തിരുവനന്തപുരം: വഖഫ് ബിൽ കൊണ്ട് മുനമ്പം പ്രശ്നം തീരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് നിയമ ഭേദഗതി ആണ് മുനമ്പം പ്രശ്നത്തിന്റെ പരിഹാരമെന്ന് ബിജെപി പ്രചരിപ്പിച്ചെന്നും എന്നാൽ അത് അങ്ങനെ അല്ലായിരുന്നുവെന്നും കേന്ദ്രമന്ത്രി കിരൺ റിജിജുവിനെക്കൊണ്ട് വന്നുള്ള ബിജെപി രാഷ്ട്രീയം പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വഖഫ് ബില്ലിലൂടെ മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഖഫ് വിഷയത്തിൽ കോൺഗ്രസിനേയും മുസ്ലിം ലീഗിനേയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപിക്ക് പിന്തുണ നൽകുന്ന നിലപാടാണ് പ്രതിപക്ഷനേതാവിന്റെ ഭാഗത്ത് നിന്നുണ്ടായത്. തളിപ്പറമ്പ് സർ സെയ്ദ് കോളേജുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പ് വ്യക്തമെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് വഖഫ് ഭൂമിയുടെ കാര്യത്തിൽ ലീഗിന് പരസ്പരവിരുദ്ധ നിലപാട് ഉണ്ടാകുന്നുവെന്നും അദ്ദേഹം ചോദിച്ചു.
മുനമ്പത്തെ ജനങ്ങളെ എങ്ങനെ സംരക്ഷിക്കാനാകും എന്നതിനാണ് സംസ്ഥാന സർക്കാർ പ്രാമുഖ്യം നൽകിയത്. അതിന് വേണ്ടിയാണ് സിഎംആർ കമ്മിഷനെ നിയോഗിച്ചത്. എന്നാൽ അതിൽ തർക്കമുണ്ടായി. സമരം അവസാനിപ്പിച്ച് കമ്മിഷൻ റിപ്പോർട്ട് വരെ കാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. അവർ സ്വീകരിച്ചില്ല. അവർക്ക് മറ്റു ചില പ്രതീക്ഷകൾ ഉണ്ടായിരുന്നു. അത് ചിലർ പോയി പറഞ്ഞപ്പോൾ ഉണ്ടായതാണ്. ഇത് വഖഫുമായി ബന്ധപ്പെട്ട വിഷയമാണല്ലോ? അതിൽ എങ്ങനെയൊക്കെ ആശയക്കുഴപ്പമുണ്ടാക്കി മുതലെടുക്കാൻ പറ്റും. കുളം കലക്കി മീൻപിടിക്ക എന്ന് പറയാറില്ലേ. അങ്ങനെ ഒരു നടപടിയിലാണ് ചിലർ വലിയ താത്പര്യം കാണിച്ചത്. യഥാർത്ഥത്തിൽ അതിൽ ഏറ്റവും മുൻപന്തിയിൽ നിന്നത് ബിജെപിയാണ്. സംഘപരിവാറിന്റെ അജണ്ട എന്ന രീതിയിലാണ് ആ കാര്യങ്ങൾ വന്നത്.
വഖഫ് നിയമഭേദഗതി ബിൽ മുനമ്പം വിഷയത്തിന്റെ ശാശ്വത പരിഹാരം എന്ന് പറഞ്ഞുള്ള പ്രചരണം ചിലർ അഴിച്ചുവിട്ടു. അത് പൂർണ്ണ തട്ടിപ്പെന്ന് വ്യക്തമായി. പുതിയ നിയമം ഭരണഘടനയുടെ 26-ാം അനുച്ഛേദത്തിന്റെ ലംഘനമാണ്. അത് ചർച്ചയിലുള്ള വിഷയമാണ്.
