തിരുവനന്തപുരം: നിയമസഭ കൈയാങ്കളിക്കേസിന്റെ തുടരന്വേഷണത്തിന് തിരുവനന്തപുരം സിജെഎം കോടതി സര്‍ക്കാരിന് അനുമതി നല്‍കി. കേസ് വിചാരണയ്‌ക്കെടുക്കുന്നതിന് തൊട്ടുമുമ്പായിട്ടാണ് തുടരന്വേഷണത്തിന് അനുമതി തേടി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചാണ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.

To advertise here,

കേസിന്റെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള നീക്കത്തിന്റെ ഭാഗമാണ് തുടരന്വേഷണ ആവശ്യമെന്ന് ആരോപണമുയര്‍ന്നിരുന്നു. 60 ദിവസത്തിനുള്ള തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ മൂന്ന് ആഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മന്ത്രി വി. ശിവന്‍കുട്ടി, മുന്‍മന്ത്രിമാരായ കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍ തുടങ്ങിയവരടക്കം ആറു പ്രതികളാണ് കേസിലുള്ളത്. കേസ് മുന്നോട്ടുപോയാല്‍ മന്ത്രി ശിവന്‍കുട്ടിക്കും അത് തിരിച്ചടിയാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തുടരന്വേഷണ നീക്കമെന്നാണ് ആരോപണം. ശിവന്‍കുട്ടിയെ കേസ് വിചാരണയില്‍നിന്ന് രക്ഷിക്കാനുള്ള തന്ത്രമാണിതെന്നാരോപിച്ച് കോണ്‍ഗ്രസ് തടസ്സഹര്‍ജിയുമായി വന്നിരുന്നു. തുടരന്വേഷണ നീക്കത്തെ നേരത്തെ കോടതിയും വിമര്‍ശിച്ചിരുന്നു.

തുടരന്വേഷണം ആവശ്യപ്പെട്ട് നേരത്തേ ഇടതുപക്ഷത്തെ മുന്‍ എം.എല്‍.എ.മാരായ ഇ.എസ്. ബിജിമോളും ഗീതാ ഗോപിയും കോടതിയെ സമീപിച്ചിരുന്നു. ഇവര്‍ ഹര്‍ജി പിന്‍വലിച്ച് പിന്‍വാങ്ങുകയും ചെയ്തു.

ബിജിമോളുടെയും ഗീതാഗോപിയുടെയും ആരോപണങ്ങളും അന്വേഷണവിധേയമാക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യം.  കേസ് നേരത്തെ അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തില്‍ സുപ്രീംകോടതിയില്‍ നിന്നടക്കം തിരിച്ചടി നേരിട്ടിരുന്നു.