തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ക്കുള്ള പ്ലാസ്മ തെറാപ്പിക്കായി രോഗമുക്തരുടെ സഹകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്ലാസ്മ ദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒക്ടോബര്‍ ഒന്ന്  മുതല്‍ കോട്ടയം ജില്ലയില്‍ പ്രത്യേക ക്യാംപയിന്‍ ആരംഭിക്കും. പ്രതിദിനം അഞ്ച് പേരെ വീതം പങ്കെടുപ്പിച്ച് നൂറ് ദിവസം കൊണ്ട് 500 പേരുടെ പ്ലാസ്മ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

To advertise here,

''സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാവുന്നവരുടെ ചികിത്സയ്ക്ക് പ്ലാസ്മ തെറാപ്പി നടത്തിവരുന്നുണ്ട്. ഇതിനാവശ്യമായ പ്ലാസ്മയുടെ ലഭ്യത ഉറപ്പാക്കുന്നതിന് കോവിഡ് രോഗമുക്തരായവരുടെ സഹകരണം ആവശ്യമാണ്. ഇവര്‍ക്ക് പ്ലാസ്മദാനം ചെയ്തവര്‍ക്ക് നിലവില്‍ ചികിത്സയിലുള്ളവരെ സഹായിക്കാനാവും. 

രോഗം ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ആന്റിബോഡിയാണ് പ്ലാസ്മ തെറാപ്പിക്ക് ഉപയോഗിക്കുന്നത്. പതിനെട്ടിനും അമ്പത് വയസ്സിനുമിടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്. സാധാരണ രക്തദാനത്തേക്കാള്‍ ലളിതമായ നടപടിയാണിത്. രോഗം ഭേദമായി രണ്ടാഴ്ചയെങ്കിലും കഴിഞ്ഞവര്‍ക്ക് ഒന്നോ അതിലധികമോ തവണ പ്ലാസ്മ നല്‍കാം. 

പ്ലാസ്മ ലഭിക്കാത്ത പ്രശ്‌നം തൃശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു, ഈ പ്രശ്‌നം പരിഹരിക്കാനാണ് ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്''- മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യത കോവിഡ് ചികിത്സയുള്ള എല്ലാ ആശുപത്രികളിലും ഉറപ്പാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കാവശ്യമായ ഓക്‌സിജന്‍ സൗജന്യമായി നല്‍കാമെന്നാണ് ബിപിസിഎല്‍, പ്രോഡെയര്‍ എയര്‍ പ്രൊഡക്ട്‌സ് എന്നിവര്‍ സംയുക്തമായി എറണാകുളം ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ട്.

ഇന്‍ഡസ്ട്രിയല്‍ ഓക്‌സിജന്‍ മെഡിക്കല്‍ ഓക്‌സിജനായി രൂപാന്തരപ്പെടുത്തി സിലിണ്ടറുകളായോ ആശുപത്രി ടാങ്കുകളിലേക്കോ വിതരണം ചെയ്യും. 20 ലക്ഷം രൂപ വിലമതിക്കുന്ന 90 ടണ്‍ ഓക്‌സിജനാണ് സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഭ്യമാക്കുക. ഇതിനായുള്ള സമ്മതപത്രം കൈമാറിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Content Highlights: CM Pinarayi Vijayan appeal covid discharged people to donate Plasma