തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിലും പുനരധിവാസ പ്രവർത്തനങ്ങളിലും സർക്കാർ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിലാണ് വയനാട് വിഷയം ചർച്ചയ്ക്ക് എടുത്തത്. പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിൽ വേണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ വിമർശിക്കുകയും ചെയ്തു.
തിരച്ചിലിലും പുനരധിവാസ പ്രവർത്തനങ്ങളിലും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അറിയിച്ച മുഖ്യമന്ത്രി ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തു. മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ്. ദുരന്ത ബാധിതരായ 794 കുടുംബങ്ങളെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വാടകയ്ക്ക് താമസ സൗകര്യം കണ്ടെത്തുകയും 28 ദിവസത്തിനുള്ളിൽ അവരെ മാറ്റി താമസിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
ദുരന്തത്തിന്റെ ഭാഗമായി കേടുപാടുകൾ സംഭവിച്ച രണ്ട് സ്‌കൂളുകളും മേപ്പാടിയിൽ താത്കാലികമായി തുറന്നിട്ടുണ്ട്. ദുരന്ത മേഖലയിലെ 607 വിദ്യാർഥികളെ സ്‌കൂളുകളിൽ തിരികെ എത്തിക്കാനും സാധിച്ചിട്ടുണ്ട്. ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതരായ 131 കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. എസ്.ഡി.ആർ.എഫിൽ നിന്ന് നാലുലക്ഷവും സി.എം.ഡി.ആർ.എഫിൽ നിന്ന് രണ്ടുലക്ഷവും ഉൾപ്പെടെയാണ് ഈ ആറുലക്ഷം രൂപ. ഈ ഇനത്തിൽ എസ്.ഡി.ആർ.എഫിൽ നിന്ന് 5.24 കോടി രൂപയും സി.എം.ഡി.ആർ.എഫിൽ നിന്ന് 2.52 കോടി രൂപയും ചിലവായിട്ടുണ്ട്.
173 പേരുടെ ശവസംസ്‌കാര ചടങ്ങുകൾക്കായി കുടുംബങ്ങൾക്ക് 10000 രൂപ വീതം നൽകിട്ടുണ്ട്. ദുരന്തത്തിൽ പരിക്കേറ്റ് ഒരാഴ്ചയിൽ അധികം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 26 പേർക്കായി 17.16 ലക്ഷം രൂപ സഹായമായി നൽകിയിട്ടുണ്ട്. ഒരാഴ്ചയിൽ താഴെ മാത്രം ആശുപത്രിയിൽ കഴിഞ്ഞ എട്ടുപേർക്ക് 4.43 ലക്ഷം രൂപയാണ് ചികിത്സ ചിലവിനായി നൽകിയതെന്നും ദുരന്തബാധിതരായ 1013 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ടൗൺഷിപ്പിന്റെ മാസ്റ്റർ പ്ലാൻ അന്തിമമാക്കിയ ശേഷം വീടുകളും മറ്റും വാഗ്ദാനം ചെയ്തിട്ടുള്ള ആളുകളുമായി ചർച്ചകൾ സംഘടിപ്പിച്ച് പ്രായോഗികമായ നടപടികൾ സ്വീകരിക്കും. പുനരധിവാസ പ്രവർത്തനങ്ങൾക്കായി മറ്റ് സംസ്ഥാനങ്ങളും ധനസഹായം നൽകിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് 10 കോടി, തമിഴ്‌നാട്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ അഞ്ചുകോടി വീതം, മേഘാലയ 1.35 കോടി, കർണാടക വെച്ച് നൽകാമെന്ന ഉറപ്പുനൽകിയിട്ടുള്ള വീടുകൾക്ക് പുറമെ, ഒരു കോടി രൂപ നൽകാമെന്നും പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlights: Chief minister Pinarayi Vijayan explanation about wayanad rehabilitation process
Published: 14 Oct 2024, 03:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented