കണ്ണൂർ: സിപിഎമ്മിനെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധ നേടിയ ചിത്രലേഖയുടെ കുടുംബം വീണ്ടും കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ. വീട് നിർമ്മാണത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാനാവാത്തതിനെ തുടർന്ന് കണ്ണൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കാണ് ചിത്രലേഖയുടെ വീടിന് ജപ്തി നോട്ടീസ് നൽകിയിരിക്കുന്നത്. ഡിസംബർ 7-നകം വീട്ടിൽ നിന്ന് ഇറങ്ങണമെന്നാണ് ബാങ്കിന്റെ അന്ത്യശാസനം.

To advertise here,

കഴിഞ്ഞ ഒക്ടോബറിൽ അർബുദ ബാധയെത്തുടർന്ന് ചിത്രലേഖ മരിച്ചു. നിലവിൽ ഭർത്താവ് ശ്രീഷ്‌കാന്ത്, മാനസിക വെല്ലുവിളി നേരിടുന്ന മകൻ മനുവും കുടുംബവും ആണ് ഈ വീട്ടിൽ താമസിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാനായി വീടും സ്ഥലവും വിൽക്കാൻ കുടുംബം തയ്യാറാണെങ്കിലും നിയമപരമായ തടസ്സങ്ങൾ തിരിച്ചടിയാവുകയാണ്. സർക്കാർ നൽകിയ പട്ടയം പ്രകാരം 12 വർഷം കഴിയാതെ ഭൂമി കൈമാറ്റം ചെയ്യാൻ സാധിക്കില്ല. വായ്പ തിരിച്ചടയ്ക്കാൻ പ്രത്യേക ഇളവ് നൽകുകയോ സർക്കാർ സഹായം നൽകുകയോ വേണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് സങ്കട ഹർജി നൽകിയിട്ടുണ്ട്.

2016 മാർച്ച് മാസത്തിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ചിത്രലേഖയുടെ 122 ദിവസത്തെ സമരത്തെത്തുടർന്ന് കാട്ടാമ്പള്ളിയിൽ 5 സെന്റ് ഭൂമി അനുവദിച്ചത്.വീട് നിർമ്മിക്കുന്നതിനായി 2016 ഓഗസ്റ്റിൽ ഈ പട്ടയം ഈടുവെച്ച് അർബൻ ബാങ്കിൽ നിന്ന് 5 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. രാഷ്ട്രീയ പകപോക്കലും നിരന്തര ആക്രമണങ്ങളും സാമ്പത്തികമായി തകർത്തുവെന്നാണ് കുടുംബം പറയുന്നത്.