കോഴിക്കോട്: സ്വർണക്കടത്തുകാരെ പറയുമ്പോൾ ചിലർക്ക് പൊള്ളുന്നതെന്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണത്തിന് പിന്നിൽ ചില വർഗീയ ശക്തികളുണ്ട്. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയത പരസ്പര പൂരകമായാണ് പ്രവർത്തിക്കുന്നത്. ഇത് രണ്ടിനെതിരേയും ശക്തമായി എതിർക്കും. ന്യൂനപക്ഷ വർഗീയതയ്‌ക്കെതിരെയാണ് പ്രവർത്തിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തിനെതിരെയല്ല. സ്വർണക്കടത്തും ഹവാല ഇടപാടും ഏറ്റവും കൂടുതൽ നടക്കുന്നത് മലപ്പുറത്താണെന്ന് കണക്കുകൾ നിരത്തി മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി നിർമിച്ച എ.കെ.ജി. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

കോഴിക്കോട് വിമാനത്താവളം മലപ്പുറത്താണ് സ്ഥിതിചെയ്യുന്നത്. 2020 മുതലുള്ള സ്വർണക്കടത്തിൽ കേരളത്തിൽ പിടിക്കപ്പെട്ടത് 147.79 കിലോഗ്രാം ആണ്. അതിൽ 124.47 കിലോഗ്രാമും കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ടാണ് പിടിക്കപ്പെട്ടത്. സ്വാഭാവികമായും അത് വിമാനത്താവളം സ്ഥിതിചെയ്യുന്ന ജില്ലയുടെ കാര്യത്തിൽ എണ്ണപ്പെടും. അതിനെ മലപ്പുറത്തിനെതിരായി ചിത്രീകരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

2022-ൽ കരിപ്പൂരിൽ 37 കോടി രൂപയുടെ സ്വർണം പിടിച്ചു. 2023-ൽ 32.81 കിലോഗ്രാമും പിടികൂടി. 19 കോടി രൂപയോളം വരുമിത്. ആകെ 156 കേസുകൾ രജിസ്റ്റർ ചെയ്തു. ഇത് വേർതിരിച്ചുപറയുകയാണ് ചെയ്തത്. ഹവാല പണം ഏറ്റവും പിടികൂടിയതും മലപ്പുറം ജില്ലയിലാണ്. സംസ്ഥാനത്താകെ 122 കോടി രൂപയുടെ ഹവാലപണം പിടിച്ചു. ഇതിൽ 87 കോടി രൂപയുടെ ഹവാല പണം പിടികൂടിയത് മലപ്പുറത്താണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ വിശദീകരിക്കുന്നത് ജില്ലക്കെതിരായി ചിത്രീകരിക്കരുത്. 

ഏതെങ്കിലും ജില്ലയെയോ ഏതെങ്കിലും മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം എന്റെ ഭാഗത്തുനിന്നുണ്ടാവാറില്ലെന്ന് നിങ്ങൾക്ക് എല്ലാവർക്കുമറിയാം. വർഗീയതക്കെതിരേ എല്ലാ ഘട്ടത്തിലും ശക്തമായി വിയോജിക്കും. വർഗീയ ശക്തികളെ തുറന്നെതിർക്കും. വർഗീയശക്തികൾ എന്നത് ഏതെങ്കിലും മതവിഭാഗമല്ല. ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയ നിലപാട് സ്വീകരിക്കുന്ന ആർ.എസ്.എസിനെ എതിർക്കുന്നുണ്ട്. ന്യൂനപക്ഷ വർഗീയതെയും ഭൂരപക്ഷ വർഗിയതെയും എതിർക്കാറുണ്ട്. ന്യൂനപക്ഷ വർഗീയതയെ എതിർക്കുക എന്ന് പറഞ്ഞാൽ ന്യൂനപക്ഷ വിഭാഗത്തെ എതിർക്കുക എന്ന അർഥമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഹവാല, സ്വർണക്കടത്തുകാരെ പിടികൂടുമ്പോൾ ചിലർക്ക് പൊള്ളുന്നതെന്തിനാണ്? ഇത് രാജ്യത്ത് സംഭവിക്കുമ്പോൾ അതിനെതിരേ നിയമസംവിധാനം ശരിയാംവിധം പ്രവർത്തിക്കുന്നില്ലെങ്കിൽ അതിലെ വീഴ്ചയാണ് ചൂണ്ടിക്കാണിക്കേണ്ടത്. ഇതിലൊന്നും പോലീസ് ഒരു നടപടിയുമെടുക്കേണ്ടന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ കരുതുന്നുണ്ടോ? തെറ്റ് ഒരു തരത്തിലും അംഗീകരിക്കില്ല. സ്വർണക്കടത്തും ഹവാല പണവും രാജ്യസ്നേഹനടപടിയാണ്, അതിനുനേരെ പോലീസ് കണ്ണടക്കണം എന്നാർക്കെങ്കിലും പറയാനാവുമോ? അതിനെതിരായ നടപടികൾ കർശനമായ തുടരുകതന്നെ ചെയ്യും, മുഖ്യമന്ത്രി പറഞ്ഞു.

വർഗീയ ശക്തികൾ പിന്നിലുണ്ടെന്ന് കരുതി നാക്ക് വാടകയ്ക്ക് കൊടുത്ത് എന്തും വിളിച്ചുപറയാമെന്ന് ആരും കരുതേണ്ടെന്ന് പി.വി. അൻവർ വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വഴിയിൽനിന്ന് വായിൽ തോന്നിയത് വിളിച്ചുകൂവിയാൽ അതുകേട്ട് നടപടിയെടുക്കുന്ന പാർട്ടിയല്ല സി.പി.എം. പാർട്ടിക്ക് അതിന്റേതായ സംഘടനാ രീതിയുണ്ട്. ആ ചട്ടക്കൂടിൽ ഒതുങ്ങിനിന്നാണ് പാർട്ടി പ്രവർത്തിക്കുന്നത്. പാർട്ടിയെ തെറ്റിലേക്ക് വലിച്ചിഴക്കാമെന്ന് ആരും കരുതേണ്ട-മുഖ്യമന്ത്രി പറഞ്ഞു.
ിച്ച
എന്തോ പ്രത്യേക ഉദ്ദേശ്യത്തോടെ ഈ നാടിന്റെ സംവിധാനങ്ങളെ തകിടംമറിക്കാനുള്ള നീക്കങ്ങളാണ് ചിലർ നടത്തുന്നത്. ഇക്കാര്യം ശ്രദ്ധിച്ചാൽ അത് ആർക്കുവേണ്ടിയാണെന്നും പിറകിൽ ആരാണെന്നുമെല്ലാം മനസ്സിലാക്കാനാവും. അൻവറിന്റെ ആരോപണങ്ങൾ ഗൗരവത്തിലെടുത്തതാണ്. ആരോപണത്തിന് പിന്നിലെ ഉദ്ദേശ്യം എന്തെന്ന് പരിശോധിക്കാൻ പോയില്ല. പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നു. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് നടപടികളിലേക്ക് കടക്കും. ഇതാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.