തോരാതെ പെയ്ത മഴയിൽ ഉള്ളുലച്ച് ഉരുളെടുത്തവരുടെ ഓർമ്മകളുമായി ഒരിക്കൽക്കൂടി ഉറ്റവരെത്തി. പ്രിയപ്പട്ടവരെ തേടി പൂക്കളും മിഠായികളും തളിർവെറ്റിലയും അങ്ങനെ മണ്ണിൽഉറങ്ങുന്നവർക്ക് പ്രിയപ്പെട്ട പലതും നെഞ്ചിൽചേർത്തു പിടിച്ചാണ് അവർ ഓരോരുത്തരും വന്നത്. ഉരുൾ കാർന്നുതിന്ന ഭൂമിയിൽ കൂറ്റൻ ബോർഡ് പതിച്ച് 'ഉയിരറ്റു പോയെങ്കിലും ഈ മണ്ണിൽ ചിതറിയ ഓർമ്മപ്പൊട്ടുകളാൽ ഉയിരായെന്നും നിങ്ങളുണ്ട്' എന്ന അക്ഷരങ്ങൾ കോറിയിട്ട കൂറ്റൻ ഫ്ലക്സിലെ കുഞ്ഞുചിത്രങ്ങൾ തപ്പിപ്പിടിച്ച് ഉറ്റവരെ തിരഞ്ഞു. കൂപ്പുകൈകളോടെ ചിലർ പൊട്ടിക്കരഞ്ഞു. ചിലർ ഈറൻ കണ്ണുകളടച്ച് ഓർമകളിൽ സ്വയമലിഞ്ഞു.

To advertise here,

പ്രാർത്ഥനകളും പുഷ്പ്പാർചനകളുമായി രാവിലെ മുതൽ നിറഞ്ഞിരിക്കുകയാണ് ഹൃദയ ഭൂമി ജൂലായ്‌ 30.  ഹൃദയഭൂമിയിലേക്ക് കടക്കുന്ന വഴിയിൽ  ഒരുമിച്ച് താമസിച്ച് ഒരു മഴയിൽ പലതായി ചിതറിയവർ അവിടെവെച്ച് ഏറെനാൾകൂടി പരസ്പരം കണ്ടു. അയൽക്കാരായിരുന്നവരെ കാണുമ്പോൾ വിരിയുന്ന പുഞ്ചിരി അതിവേഗം കണ്ണീരാകുന്നുണ്ട് ഈ വഴികളിൽ.  പ്രാർത്ഥനകൾക്ക് ശേഷവും മടങ്ങാതെ അവർ ഇവിടെ തുടരുന്നു. സർവമത പ്രാർത്ഥന നടക്കും. മന്ത്രിമാർ ഉൾപ്പടെ ഉള്ളവർ പ്രാർത്ഥനയിൽ പങ്കെടുക്കും

ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരാണ്ട് തികയുമ്പോൾ, ഊരുപോയവരുടെ വിലാപങ്ങൾ മണ്ണോട് ചേർന്നു കിടപ്പുണ്ട്. ആയുഷ്കാലത്തെ അധ്വാനത്തിലൂടെയുണ്ടാക്കിയ വീടും സമ്പാദ്യവും കൃഷിയിടങ്ങളുമെല്ലാം നഷ്ടമായവർ വാടകവീടുകളിലും ഷെൽട്ടർഹോമിലും ദൈന്യജീവിതം നയിക്കുന്ന കണ്ണീർ കാഴ്ച. നഷ്ടപ്പെട്ടതൊന്നും വീണ്ടെടുക്കാനാകില്ലെന്ന തിരിച്ചറിവു നൽകുന്ന പകപ്പ് അത്ര ചെറുതല്ല. ജീവിതം വീണ്ടും കരുപ്പിടിക്കാനുള്ള പോരാട്ടത്തിൽനിന്ന് അവർക്ക് ഇനിയും കരകയറാനായിട്ടില്ല. വേദനയുടെ മുറിവുകളിൽ നിന്ന് അവർ ഇനിയും മുക്തരാകേണ്ടതുണ്ട്.