
നെടുമ്പാശ്ശേരി: വിമാനത്താവളത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം കാലാനുസൃതമായ മാറ്റങ്ങൾ ഭംഗിയായി വിനിയോഗിച്ചു എന്നതാണ് സിയാലിന്റെ വിജയരഹസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 36 ഏക്കറിലുള്ള സിയാൽ എയ്റോ പാർക്കിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിയാലിനെ സമ്പൂർണ ഏവിയേഷൻ ഇക്കോ സിസ്റ്റമാക്കി മാറ്റുകയാണ് ലക്ഷ്യം. ഐടി പാർക്ക് ഉൾപ്പെടുന്ന രണ്ടാംഘട്ടവും എയ്റോ സിറ്റി ഉൾപ്പെടുന്ന മൂന്നാംഘട്ടവും ഉടൻ യാഥാർഥ്യമാകും-മുഖ്യമന്ത്രി പറഞ്ഞു.
കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് ഏതൊരു വികസനത്തിന്റെയും വിജയം. ഏവിയേഷൻ സംബന്ധമായ അറ്റകുറ്റപ്പണികൾ, ട്രെയിനിങ്, ടെക്നിക്കൽ സപ്പോർട്ട് സർവീസുകൾ എന്നിവയ്ക്കായുള്ള പ്രത്യേക മേഖലയായാണ് എയ്റോ പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും എംആർഒ വിഭാഗങ്ങൾക്കും പുറമേ 101 കോടി രൂപയുടെ പുതിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിമാന അറ്റകുറ്റപ്പണികൾ, പാർക്കിങ്, എൻജിൻ സ്റ്റോറേജ്, ട്രെയിനിങ് ഹാളുകൾ, ക്ലാസ്റൂമുകൾ തുടങ്ങിയ സൗകര്യങ്ങൾ പാർക്കിലുണ്ട്.
മാത്രമല്ല, എയ്റോ പാർക്കിൽനിന്ന് എയർപോർട്ട് ഓപ്പറേഷണൽ ഏരിയയിലേയ്ക്കും സിറ്റി സൈഡിലേയ്ക്കും കണക്ടിവിറ്റിയും ഒരുക്കിയിട്ടുണ്ട്. പുതിയ പദ്ധതിയിലൂടെ നേരിട്ട് രണ്ടായിരത്തോളം പേർക്കും അതിന്റെ മൂന്നിരട്ടി പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
പ്രത്യേക സാമ്പത്തികമേഖലയുടെ എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു കേന്ദ്രമായി എയ്റോ പാർക്ക് മാറും.
കഴിഞ്ഞ പത്തുവർഷമായി നടപ്പാക്കിവരുന്ന വികസന കാഴ്ചപ്പാടുകൾ നാടിന്റെ മുഖച്ഛായ മാറ്റുന്നത് എങ്ങനെ എന്നതിന്റെ നേർചിത്രമാണ് സിയാൽ. നാടിന്റെ വ്യവസായ സാമ്പത്തികവളർച്ചയുടെ കരുത്തുറ്റ കേന്ദ്രമാണ് വിമാനത്താവളം എന്ന് സിയാലിലൂടെ കേരളം ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
40,000 ചതുരശ്ര അടിയിൽ 30 കോടി രൂപ ചെലവഴിച്ചു നിർമിച്ച സി.ഐ.എ.എസ്.എൽ. ബിസിനസ് സെന്റർ, എയർസൈഡ് ഓപ്പറേഷൻസിന്റെ സുരക്ഷയ്ക്കായുള്ള 13 കോടിയുടെ ടെക്നിക്കൽ സർവീസസ് ഫെസിലിറ്റി, അഗ്‌നിരക്ഷാസേനാംഗങ്ങൾക്ക് പരിശീലനം നൽകുന്നതിന് രണ്ടുകോടി ചെലവിൽ നിർമിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് ഗാലറി എന്നിവയാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്.
കൂടാതെ, 45 കോടി രൂപ ചെലവിൽ നിർമിക്കുന്ന മൂന്നാമത്തെ ഹാങ്ങർ നിർമാണം പുരോഗമിക്കുകയാണ്. ഇതിനോടൊപ്പം വ്യോമയാന സുരക്ഷാപരിശീലനത്തിനായി എട്ടുകോടി രൂപയുടെ ഏവിയേഷൻ പ്രഷർ-ഫെഡ് ഫയർ ഫൈറ്റിങ് ഫെസിലിറ്റി, ഇന്ത്യയിലാദ്യമായി ഒരു വിമാനത്താവളത്തിനുള്ളിൽ മൂന്നുകോടി രൂപ ചെലവിൽ നിർമിക്കുന്ന അണ്ടർ വാട്ടർ റെസ്‌ക്യു ട്രെയിനിങ് ഫെസിലിറ്റി എന്നിവയുടെ നിർമാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
മന്ത്രി പി. രാജീവ് ചടങ്ങിൽ അധ്യക്ഷനായി. സിയാൽ ഡയറക്ടറും വ്യവസായിയുമായ എം.എ. യൂസഫലി, എം.എൽ.എ.മാരായ അൻവർ സാദത്ത്, റോജി എം. ജോൺ, രാജ്യസഭാ എം.പി. അഡ്വ. ഹാരിസ് ബീരാൻ, ചീഫ് സെക്രട്ടറി ഡോ. ജയതിലക്, അങ്കമാലി മുനിസിപ്പൽ ചെയർപേഴ്സൺ റീത്താപോൾ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി ജോർജ്, സെബാസ്റ്റ്യൻ പോൾ, പ്രിൻസി ഡേവിസ്, അങ്കമാലി മുനിസിപ്പൽ കൗൺസിലർ ടി.വൈ. ഏലിയാസ്, സിയാൽ ഡയറക്ടർമാരായ ഇ.കെ. ഭരത്ഭൂഷൺ, എൻ.വി. ജോർജ്, വർഗീസ് ജേക്കബ്, സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, സി.ഐ.എ.എസ്.എൽ. മാനേജിങ് ഡയറക്ടർ സന്തോഷ് ജെ. പൂവാട്ടിൽ എന്നിവർ പങ്കെടുത്തു.
Content Highlights: Kerala CM Pinarayi Vijayan inaugurates CIAL`s Aero Park, marking a significant step towards a complete aviation ecosystem. Explore new facilities and future expansion plans.
Published: 10 Feb 2026, 07:55 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented