ആലപ്പുഴ: പക്ഷിപ്പനിഭീതി കോഴിയിറച്ചിവിപണിയിൽ വൻ തിരിച്ചടിയായി. രോഗഭീതിയിൽ ഉപഭോക്താക്കൾ കോഴിയിറച്ചി വാങ്ങുന്നത് കുറച്ചതോടെ ഫാമുകളിലും മൊത്തവിപണിയിലും വില ഇടിഞ്ഞു. ഒരാഴ്ചകൊണ്ട് കിലോയ്ക്ക് 20 രൂപയോളമാണ് കുറഞ്ഞത്. 145-150 രൂപയായിരുന്ന കോഴിയിറച്ചിയുടെ വില ഇപ്പോൾ 125-130 രൂപയായി താഴ്ന്നു. വിലയിടിവ് കർഷകരെയും ഇറച്ചിവ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു.

To advertise here,

സാധാരണക്കാർ കോഴിയിറച്ചി വാങ്ങുന്നതിൽനിന്നു വിട്ടുനിൽക്കുകയോ അളവു കുറയ്ക്കുകയോ ചെയ്യുന്നുണ്ട്. കൂടാതെ, ഹോട്ടൽഭക്ഷണങ്ങളിൽനിന്നു കോഴിവിഭവങ്ങൾ വാങ്ങുന്നതും കുറഞ്ഞിട്ടുണ്ട്. ബ്രോയിലർ കോഴികളുടെ ഫാം വിലയിലും ഇടിവുണ്ടായിട്ടുണ്ട്. കിലോഗ്രാമിന് അഞ്ചുമുതൽ പത്തുവരെ രൂപ കുറഞ്ഞതായാണ് കർഷകർ പറയുന്നത്.

നാമക്കലിൽ പക്ഷിപ്പനി ഭീതി; മുട്ടവിപണിയിലും തിരിച്ചടി

തമിഴ്നാട്ടിലെ പ്രധാന കോഴി-മുട്ട ഉത്പാദനകേന്ദ്രമായ നാമക്കലിൽ പക്ഷിപ്പനിഭീതി വ്യാപിച്ചത്‌ കേരളത്തിലെ വിപണിയെ ബാധിക്കുമെന്ന ആശങ്കയുണ്ട്. കടലൂർ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ നാമക്കലിൽനിന്നുള്ള മുട്ട കയറ്റുമതിയും പ്രതിസന്ധിയിലായി.

പക്ഷിപ്പനി വ്യാപനം തടയുന്നതിനായി തമിഴ്നാട്-കേരള അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. കോഴി, മുട്ട, കോഴിത്തീറ്റ എന്നിവയുമായി എത്തുന്ന വാഹനങ്ങളുടെ പരിശോധനയും അണുനാശനവും ഉൾപ്പെടെയുള്ള മുൻകരുതലുകൾക്ക് പ്രാധാന്യം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ക്രിസ്മസ് വിപണി പ്രതിസന്ധിയിൽ

ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് കോഴികളെ വളർത്തിയ കർഷകരെയാണ് പക്ഷിപ്പനി ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഉത്സവകാലത്ത് വില ഉയരുമെന്നും വിൽപ്പന വർധിക്കുമെന്നും പ്രതീക്ഷിച്ച് കൂടുതൽ കോഴികളെ വളർത്തിയിരുന്ന കർഷകർക്കാണ് തിരിച്ചടിയായത്. തീറ്റച്ചെലവു വർധിക്കുന്നതിനിടെ വില താഴ്ന്നത് ഉത്പാദനച്ചെലവുപോലും തിരിച്ചുപിടിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നു.

കോഴിയിറച്ചി വിൽപ്പന കുറഞ്ഞതോടെ കടകളിൽ എത്തിക്കുന്ന കോഴികളുടെ എണ്ണം കുറയ്ക്കേണ്ടിവന്നു. ജീവനക്കാരുടെ വേതനം, കടവാടക, വൈദ്യുതിച്ചെലവ് തുടങ്ങിയ പതിവുചെലവുകൾ വഹിക്കാനും ബുദ്ധിമുട്ടാകുന്നു.