
തിരുവനന്തപുരം: സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ ആഞ്ഞടിച്ച് എൽ.പി.എസ്.ടി. സമരസമിതി സെക്രട്ടറി എസ്. വളർമതി. വിമോചനസമരക്കാലത്തെ 'തമ്പ്രാനെന്ന് വിളിപ്പിക്കും, പാളയിൽ കഞ്ഞി കുടിപ്പിക്കും' എന്ന മുദ്രാവാക്യശൈലിയിലാണ് യു.ഡി.എഫ്. സർക്കാർ പ്രവർത്തിക്കുന്നതെന്ന് അവർ പറഞ്ഞു. സമരം 142 ദിവസം പിന്നിടുമ്പോഴാണ് സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. എൽ.പി.എസ്.ടി.ക്കാരുടെ പ്രശ്നങ്ങൾ സർക്കാർ കേൾക്കാത്തത് ദൗർഭാഗ്യകരമാണ്. താൻ നിരാഹാരസമരം തുടങ്ങിയിട്ട് 30 ദിവസമായി.
പണ്ട് നിരാഹാരസമരം അവലംബിച്ച പ്രസ്ഥാനത്തിലുള്ളവരാണ് ഇന്ന് ഭരണസിരാകേന്ദ്രത്തിൽ ഇരിക്കുന്നത്. എന്നിട്ടും ഉദ്യോഗാർഥികളുടെ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കുന്നില്ല. ഞങ്ങളുടെ പ്രശ്നം പരിഹരിക്കാൻ മാത്രമേ സർക്കാരിന് സാമ്പത്തികബാധ്യതയുള്ളൂ.
അനുപാതം കുറയ്ക്കുമ്പോൾ 50 കോടിയുടെ ബാധ്യതയുണ്ടാകുമെന്ന് ഒരു ദിവസം സർക്കാർ പറയുന്നു. അടുത്ത ദിവസം 400 കോടിയുടെ ബാധ്യതയുണ്ടെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. മന്ത്രിമാർക്ക് ആഡംബരം നടത്താൻ കാശ് ചെലവാക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല.
ഇത്രയും നാൾ നിരാഹാരം കിടത്തി തന്റെ ആരോഗ്യസ്ഥിതി വഷളാക്കി. മരണത്തിലേക്ക് തള്ളിവിട്ടാലും സമരത്തിൽനിന്ന് ഒരടി പിന്നോട്ടുപോകില്ല. ഇനി ചർച്ച വേണ്ട, പരിഹാരമാണ് കാണേണ്ടതെന്നും വളർമതി പറഞ്ഞു.
സമരത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ – മറുപക്ഷം
തിരുവനന്തപുരം: സമരത്തിന് പിന്നിൽ മറ്റ് രാഷ്ട്രീയലക്ഷ്യങ്ങളെന്ന് എൽ.പി.എസ്.ടി. സമരത്തിനെതിരേയുള്ള വിഭാഗം. ജോലി കിട്ടണമെന്ന രീതിയിലല്ല സമരം ഇപ്പോൾ മുന്നോട്ടുപോകുന്നതെന്ന് വിവിധ ജില്ലകളിൽനിന്നുള്ള എൽ.പി.എസ്.ടി. റാങ്ക് ഹോൾഡർമാർ പങ്കെടുത്ത പത്രസമ്മേളനത്തിൽ പറഞ്ഞു.
സമരസമിതി ഉന്നയിച്ച നാല് ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. നിലവിൽ പുതിയ ആവശ്യങ്ങളുമായാണ് എൽ.പി.എസ്.ടി.ക്കാർ സമരം ചെയ്യുന്നത്.
റാങ്ക് ലിസ്റ്റിലുള്ള അവസാനത്തെയാളും ജോലിയിൽ പ്രവേശിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ എനിക്ക് ജോലി കിട്ടിയില്ലെങ്കിൽ വേറെയാർക്കും ജോലി കിട്ടേണ്ട എന്നതാണ് സമരക്കാരുടെ നിലപാട്. അംഗീകരിച്ച നാല് ആവശ്യങ്ങൾ സമരസമിതി വേണ്ടെന്ന് വെക്കുകയാണെന്ന് എൽ.പി.എസ്.ടി. ഉദ്യോഗാർഥി അജ്മൽ ആരോപിച്ചു.
Published: 24 Nov 2026, 07:14 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented