തിരുവനന്തപുരം: ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ കേരളത്തിലെ സിപിഎം അസ്വസ്ഥരാകുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരുതരത്തിലുള്ള അക്രമങ്ങളും സർക്കാർ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകി. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഇന്നലെ തിരുവനന്തപുരത്ത് അക്രമ സംഭവങ്ങളുണ്ടായതെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.

To advertise here,

'മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബിജെപിക്കും എതിരെയാണ് യൂത്ത് കോൺഗ്രസ് സമരം നടത്തിയത്. ബിജെപിക്കെതിരെ കോൺഗ്രസും പോക്ഷക സംഘടനകളും സമരം നടത്തുമ്പോൾ കേരളത്തിലെ സിപിഎം എന്തിനാണ് അസ്വസ്ഥരാകുന്നത്? സംഘ്പരിവാറിനെതിരെ കോൺഗ്രസ് ആർജവത്തോടെ സമരം നടത്തുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തുകൊണ്ടാണ്?' -മുഖ്യമന്ത്രി ചോദിച്ചു.

'സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഇന്നലെ തിരുവനന്തപുരത്ത് അക്രമ സംഭവങ്ങളുണ്ടായത്. കരുതിക്കൂട്ടിയുള്ള നീക്കമാണ് സിപിഎം നടത്തിയത്. എസ്എഫ്‌ഐക്കാർ മനഃപൂർവം പ്രകോപനം സൃഷ്ടിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ബിയർ കുപ്പികളും കല്ലും വലിച്ചെറിഞ്ഞു. ഏതാനും ദിവസങ്ങളായി യുവമോർച്ചയും ബിജെപിയും നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. അതിന്റെ തുടർച്ചയാണ് ഇന്നലെ രാത്രി തിരുവനന്തപുത്ത് എസ്എഫ്‌ഐയും സിപിഎമ്മും കാട്ടിയത്. സിപിഎമ്മും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്.' -മുഖ്യമന്ത്രി തുടർന്നു.

'ഒരു തരത്തിലുള്ള അക്രമ പ്രവർത്തനങ്ങളും സർക്കാർ അനുവദിക്കില്ല. നാട്ടിൽ കലാപ അന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടിയുണ്ടാകും. ജനങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കാൻ ആര് ശ്രമിച്ചാലും അവർ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും.' -മുഖ്യമന്ത്രി വ്യക്തമാക്കി.