പക്ഷിപ്പനിക്കെതിരായി ആദ്യത്തെ തദ്ദേശീയ വാക്സിൻ വികസിപ്പിച്ച് ഇന്ത്യ. കോഴികളിലും താറാവുകളിലുമൊക്കെ വ്യാപിക്കുന്ന രോഗത്തെ പിടിച്ചുകെട്ടുന്നതിന്റെ ഭാഗമായാണ് പുതിയ ചുവടുവെപ്പ്. നവംബർ ഇരുപതിന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ വാക്സിൻ രാജ്യത്തിന് സമർപ്പിക്കും. ഭോപ്പാൽ ആസ്ഥാനമായുള്ള ICAR-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് (NIHSAD) ആണ് വാക്സിൻ വികസിപ്പിച്ചത്. H5N1 വകഭേദത്തിൽ നിന്ന് കോഴികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണിത്.

To advertise here,

ഇതുവരെ രാജ്യത്ത് എച്ച്5എൻ1 വൈറസിനെതിരെ പ്രത്യേകമായ തദ്ദേശീയ വാക്സിനുകൾ ലഭ്യമല്ല. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങി രാജ്യത്തിന്റെ പലഭാഗങ്ങളിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ ഇടപെടൽ. നിലവിൽ കൂട്ടത്തോടെ പക്ഷികളെ കൊന്ന് രോഗവ്യാപനം തടയിടുകയാണ് ചെയ്യാറുള്ളത്. ഇത് കർഷകർക്ക് വലിയ നഷ്ടത്തിനും ഇടയാക്കുന്നുണ്ട്. അതേസമയം എന്നായിരിക്കും വാക്സിൻ വിൽപനയ്ക്കെത്തുക എന്നതുസംബന്ധിച്ച സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

മരണസാധ്യത കൂടുതലുള്ള എച്ച്5എൻ1 വൈറസ്, കോവിഡ്-19 വൈറസിനേക്കാൾ നൂറുമടങ്ങ് അപകടകാരിയെന്നാണ് വിദഗ്ധർ പറയുന്നത്. പക്ഷിപ്പനി ബാധിക്കുന്നതിൽ പകുതിപേരും മരിക്കുന്നതായാണ് 2003 മുതലുള്ള ഡബ്ലു.എച്ച്.ഒ. കണക്കുകൾ സൂചിപ്പിക്കുന്നത്. കണക്കനുസരിച്ച് ലോകത്താകെ ഇതുവരെ 1003 പേർക്കാണ് പക്ഷിപ്പനി ബാധിച്ചിട്ടുള്ളത്. അതിൽ 479 പേർ മരിച്ചതായാണ് റിപ്പോർട്ട്.

പക്ഷിപ്പനി; അറിയേണ്ടത്

പക്ഷികളെ ബാധിക്കുന്നതും അവയിൽ നിന്ന് മനുഷ്യരിലേക്ക് പകരാനും സാധ്യതയുള്ള വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്‌ളുവൻസ. കോഴികൾ, താറാവുകൾ, കാടകൾ, ടർക്കികൾ, വാത്തകൾ, പ്രാവുകൾ, ഓമനപ്പക്ഷികൾ എന്നിവ വഴിയാണ് രോഗം പകരുന്നത്. ദേശാടനപ്പക്ഷികൾ, കാട്ടുതാറാവുകൾ അടക്കമുള്ള വന്യ-ജല പക്ഷികളിലും അണുക്കൾ കണ്ടുവരുന്നുണ്ട്. ഇവ രോഗവാഹകരാവുകയാണ് ചെയ്യാറുള്ളത്. ഇവയുടെ വിസർജ്യം വഴി അന്തരീക്ഷത്തിലും പരിസരങ്ങളിലും അണുക്കൾ പ്രവേശിക്കുന്നു. ഇതുവഴി വളർത്തുപക്ഷികൾക്ക് രോഗം പടരും. താട, പൂവ് എന്നിവയുടെ നീലനിറം, പച്ചകലർന്ന മലത്തോടുകൂടിയ വയറിളക്കം, മൂക്കിൽനിന്ന് രക്തം കലർന്ന സ്രവം, കാലുകളിലും പാദങ്ങളിലും ചുവപ്പുനിറം, ഭക്ഷണക്കുറവ്, തല തറയിൽ തൊട്ടുനിൽക്കുക, നടക്കുമ്പോൾ വീഴാൻപോകുക, ശ്വാസതടസ്സം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. പ്രകടമായ ലക്ഷണങ്ങൾ കാണിക്കുന്നതിനുമുമ്പ് പക്ഷികൾ കൂട്ടത്തോടെ ചാകും.

രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികൾ എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നത്. പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് ഇത് ചില സാഹചര്യങ്ങളിൽ പകരാറുണ്ട്. എന്നാൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവാണ്. എന്നാൽ ജനിതകവ്യതിയാനമോ മറ്റോ മൂലം ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന തരത്തിലേക്ക് മാറിയാൽ അത് വലിയ അപകടമുണ്ടാക്കും. 1997 ൽ ചൈനയിലാണ് ആദ്യമായി പക്ഷിപ്പനിയുടെ വൈറസ് മനുഷ്യനിലേക്ക് പകരുന്നത്. സാധാരണ ഇൻഫ്ലുവൻസ വൈറസ് ബാധിച്ചാൽ ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ തന്നെയാണ് മനുഷ്യരിലും ഉണ്ടാവുക. പനി, ജലദോഷം, തലവേദന, ഛർദി, വയറിളക്കം, ശരീരവേദന, ചുമ, തൊണ്ടവേദന, ക്ഷീണം എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ. വളരെ പെട്ടെന്നു തന്നെ ന്യുമോണിയ പോലുള്ള കടുത്ത ശ്വാസകോശ രോഗങ്ങൾക്കും കാരണമാകാം.

ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും

രോഗബാധയുണ്ടെന്നു സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവർ കയ്യുറ, മാസ്‌ക്, എന്നിവ ധരിക്കുകയും കൈകൾ കൃത്യമായി സോപ്പും വെള്ളവും ഉപയോഗിച്ച് അടിക്കടി കഴുകുകയും ചെയ്യണം. പനി ബാധിച്ചാൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുകയും വിദഗ്ധ ചികിത്സ തേടുകയും ചെയ്യണം.

ചത്തുപോയ പക്ഷികൾ, അവയുടെ മുട്ട, കാഷ്ടം തുടങ്ങിയവ ആഴത്തിൽ കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം

രോഗം ബാധിക്കാത്ത സ്ഥലങ്ങളിലെ പക്ഷികളുടെ ഇറച്ചി നന്നായി വേവിച്ച് കഴിക്കാവുന്നതാണ്, മുട്ട പുഴുങ്ങിയും കഴിക്കാം. എന്നാൽ പകുതി പുഴുങ്ങി കഴിക്കുന്നത് ഒഴിവാക്കണം

ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ ദേശാടനക്കിളികളെയോ അവയുടെവിസർജ്യമോ ഒക്കെ കൈകാര്യം ചെയ്യേണ്ടി വന്നാൽ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കണം. രോഗത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്ന്‌ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള രോഗംബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറയും മുഖാവരണവും ധരിക്കണം.

കോഴിമാംസം കൈകാര്യം ചെയ്യുന്നതിനു മുൻപും ശേഷവും സോപ്പുപയോഗിച്ചു കൈ കഴുകണം. നന്നായി പാചകംചെയ്തുമാത്രം മാംസവും മുട്ടയും ഉപയോഗിക്കുക. ബുൾസ് ഐ പോലുള്ളവ ഒഴിവാക്കുക.

അസാധാരണമാംവിധം പക്ഷികളുടെ/ദേശാടനപ്പക്ഷികളുടെ മരണം ശ്രദ്ധയിൽപ്പെട്ടാൽ മൃഗസംരക്ഷണ വകുപ്പിൽ അറിയിക്കണം.

പക്ഷികളെ കൈകാര്യംചെയ്തശേഷം ശാരീരിക അസ്വസ്ഥത തോന്നിയാൽ ഡോക്ടറെ കാണണം. വ്യക്തിശുചിത്വം പാലിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

ശുചീകരണത്തിനായി രണ്ടുശതമാനം സോഡിയം ഹൈഡ്രോക്സൈഡ് ലായനി, പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാം.