തിരുവനന്തപുരം: കുറ്റ്യാടി എംഎല്‍എ ആയിരുന്ന കെ.കെ. ലതികയെ മര്‍ദ്ദിച്ച കേസില്‍ കോണ്‍ഗ്രസിലെ രണ്ട് മുന്‍ എംഎല്‍എമാര്‍ക്കെതിരെ വാറണ്ട്. 2015 മാര്‍ച്ച് 13ന് നിയമസഭയില്‍ കയ്യാങ്കളി നടന്ന ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.  എംഎല്‍എമാരായിരുന്ന എം.എ വാഹിദ്, എ.ടി ജോര്‍ജ് എന്നിവര്‍ക്കെതിരേയാണ് വാറണ്ട്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

To advertise here,

2015 മാര്‍ച്ച് 13ന് അന്ന് ധനമന്ത്രി ആയിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഇടത് എംഎല്‍എമാര്‍ സഭയ്ക്കുള്ളില്‍ നടത്തിയ പ്രതിഷേധം കയ്യാങ്കളിയിലേക്കെത്തിയതിനിടെയാണ് കുറ്റ്യാടി എംഎല്‍എ ആയിരുന്ന ലതികയ്ക്ക് മര്‍ദ്ദനമേറ്റത്. ഈ കേസിലാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇരുവരോടും ഹാജരാകണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും എത്താത്തിനെ തുടര്‍ന്നാണ് വാറണ്ട്. 

ബജറ്റ് അവതരണം തടയാന്‍ ഇടത് എംഎല്‍എമാര്‍ പ്രതിഷേധിച്ചപ്പോള്‍ യുഡിഎഫ് എംഎല്‍എമാര്‍ പ്രതിരോധിച്ചിരുന്നു. ഇതിനിടെ പ്രതിരോധം മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് കെകെ ലതികയ്ക്ക് മര്‍ദ്ദനമേറ്റത് എന്നാണ് കേസ്. എം.എ വാഹിദ് കഴക്കൂട്ടത്തേയും എ.ടി ജോര്‍ജ് പാറശ്ശാലയില്‍ നിന്നുമുള്ള എംഎല്‍എമാരായിരുന്നു. ഇരുവരും സിറ്റിങ് മണ്ഡലങ്ങളില്‍ 2021ല്‍ തോല്‍ക്കുകയും ചെയ്തിരുന്നു.