ഒരു കിലോ ബസ്മതി അരിക്ക് ശരാശരി 16.62 ദിര്‍ഹവും അഞ്ച് കിലോ പാക്കറ്റിന് 45.53 ദിര്‍ഹവുമാണ് വില.

അബുദാബി: ഓഗസ്റ്റ് മാസത്തിലെ അവശ്യസാധനങ്ങളുടെ ശരാശരി വിലനിലവാരവും രാജ്യത്തെ വിപണികളിലെ ഏറ്റവും കുറഞ്ഞ നിരക്കുകളും പുറത്തുവിട്ട് യു.എ.ഇ സമ്പദ്വ്യവസ്ഥ- വിനോദസഞ്ചാര മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള 'എസൻഷ്യൽ ഗുഡ്സ് പ്രൈസ് പ്ലാറ്റ്ഫോം' വഴി 13 പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് വിവരങ്ങൾ ശേഖരിച്ചത്. വിപണിയിലെ സുതാര്യത ഉറപ്പുവരുത്താനും അനാവശ്യ വിലക്കയറ്റം തടയാനും കൃത്യമായ വിവരങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഡിജിറ്റൽ സംവിധാനത്തിലൂടെ ഈ പ്രതിമാസ വിലപരിശോധന നടത്തുന്നത്. അരി, ഗോതമ്പ് പൊടി, എണ്ണ, മുട്ട, പാൽ, കോഴിയിറച്ചി, അപ്പം, പഞ്ചസാര തുടങ്ങിയ 33 അവശ്യവസ്തുക്കളുടെ ഓഗസ്റ്റ് മാസത്തിലെ വിലവിവരങ്ങളാണ് പുറത്തുവിട്ടത്.
ഒരു കിലോ ബസ്മതി അരിക്ക് ശരാശരി 16.62 ദിർഹവും അഞ്ച് കിലോ പാക്കറ്റിന് 45.53 ദിർഹവുമാണ് വില. ഒരു കിലോ ഗോതമ്പ് പൊടിക്ക് 7.76 ദിർഹവും രണ്ട് കിലോയ്ക്ക് 12.26 ദിർഹവുമാണ് നിരക്ക്. അരലിറ്റർ ഫ്രഷ് പാക്കറ്റ് പാലിന് 3.91 ദിർഹവും ഒരു ലിറ്ററിന് 9.46 ദിർഹവുമാണ് ശരാശരി വില. 30 മുട്ട അടങ്ങിയ കോഴിമുട്ട പാക്കറ്റിന് 22.97 ദിർഹവും (വെള്ള) 23.05 ദിർഹവുമാണ് (തവിട്ട്) നിരക്ക്. ഒരു കിലോ കോഴിയിറച്ചിക്ക് ശരാശരി 22.97 ദിർഹവും 800 ഗ്രാമിന് 18.94 ദിർഹവുമാണ് വില.
ഒരു കിലോ പഞ്ചസാരയ്ക്ക് 8.75 ദിർഹവും രണ്ട് കിലോയ്ക്ക് 10.94 ദിർഹവുമാണ് നിരക്ക്. ഒന്നര ലിറ്റർ കൊൺ ഓയിലിന് 24.92 ദിർഹവും ഒരു ലിറ്റർ കനോല ഓയിലിന് 15.86 ദിർഹവും ഒരു ലിറ്റർ സൺഫ്‌ലവർ ഓയിലിന് 19.31 ദിർഹവുമാണ് ശരാശരി വില. പരിശോധനയിൽ വിവിധ സൂപ്പർമാർക്കറ്റുകളിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കുകളും മന്ത്രാലയം വ്യക്തമാക്കി. തൈര് 170 ഗ്രാമിന് 1.42 ദിർഹം, ഫ്രഷ് പാൽ 500 ലിറ്ററിന് 3.22 ദിർഹം, വെള്ള കടല (500 ഗ്രാമിന്) 3.24 ദിർഹം, വൈറ്റ് ബ്രെഡ് (600ഗ്രാം) 4.47 ദിർഹം, ഫാവ ബീൻസ് (450 ഗ്രാം) 4.93 ദിർഹം എന്നിങ്ങനെയാണ് നിരക്ക്.
ഉപഭോക്താക്കൾക്ക് വിപണിയിലെ വിലവ്യതിയാനങ്ങൾ മനസ്സിലാക്കാനും അനുയോജ്യമായ നിരക്കുകളിൽ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനും മന്ത്രാലയത്തിന്റെ ഈ ഡിജിറ്റൽ നിരീക്ഷണ സംവിധാനം വലിയ രീതിയിൽ സഹായകരമാകുന്നുണ്ട്.
Published: 17 Sept 2026, 06:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented