തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ അഴിമതി നടത്തുന്നവരുടെയും കൈക്കൂലി വാങ്ങുന്നവരുടെയും പട്ടിക തയ്യാറാക്കി നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈക്കൂലി ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരെ കുടുക്കാന്‍ വിഎസിബി ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ് എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. 700 ഉദ്യോഗസ്ഥര്‍ അഴിമതിക്കാരുടെ പട്ടികയിലുണ്ടെന്നും പട്ടികയിലുള്ള ചില ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയിലായതായും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതി സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് തുടര്‍നടപടിയിലേക്ക് പോകും. നിരന്തരം അഴിമതിയും സ്വജനപക്ഷപാതവും ക്രമക്കേടും നടത്തുന്നവരുടെയും കൈക്കൂലി വാങ്ങുന്നവരുടെയും പട്ടിക തയ്യാറാക്കി നിരീക്ഷിക്കുന്നുണ്ട്. പട്ടികയിലുള്ള ചില ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയിലായിട്ടുണ്ട്. സംസ്ഥാനത്തെ വിജിലന്‍സ് കോടതികളിലുള്ള കേസുകളുടെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനുള്ള കര്‍ശന നിര്‍ദേശം വിജിലന്‍സിന്റെ നിയമവിഭാഗത്തിനും പ്രോസിക്യൂട്ടര്‍മാര്‍ക്കും നല്‍കി. - മുഖ്യമന്ത്രി പറഞ്ഞു.
'പൊതുജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി അവരുടെ ക്ഷേമത്തിനും ദുരിതനിവാരണത്തിനുമായി പ്രവര്‍ത്തിക്കേണ്ട വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന അഴിമതി അതീവഗൗരവമുള്ള വിഷയമാണ്. ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യുമ്പോള്‍ അവരെ കുടുക്കാന്‍ വിഎസിബി ഓപ്പറേഷന്‍സ് സ്‌പോട്ട് ട്രാപ് എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. എല്ലാ ഓഫീസുകളിലും വിവരദാതാക്കളുടെ ശൃംഖല വികസിപ്പിച്ചെടുക്കുകയും അഴിമതിക്കാരെ നിരീക്ഷിക്കുകയും കൈക്കൂലി ആവശ്യപ്പെടുന്നതിനെതിരേ പരാതി നല്‍കാന്‍ സാധാരണക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.'
ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഫലമായി 2025 ജനുവരി,ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളിലായി അഴിമതിക്കാരായ 36 പേരെ അറസ്റ്റ് ചെയ്തു. 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിജിലന്‍സിന്റെ ചരിത്രത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ ഇത്രയധികം ട്രാപ് കേസുകളും അറസ്റ്റുകളും നടക്കുന്നത് ഇതാദ്യമായാണ്. ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കൈക്കൂലിക്കാരായ 700-ഓളം ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളുടെ നടത്തിപ്പും വികസനപ്രവര്‍ത്തനങ്ങളും ദൈനംദിനജീവിതപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളും സുതാര്യമായും കാര്യക്ഷമതയോടെയും ജനങ്ങളിലെത്തിക്കലാണ് പ്രധാനം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ സാധ്യതയുള്ള അഴിമതിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുകയെന്നതും പ്രധാനലക്ഷ്യമാണ്. സീറോ ടോളറന്‍സ് ടു കറപ്ഷന്‍ എന്നൊരു നയം തന്നെ ഇതിനായി നടപ്പാക്കുകയാണ്. - മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: cm pinarayi vijayan on corruption employees
Published: 16 Apr 2025, 08:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented