കൊല്ലം:‘‘ഇനിയൊരാൾക്കും എന്റെ ഗതി ഉണ്ടാകരുത്...’’ മുഖ്യമന്ത്രിയുടെ കൈ പിടിച്ച് രേഷ്മ പറഞ്ഞു. ഒരു നിമിഷം മുഖ്യമന്ത്രിയും ഒപ്പമുണ്ടായിരുന്ന മന്ത്രി ഷിബു ബേബി ജോണും മറുപടിയില്ലാതെ സ്തബ്‌ധരായി. അവരെ നോക്കാൻപോലും മുറിയിലുണ്ടായിരുന്നവരുടെ കണ്ണുകൾക്ക് ധൈര്യമില്ലായിരുന്നു. ‘‘ഉറപ്പ്... സാധ്യമായതെല്ലാ ചെയ്യാം’’-മുഖ്യമന്ത്രി വൈകാരികമായി പറഞ്ഞൊപ്പിച്ചു.

To advertise here,

ഭക്ഷണം കഴിക്കാൻ രേഷ്മ കാട്ടുന്ന വിമുഖതയും വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യനിലയും ബന്ധുക്കളും ഷിബു ബേബി ജോണും ശ്രദ്ധയിൽപ്പെടുത്തി. ആരോഗ്യം നോക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരച്ചിലിന്റെ പുരോഗതിയും ബന്ധുക്കളോട് വിശദീകരിച്ചു. കൈപിടിച്ച്, ഒപ്പമുണ്ടാകുമെന്ന് ഒന്നുകൂടി ഉറപ്പ് നൽകിയാണ് മുഖ്യമന്ത്രി മുറി വിട്ടത്.

ജൂലായ് 31-ന് അപ്രതീക്ഷിതമായി ഉയർന്നുപൊങ്ങിയൊരു തിരമാല മറിച്ചിട്ടതാണ് രേഷ്മയുടെ ജീവിതം. ഉപജീവനത്തിനായി കടലിൽേപ്പായ അച്ഛനും ഭർത്താവും ചേതനയറ്റാണ് മടങ്ങിയെത്തിയത്. ഒപ്പമുണ്ടായിരുന്ന മകനെവിടെയെന്ന ചോദ്യത്തിന് 12 ദിവസമായിട്ടും മറുപടിയില്ല. കരഞ്ഞുതളർന്ന കണ്ണുകളും പിടയുന്ന നെഞ്ചുമായി കാത്തിരുന്നിട്ടും ഫലമില്ലാതെ വന്നതോടെയാണ് അവർ തനിച്ച് പ്രതിഷേധിക്കാനിറങ്ങിയത്.

കടൽരക്ഷാപ്രവർത്തനത്തിന് കുറ്റമറ്റ സംവിധാനമുണ്ടാക്കും -മുഖ്യമന്ത്രി

: കടലിൽ പോകുന്നവരുടെ സുരക്ഷയുറപ്പാക്കുന്നതിനും തിരച്ചിലിനും അടിസ്ഥാന നടപടിക്രമങ്ങൾ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനായി ആധുനിക സംവിധാനങ്ങൾക്കൊപ്പം മത്സ്യത്തൊഴിലാളികളുടെ കടലറിവും പ്രയോജനപ്പെടുത്തും. നീണ്ടകരയിൽ കടലിൽ കാണാതായ പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി അമ്മ രേഷ്മയെ ആശ്വസിപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിലിൽ വീഴ്ചയുണ്ടായിട്ടില്ല. കാലാവസ്ഥ പ്രതികൂലമായപ്പോഴല്ലാതെ തിരച്ചിൽ നടക്കാതിരുന്നിട്ടില്ല. സമീപകാല ചരിത്രത്തിലെങ്ങും ഉണ്ടാകാത്ത സമഗ്രമായ തിരച്ചിലാണ് കടലിൽ നടക്കുന്നത്. പരമാവധി സന്നാഹങ്ങളുപയോഗിച്ച് തിരച്ചിൽ തുടരും. ഗൗതമിന്റെ കുടുംബത്തിന് സാധ്യമായ സഹായങ്ങളെല്ലാം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. മന്ത്രി ഷിബു ബേബിജോൺ കുടുംബത്തോടൊപ്പം ആദ്യ ദിവസം മുതലുണ്ടായിരുന്നവെന്നും മുഖ്യമന്ത്രി പറഞ്ഞു.