ഒരു തരത്തിലുള്ള മുസ്ലിം അപരവത്കരണത്തിലൂടെ രാഷ്ട്രീയ നേട്ടത്തിനുള്ള അവസരങ്ങളായിട്ടാണ് സംഘപരിവാർ ബില്ലിനെ കണ്ടത്. കഴിഞ്ഞ ആഴ്ച ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു, ഇതിപ്പോ മുസ്ലിമിനെതിരേ എന്ന് ചിന്തിക്കുന്നുണ്ടെങ്കിലും അത് മുസ്ലിമിനെതിരേ മാത്രമല്ല നിൽക്കുന്നത്. അതാണ് ഓർഗനൈസറുടെ ലേഖനം പിന്നീട് വ്യക്തമാക്കിയത്.
ഇതിൽ ഒരുകാര്യം മറന്നുപോകരുത്. ആർഎസ്എസിന് അടിസ്ഥാന നിലപാടുണ്ട്. രാജ്യത്തിന്റെ ആഭ്യന്തര ശത്രിക്കളായിട്ടാണ് ന്യൂനപക്ഷങ്ങളെ അവർ കാണുന്നത്. മുസ്ലിങ്ങളേയും ക്രിസ്ത്യാനികളുടേയും പേര് മാത്രമേ അവര് പറഞ്ഞിട്ടുള്ളു. അതിന്റെ ഭാഗമായ സമീപനമാണ് അവർ സ്വീകരിക്കുന്നത്.
ഈ ബില്ലിൽ വെറുപ്പിന്റേയും വിഭജനത്തിന്റേയും രാഷ്ട്രീയമാണ് അതിന്റെ ഉള്ളടക്കമായി വന്നത്. അങ്ങേയറ്റം ന്യൂനപക്ഷ വിരുദ്ധമായതും ഭൂരിപക്ഷ വർഗീയതയെ സംതൃപ്തിപ്പെടുത്തുന്നതുമായ ഒരു നടപടിയിലേക്കാണ് നിർഭാഗ്യവശാൽ കേന്ദ്ര സർക്കാർ കടന്നത്. അതുകൊണ്ടാണ് കേരള നിയമസഭ അതിനെതിരേ ഏകകണ്ഠമായി പ്രമേയം അംഗീകരിച്ചത്.
ഭരണഘടനാ വിരുദ്ധമായ ബിൽ പാർലമെന്റ് പാസാക്കി. മുനമ്പത്തെ വിഷയത്തിനുള്ള ഒറ്റമൂലിയാണ് ഇത് എന്ന ആഖ്യാനം സംഘപരിവാർ വലിയതോതിൽ പ്രചരിപ്പിച്ചു. ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളും കണക്കുകൂട്ടലുകളും ഉണ്ടായി. വഖഫ് ഭേദഗതി നിയമം വന്നതുകൊണ്ട് മുനമ്പത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ല. നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല എന്ന് കേന്ദ്ര മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാസായ ബില്ലിലെ ഏത് ക്ലോസ് ആണ് മുനമ്പത്തെ പ്രശ്നം പരിഹരിക്കുന്നത് എന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നില്ല എന്ന് കഴിഞ്ഞ പത്ര സമ്മേളനത്തിൽ പറഞ്ഞത് ഓർക്കുന്നുണ്ടാകും. ഇതേവരെ ആരും വ്യക്തമാക്കിയിട്ടില്ല.
കേന്ദ്ര മന്ത്രി കിരൺ റിജിജു വന്നു. അദ്ദേഹത്തെ മുനമ്പത്ത് എത്തിച്ചാണ് ബിജെപി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം നടത്തിയത്. അദ്ദേഹം കൊച്ചിയിൽ വെച്ച് പത്രസമ്മേളനം നടത്തി. അദ്ദേഹത്തിന്റെ വായിൽ നിന്ന് സത്യം വീണുപോയി.
മുനമ്പത്തുള്ളവരെ പറഞ്ഞു പറ്റിക്കാനാണ് ബിജെപി ശ്രമിച്ചത്. മുനമ്പത്തെ ജനങ്ങളുടെ വിഷയങ്ങൾ ന്യായമാണ്. അതിന്റെ പരിഹാരത്തിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അതിൽ ആർക്കും സംശയം വേണ്ട. ആ ജനതയെ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. അതിനൊരു നിയമപരമായ പരിരക്ഷവേണം. അത് പരിശോധിച്ചുകൊണ്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: cm pinarayi vijayan on munambam issue press meet
Published: 16 Apr 2025, 07:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented