തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും യു.ഡി.എഫ് സർക്കാരിനെതിരെയും വിമർശനങ്ങളുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. കേരളത്തിന്റെ മുഖ്യമന്ത്രി ശിരസ്സിനകത്ത് സൂക്ഷിക്കുന്നത് ‘വിചാരധാര’യാണെന്ന് ചിന്ത ജെറോം ആരോപിച്ചു. തിരുവനന്തപുരത്ത് നടന്ന ഡിവൈഎഫ്ഐ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഓണം പോലെ മലയാളികളുടെ സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും മതസൗഹാർദത്തിന്റെയും ഉത്സവം ആഘോഷിക്കുന്ന വേളയിൽ, മതേതര കേരളത്തിന് വെല്ലുവിളിയുയർത്തുന്ന തരത്തിൽ സർക്കാർ പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിച്ച സംഭവം വലിയ അത്ഭുതമാണുണ്ടാക്കിയതെന്ന് അവർ പറഞ്ഞു. വിചാരധാരയുടെ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ആ പ്രത്യയശാസ്ത്രത്തിന് അനുസൃതമായി പ്രവർത്തിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നതെന്ന് ചിന്ത വിമർശിച്ചു.
സ്വാതന്ത്ര്യദിനാഘോഷ വേളയിൽ എ.ഐ.സി.സി ഓഫീസിൽ വന്ദേമാതരം ആലപിക്കുന്നത് തടയാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ‘സ്റ്റോപ്പ്, സ്റ്റോപ്പ്’ എന്ന് പറഞ്ഞ് കഷ്ടപ്പെടുന്നത് കണ്ടു. എന്നാൽ, അവിടേക്ക് ക്വയർ സംഘത്തെ വിട്ടത് കേരളത്തിൽനിന്ന് വി.ഡി സതീശൻ ആവാനാണ് സാധ്യതയെന്നും ചിന്ത പറഞ്ഞു.
യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ വലിയ ബന്ധമാണുള്ളത്. അവർ, അനിയൻബാവയും ചേട്ടൻബാവയും പോലെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. നരേന്ദ്രമോദി സ്വീകരിക്കുന്നതിനേക്കാൾ തീവ്രമായ നയങ്ങൾ, വർഗീയ നിലപാടുകൾ എന്നിവ കേരളത്തിനകത്ത് നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മൂന്നുമാസം കൊണ്ടുതന്നെ ഈ സർക്കാരിന്റെ രീതി നാട് തിരിച്ചറിഞ്ഞിട്ടുണ്ട്. നാളെ പ്രോട്ടോക്കോൾ ആയി സർക്കാർ പരിപാടികളിൽ ഗണഗീതം പാടണമെന്ന് പറഞ്ഞാൽ അതും ചെയ്യാൻ മടിയില്ലാത്ത സർക്കാരാണ് കേരളത്തിലേതെന്നും ചിന്ത ആരോപിച്ചു.
തങ്ങൾ ഉയർത്തിപ്പിടിക്കുന്നത് ഭരണഘടനാ ശില്പികളെയാണെന്നും ചിന്ത പറഞ്ഞു. ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിന് നേതൃത്വം നൽകിയ രാജ്യസ്നേഹികളായ മതനിരപേക്ഷവാദികളുടെ ചിത്രങ്ങളാണ് തങ്ങൾ ഉയർത്തിപ്പിടിക്കുന്നത്. ഭഗത് സിങ്ങിനെ പോലുള്ള പോരാളികളുടെ പോരാട്ടവീര്യമാണ് തെരുവിലിറങ്ങി പോരാടാനുള്ള ഊർജം പകർന്നുനൽകുന്നത്. മഹാത്മാ ഗാന്ധിജിയുടെ ആശയം ഉൾക്കൊണ്ടുകൊണ്ടാണ് സമരം ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു. സർക്കാർ ഇനിയും ഈ സമീപനം തുടർന്നാൽ കേരളത്തിന്റെ തെരുവോരങ്ങൾ കാണാൻ പോകുന്നത് സമാനതകളില്ലാത്ത പോരാട്ടങ്ങളായിരിക്കുമെന്ന് ചിന്ത മുന്നറിയിപ്പ് നൽകി. അതിന് യുഡിഎഫ് സർക്കാരും പോലീസും തയ്യാറായിരിക്കണമെന്നും അവർ പറഞ്ഞു.
Content Highlights: Chintha Jerome criticized opposition leader VD Satheesan at a DYFI conference in Thiruvananthapuram., Alleged ideological alignment between the UDF government and communal forces., Warned of severe protests across Kerala if current policies continue.
Published: 31 Aug 2026, 04:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented