കോട്ടയം: കുര്‍ബാനത്തര്‍ക്കം നിലനില്‍ക്കുന്ന തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി സെയ്ന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ സംഘര്‍ഷത്തില്‍ പോലീസ് കേസെടുത്തു. നാല് വ്യത്യസ്ത എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഫാ. ജോണ്‍ തോട്ടുപുറം, ഫാ. ജെറിന്‍ പാലത്തിങ്കല്‍, രണ്ട് ഇടവകാംഗങ്ങള്‍ എന്നിവരുടെ പരാതിയിലാണ് തലയോലപ്പറമ്പ് പോലീസ് കേസെടുത്തത്.
ദേഹോപദ്രവം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സംഘര്‍ഷത്തിനിടെ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചതായി എഫ്.ഐ.ആറില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ശനിയാഴ്ചയാണ് പള്ളിയില്‍ ഔദ്യോഗികവിഭാഗവും വിമതവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. വികാരി ഫാ. ജെറിന്‍ പാലത്തിങ്കലിന്റെ (42) നേതൃത്വത്തിലുള്ള വിമതസംഘമാണ് ആക്രമിച്ചതെന്ന് ഔദ്യോഗികവിഭാഗം ആരോപിച്ചു. ഫാ. ജോണ്‍ തോട്ടുപുറം വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഫാ. ജോണ്‍ തോട്ടുപുറവും സംഘവും പള്ളിയില്‍ അതിക്രമിച്ചുകയറി കുര്‍ബാന നടത്തിയെന്നും, ഇത് ചോദ്യംചെയ്ത തന്നെയും സംഘത്തെയും ആക്രമിക്കുകയായിരുന്നുവെന്നും കാട്ടി ഫാ. ജെറിന്‍ തലയോലപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
സംഘര്‍ഷത്തിനിടെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതില്‍ പരിക്കേറ്റ ഫാ. ജെറിന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പള്ളിയില്‍ കുര്‍ബാനത്തര്‍ക്കം നിലനിന്നിരുന്നു. നീര്‍പ്പാറ അസീസി കോണ്‍വെന്റിന്റെ ചുമതല വഹിക്കുന്ന ഫാ. ജോണ്‍ തോട്ടുപുറത്തെ പ്രീസ്റ്റ് ഇന്‍ ചാര്‍ജായി കഴിഞ്ഞ ജനുവരി ആറിന് രൂപത നിയമിച്ചു. പള്ളിയില്‍ തിരുനാള്‍ ആയതിനാല്‍ 28-നാണ് ഇദ്ദേഹം ചാര്‍ജെടുത്തത്.
അതിനുമുമ്പായി ഫാ. ജെറിനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും വൈക്കം കോടതിയില്‍ പോയി നിയമനവുമായി ബന്ധപ്പെട്ട് നിരോധന ഓര്‍ഡര്‍ വാങ്ങി. ഫെബ്രുവരി 15-വരെ ഫാ. ജെറിന് വികാരിയായി തുടരാമെന്നും കോടതി ഉത്തരവിട്ടു. ഇത് നിലനില്‍ക്കേ, കുര്‍ബാന വിഷയത്തില്‍ വീണ്ടും തര്‍ക്കമുണ്ടായി. തുടര്‍ന്ന് വൈക്കം ഡിവൈ.എസ്.പി. സിബിച്ചന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി ഇരുകൂട്ടരെയും അനുനയിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 9.30-ഓടെ ഫാ. ജോണ്‍ തോട്ടുപുറത്തിന്റെ നേതൃത്വത്തില്‍ ഒരുസംഘം ആളുകള്‍ പള്ളിയില്‍ അതിക്രമിച്ചുകയറി കുര്‍ബാന നടത്തുകയും ഇരുകൂട്ടരുംതമ്മില്‍ സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നുവെന്നാണ് തലയോലപ്പറമ്പ് പോലീസ് പറയുന്നത്.
Content Highlights: Police have registered four FIRs following the clash in St. Sebastian`s Church, Thalayolaparambu
Published: 02 Feb 2025, 05:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented