കൊല്ലം: കൊല്ലം കോർപ്പറേഷനിലെ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച റിപ്പോർട്ടിലെ മുനവെച്ച പരാമർശത്തിൽ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റിയിൽ ഇറങ്ങിപ്പോക്ക്. മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വി.കെ. അനിരുദ്ധനാണ് ഇറങ്ങിപ്പോയത്.

To advertise here,

കൊല്ലം കോർപ്പറേഷനിലെ തോൽവിക്ക് കാരണം, പൊതുസമ്മതനായ മേയർ സ്ഥാനാർഥിയെ അവതരിപ്പിക്കാത്തതാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മേയർ സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന വി.കെ. അനിരുദ്ധൻ, ഇതിനുപിന്നാലെ എഴുന്നേറ്റു. സാംബശിവന്റെ കഥാപ്രസംഗം കേട്ടും വിപ്ലവ നാടകങ്ങൾ കണ്ടും പാർട്ടിയോടടുത്ത, താൻ എന്നും പാർട്ടി താത്‌പര്യത്തിനുവേണ്ടി മാത്രമേ നിലയുറപ്പിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. 30-ാം വയസ്സിൽ ശക്തികുളങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള തന്നെ വീണ്ടും മത്സരിപ്പിച്ചത് പാർട്ടിയാണ്, താൻ ഒറ്റയ്ക്ക് എടുത്ത തീരുമാനമല്ല, എന്നുതുടങ്ങി വികാരവായ്പോടെ പ്രസംഗിച്ചശേഷം അനിരുദ്ധൻ വേദിവിട്ടിറങ്ങി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അനിരുദ്ധൻ വഴങ്ങിയില്ല. പുറത്തിറങ്ങിയശേഷം അനിരുദ്ധൻ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളെവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് അവലോകനയോഗത്തിന് മുന്നോടിയായാണ് ജില്ലാ കമ്മിറ്റി ചേർന്നത്.

കേരളത്തിൽ ഇടതുമുന്നണിക്കുണ്ടായ ഏറ്റവും വലിയ തോൽവിയാണ് കൊല്ലത്തേതെന്ന് പിന്നീട് നടന്ന മേഖലാ റിപ്പോർട്ടിങ്ങിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പിനുമുൻപ് താൻ രണ്ടുതവണ കൊല്ലത്ത് വന്നപ്പോഴും വിജയിക്കുമെന്ന റിപ്പോർട്ട് ആണ് ലഭിച്ചത്. അമിത ആത്മവിശ്വാസം അപകടമായി. നേതാക്കളെല്ലാം മത്സരിക്കാൻ തീരുമാനിച്ചതും തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സംസ്ഥാനത്ത് എൽഡിഎഫിന് വോട്ടു കൂടിയെന്നും ഭരണവിരുദ്ധ വികാരമില്ലെന്നുമാണ് റിപ്പോർട്ട് വിലയിരുത്തുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രി കെ.എൻ. ബാലഗോപാൽ, പുത്തലത്ത് ദിനേശൻ എന്നിവരും റിപ്പോർട്ടിങ്ങിൽ പങ്കെടുത്തു.