കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണം ബാങ്ക് തിര‍ഞ്ഞെടുപ്പിലുണ്ടായ പരാജയത്തെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ കോൺ​ഗ്രസ് പ്രഖ്യാപിച്ച ഹർത്താലിനിടെ സംഘർഷം. സ്വകാര്യ ബസ് തടയാൻ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ രം​ഗത്തെത്തിയത് ബസ് ജീവനക്കാരും പ്രവർത്തകരും തമ്മിൽ വാക്കേറ്റത്തിന് കാരണമായി. ഉന്തും തള്ളിലേക്കുംവരെ കാര്യങ്ങളെത്തി. ജീവനക്കാരും യാത്രക്കാരും പ്രതിഷേധിച്ചതോടെ പോലീസ് ഇടപെട്ടു. ഇതോടെ, പോലീസിനെതിരെയായി പ്രവർത്തകരുടെ രോഷം. 

To advertise here,

പുലർച്ചെ ആറിന് ആരംഭിച്ച ഹർത്താൽ സമാധാനപരമായിരുന്നു. ന​ഗരങ്ങളിൽ വാഹനങ്ങളോടുകയും കടകൾ തുറക്കുകയും ചെയ്തു. രാവിലെ പത്തോടെയാണ് പ്രവർത്തകർ ബസ് തടയാനും കടകൾ അടയ്ക്കാനും രം​ഗത്തെത്തിയത്. ഇതോടെ, കടയുടമകൾ സ്ഥാപനങ്ങൾ അടയ്ക്കാൻ നിർബന്ധിതരായി. നിരത്തിലിറങ്ങിയ സ്വകാര്യ ബസ് ജീവനക്കാരോട് ബസ് ഒതുക്കാനും യാത്രക്കാരെ ഇറക്കിവിടാനും ആവശ്യപ്പെടുന്ന വീഡിയോകൾ പുറത്തുവന്നു. 

അതേസമയം, പോലീസിനെ അധിക്ഷേപിച്ച് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ രം​ഗത്തെത്തി. "പോലീസ് ഇവിടെ ശിഖണ്ഡികളായി മാറിയിരിക്കുന്നു. മിസ്റ്റർ അസിസ്റ്റന്റ് കമ്മിഷണർ, ഞങ്ങളുടെ അടുത്ത് വേണ്ട. അതിന് ശ്രമിച്ചാൽ ആ കൈ പൊള്ളിയിരിക്കും. കോഴിക്കോട്ടെ കോൺ​ഗ്രസാണ് പറയുന്നത്", എന്ന് പ്രവീൺകുമാർ പറഞ്ഞു. 

ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് കോൺ​ഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഇത്തവണ സി.പി.എം പിന്തുണയുള്ള സഖ്യം പിടിച്ചെടുത്തിരുന്നു.