ചാലക്കുടി: കോളേജ് അധ്യാപികയുടെ ഫോട്ടോ അനുവാദമില്ലാതെ അപകീർത്തി ഉണ്ടാകും വിധം സിനിമയിൽ ഉപയോഗിച്ചെന്ന പരാതിയിൽ നഷ്ടപരിഹാരം നൽകാൻ വിധി. ‘ഒപ്പം’ സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ പ്രിയദർശൻ എന്നിവരാണ് എതിർകക്ഷികൾ. കാടുകുറ്റി വട്ടോലി സജി ജോസഫിന്റെ ഭാര്യയും കൊടുങ്ങല്ലൂർ അസ്മാബി കോളേജ് അധ്യാപികയുമായ പ്രിൻസി ഫ്രാൻസിസ് അഡ്വ. പി. നാരായണൻകുട്ടി മുഖേനയാണ് കോടതിയിൽ അന്യായം ഫയൽ ചെയ്തത്.
പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവിലേക്കായി 1,68,000 രൂപയും നൽകാനാണ് ചാലക്കുടി മുൻസിഫ് എം.എസ്. ഷൈനിയുടെ വിധി. മോഹൻലാൽ നായകനടനായി അഭിനയിച്ച ഒപ്പം സിനിമയിൽ 29-ാം മിനിറ്റിൽ പോലീസ് ക്രൈം ഫയൽ മറിക്കുമ്പോൾ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിൻസി ഫ്രാൻസിസിന്റെ ചിത്രം നൽകിയത്. ഫോട്ടോ അനുവാദമില്ലാതെ തന്റെ ബ്ലോഗിൽനിന്ന് എടുക്കുകയായിരുന്നെന്ന് പരാതിക്കാരി പറഞ്ഞു. ഇത് മാനസിക വിഷമത്തിന് കാരണമായി. 2017-ൽ കോടതിയെ സമീപിച്ചു. എന്നാൽ പ്രതികൾ പരാതി നിഷേധിച്ചു.
തുടർന്ന് ആന്റണി പെരുമ്പാവൂർ, പ്രിയദർശൻ എന്നിവർക്ക് പുറമേ അസി.ഡയറക്ടർ മോഹൻദാസ് എന്നിവർക്കെതിരേ നോട്ടീസ് അയച്ചു. ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും ഫോട്ടോ ഒഴിവാക്കിയില്ല. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് കോടതിയെ സമീപിച്ചതെന്നും സാധാരണക്കാരായ സ്ത്രീകൾക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും പ്രിൻസി ഫ്രാൻസിസ് പറഞ്ഞു.
Content Highlights: College Lecturer Wins Defamation Case Against `Oppam` Makers
Published: 02 Apr 2025, 07:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented