
കൊല്ലം: കോർപ്പറേഷനിൽ ഇടത് കൗൺസിലർമാർക്കിടയിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക്. മേയറുടേത് ഏകാധിപത്യപരമായ നിലപാടുകളാണെന്നാരോപിച്ച് ഭരണപക്ഷത്തുള്ളവർതന്നെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. കൗൺസിലർമാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലും പോര് കടുക്കുകയാണ്.
സ്വച്ഛതാ ഹി സേവാ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി എം.ബി.രാജേഷ് പങ്കെടുത്ത ചടങ്ങ് കൊല്ലം കോർപ്പറേഷനിൽ നടന്നിരുന്നു. ചടങ്ങ് മേയർ പ്രഹസനമാക്കിയെന്ന ആരോപണമാണ് ഒടുവിലത്തേത്.
മന്ത്രി പങ്കെടുത്ത യോഗം മാലിന്യസംസ്കരണച്ചുമതല നിർവഹിക്കുന്ന സി.പി.എം.-സി.പി.ഐ. അംഗങ്ങളെപ്പോലും അറിയിച്ചില്ല. കൗൺസിലർമാരെ വിവരമറിയിക്കാതെ ഉദ്യോഗസ്ഥരെ യോഗത്തിന് പിടിച്ചിരുത്തുകയായിരുന്നു.
പ്രധാന പരിപാടികൾപോലും മേയർ തങ്ങളെ അറിയിക്കാറില്ലെന്ന് സി.പി.എം. കൗൺസിലർമാരും പറയുന്നു.
ക്രമക്കേടുകൾ തടയുമെന്ന് മേയർ
പാർക്കുകളടക്കമുള്ളവയിൽ കരാറുകാർ നടത്തിയ അനധികൃത ഇടപെടലുകൾ തടഞ്ഞതായി മേയർ പ്രസന്ന ഏണസ്റ്റ്. പലപ്പോഴും ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഇടപെടാറില്ല. ക്രമക്കേടുകൾക്കെതിരേ നടപടിയുണ്ടാകുമെന്നും അവർ അറിയിച്ചു.
കരാറുകാർക്ക് ‘വഴിവിട്ട സഹായ’മെന്ന്, വാട്സാപ്പിലും കലഹം
കോർപ്പറേഷൻവക പാർക്കുകളും മറ്റും കരാറെടുക്കുന്നവർക്ക് വഴിവിട്ട സഹായങ്ങൾ ചെയ്യുന്നതും ഇടത് കൗൺസിലർമാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
അനധികൃത വഴിയോരക്കച്ചവടക്കാർക്കും പിന്തുണയുണ്ട്. ഇതുമൂലം കൊല്ലത്തെ വ്യാപാരമേഖല തകർച്ചയിലാകുന്നു. മെട്രോ നഗരങ്ങളിൽപ്പോലും ഇല്ലാത്തത്ര വഴിയോരക്കച്ചവടമാണ് കൊല്ലത്ത് നടക്കുന്നതെന്ന് കൗൺസിലർമാർ ആരോപിക്കുന്നു.
കൗൺസിലർമാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ മേയർ സ്വകാര്യ ചടങ്ങുകളിലടക്കം പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിനെച്ചൊല്ലി കലഹം പതിവാണ്. ഒരേ ചിത്രങ്ങൾതന്നെ പത്തും പതിനഞ്ചും തവണ പോസ്റ്റ് ചെയ്യുന്നു. ഉദ്യോഗസ്ഥരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.
ഭരണപക്ഷ-പ്രതിപക്ഷ കൗൺസിലർമാർ പലതവണ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. വികസനപ്രശ്നങ്ങൾ കൗൺസിലർമാർ ചൂണ്ടിക്കാട്ടിയാൽ സെക്കൻഡുകൾക്കുള്ളിൽ മേയർ, ഗ്രൂപ്പ് അഡ്മിൻ ഒൺലി ആക്കുന്നതായാണ് പരാതി. ബി.ജെ.പി. കൗൺസിലർമാർ ഇതേപ്പറ്റി പരസ്യപ്രതികരണം നടത്തുകയും ചെയ്തു
Content Highlights: Clash between left councillors in Kollam corporation
Published: 22 Sept 2024, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented