഉത്തര്‍പ്രദേശിലും ബിഹാറിലും നിയമസഭകളില്‍ നടന്ന നാണംകെട്ട സംഭവങ്ങള്‍ ഒരിക്കലും പ്രബുദ്ധകേരളത്തില്‍ നടക്കില്ല എന്ന് ഊറ്റംകൊണ്ടവര്‍ക്ക് മുന്നിലാണ് ഇതെല്ലാം അന്ന് അരങ്ങേറിയത്. അന്ന് മികച്ച പ്രകടനം കാഴ്ചവെച്ച വി.ശിവന്‍കുട്ടി ഇന്ന് മന്ത്രിയാണ്. കയ്യാങ്കളി കേസിലെ പ്രതികളെല്ലാം വിചാരണ നേരിടണം. സര്‍ക്കാരിന്റെ ഹര്‍ജി തള്ളികൊണ്ട് 2015 മാര്‍ച്ച് 13 ആവര്‍ത്തിക്കരുതെന്ന സന്ദേശം തന്നെയാണ് സുപ്രീം കോടതി നല്‍കുന്നത്.
നിയമസഭ സിനിമാകൊട്ടകയോ ചന്തയൊ അല്ല. അതെന്നും ജനാധിപത്യത്തിന്റെ ശ്രീകോവില്‍ തന്നെയാണ്.
അന്നത്തെ പോരാട്ടത്തില്‍ ജയിച്ചെന്ന് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അവകാശപ്പെടാം. പക്ഷേ തോറ്റത് ഇതെല്ലാം ലൈവായി കണ്ട ജനമാണ്. ജനാധിപത്യമാണ്. അന്നത്തെ നാണക്കേട് ചരിത്രത്തില്‍ ഒരിക്കലും മായാത്ത കാഴ്ചയായി സഞ്ചരിക്കുന്നു. നാണംകെട്ട സംഭവം അരങ്ങേറിയിട്ട് ചുളുവില്‍ കേസ് തന്നെ പിന്‍വലിച്ച് തടിയൂരാന്‍ നോക്കിയതിന് കിട്ടിയ കനത്ത പ്രഹരമാണ് സുപ്രീംകോടതി വിധി. വിചാരണ നേരിടുന്നവരില്‍ ഒരാള്‍ ഇന്ന് മന്ത്രിയാണ്. വിചാരണ കോടതിയാണ് ഇനി ശിക്ഷയോ കുറ്റവിമുക്തനോ ആക്കി വിധി കല്‍പിക്കേണ്ടത്.
കെ.എം മാണിയെ എന്തുവന്നാലും ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നത് അഭിമാനപ്രശ്‌നമായി എടുത്താണ് പ്രതിപക്ഷം അന്ന് നിയമസഭയില്‍ ചെറുത്തത്. കെ.എം മാണി വിടവാങ്ങി. അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ആ പക്ഷം ഇന്ന് ഭരണപക്ഷത്ത് നില്‍ക്കുന്നു. രാഷ്ട്രീയത്തില്‍ സ്ഥായിയായ ശത്രുക്കളും മിത്രങ്ങളും ഇല്ല. അഴിമതിയുടെ കറ ഇപ്പോള്‍ അതേ മാണിയില്‍ ചാര്‍ത്താന്‍ ഭരണപക്ഷവുമില്ല. പക്ഷേ ലോകം മുഴുവന്‍ കണ്ട അന്നത്തെ നാടകങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല.
Content Highlight: Niyamasabha conflict case
Published: 28 Jul 2021, 11:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented